സംഗീത് കുന്നിന്മേല്
‘കഥയില്ലാത്തൊരു കഥ’
‘കഥയില്ലാത്തൊരു കഥയാണിത്… ‘ എന്നു തുടങ്ങുന്ന ‘സിനിമാല’യുടെ ടൈറ്റില്‍ സോങ്ങ് ആണ് ചിത്രം കണ്ടിറങ്ങിയപ്പോള്‍ മനസ്സിലേക്കോടിയെത്തിയത്. അത് സിനിമാലയിലെ താരവും ചിത്രത്തില്‍ ഉണ്ടായിരുന്നതു കൊണ്ടാണോ, അതോ കഥയ്ക്ക് പ്രാധാന്യം കൊടുക്കാത്ത സിനിമ ആയിരുന്നത് കൊണ്ടാണോ എന്നൊന്നും അറിയില്ല. പോലീസുമായി ബന്ധപ്പെട്ട കുറച്ച് ചെറുകഥകള്‍ യോജിപ്പിച്ച് നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഒരൊറ്റ സിനിമയാക്കിയാല്‍ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരമാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം. ഒരു കഥയിലോ പ്രമേയത്തിലോ ഊന്നിയല്ല ഒരുപാട് ഉപകഥകളിലൂടെയാണ് ചിത്രത്തിന്റെ പോക്ക് എന്നുള്ളത് തന്നെയാണ് സിനിമയുടെ പ്രത്യേകതയും പരിമിതിയും. വിദേശ സിനിമകളുടെ കഥാവതരണ രീതിയാണ് സംവിധായകന് ചിത്രത്തില്‍ അവലംബിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കാമ്പുള്ള കഥകള്‍ ഇഷ്ടപ്പെടുന്ന മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഈ ചിത്രം എത്രത്തോളം ദഹിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മലയാളസിനിമയിലെ പരീക്ഷണ ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന ഒരു സെമി റിയലിസ്റ്റിക് സിനിമയാണിത്.
‘എ റൈഡ് വിത്ത് എ പോലീസ് ഓഫീസര്‍’ എന്നുള്ള ചിത്രത്തിന്റെ ടാഗ് ലൈനിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നുണ്ട് ചിത്രം. ബിജു പൗലോസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തില്‍ ഒരു മാസത്തിനിടെ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നമ്മള് അടുത്ത കാലത്ത് പത്രത്തിലൂടെയും ചാനലുകളിലൂടെയുമെല്ലാം കേട്ട പല സംഭവവികാസങ്ങളും സിനിമയുടെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. കഥയുടെ വലിയൊരു ഭാഗവും നടക്കുന്നത് പോലീസ് സ്റ്റേഷനകത്ത് വച്ച് തന്നെയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘര്‍ഷങ്ങളും, മദ്യം, മയക്കുമരുന്ന്, അക്രമം തുടങ്ങിയവയ്ക്കെതിരായ സന്ദേശവുമെല്ലാം ചിത്രത്തിന്റെ ഭാഗമാവുന്നു.
‘ചെറിയ റോളുകളില്‍ വലിയ കയ്യടി നേടിയവര്‍’
സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്ന് അഭിനയിച്ച നിവിന്‍ പോളി തന്റെ റോള്‍ മോശമാക്കിയില്ല. തീര്‍ത്തും അപ്രധാനമായ റോള്‍ ആയിരുന്നു നായികയായ അനു പൌലോസിന്റേത്. പ്രധാന താരങ്ങളേക്കാള്‍ മികച്ച അഭിനയം കാഴ്ച വെച്ചതും കയ്യടി നേടിയതും ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തവരായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഒന്നോ രണ്ടോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട സുരാജ് വെഞ്ഞാറമ്മൂടും, മേഘനാഥനും, വിന്ദുജാ മേനോനും, മദ്യപാനിയായി അഭിനയിച്ച ആളുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഒട്ടേറെ പുതുമുഖങ്ങള്‍ ഈ ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറി എന്നതും മറ്റൊരു സവിശേഷതയാണ്.
‘ക്രിക്കറ്റ് കളിക്കാരനില്‍ നിന്നും പോലീസുകാരനിലെത്തുമ്പോള്’
ക്രിക്കറ്റ് പശ്ചാത്തലമാക്കി ഒരുക്കിയ ‘1983’ ആയിരുന്നു എബ്രിഡ് ഷൈനിന്റെ ആദ്യ ചിത്രം. നിവിന്‍ പോളി തന്നെ ആയിരുന്നു ആ ചിത്രത്തിലും നായകന്. ആദ്യ സിനിമയോളം മനോഹാരിത രണ്ടാമത്തെ സിനിമയ്ക്കില്ലെങ്കിലും ഒരു സംവിധായകന് എന്ന നിലയില്‍ എബ്രിഡ് ഷൈനിനുണ്ടായ വളര്‍ച്ച കാണിച്ചു തരുന്നുണ്ട് ഈ ചിത്രം. മുഹമ്മദ് ഷഫീഖിനൊപ്പം സംവിധായകന് കൂടി ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയുടെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണിത്.
‘പനിനീര്‍പൂക്കളുമായി ജെറി അമല്‍ദേവ് ‘
മലയാള സിനിമയുടെ സുവര്‍ണ്ണകാലത്ത് ഒരുപിടി നല്ല ഗാനങ്ങള്‍ സംഗീതപ്രേമികള്‍ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് ജെറി അമല്‍ദേവ്. സിനിമാലോകത്തേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങി വരവിന് വഴിയൊരുക്കിയതില്‍ എബ്രിഡ് ഷൈനിന് അഭിമാനിക്കാം. സിനിമയുമായി ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നവയായിരുന്നു പാട്ടുകള്‍. ഗാനഗന്ധര്വ്വന് യേശുദാസും വാണി ജയറാമും ചേര്‍ന്ന് പാടിയ ‘പൂക്കള്‍…പനിനീര് പൂക്കള്‍…’ എന്ന് തുടങ്ങുന്ന ഗാനം കണ്ണിനും കാതിനും ഒരുപോലെ സുഖം പകരുന്നവയായിരുന്നു. രാജേഷ് മുരുഗേശന്റെ പാശ്ചാത്തല സംഗീതവും മോശമായില്ല.
Post Your Comments