സംസ്കൃത ഭാഷയില്‍ ഇതുവരെ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളെ കുറിച്ച് ഒരു പഠനം: സംഗീത് കുന്നിന്മേല്‍

ആദി ശങ്കരാചാര്യ (1983), ഭഗവത് ഗീത (1993) എന്നിവ കൂടാതെ നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം പ്രിയമാനസം, ഇഷ്ടി എന്നീ പേരുകളില്‍ രണ്ടു സംസ്കൃത ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങാൻ പോവുകയാണ്.

സംഗീത് കുന്നിന്മേൽ
ആഗോളതലത്തിൽ തന്നെ പ്രശസ്തിയാർജ്ജിച്ച ഭാഷയാണ്‌ സംസ്കൃതം. എന്നാൽ കർണ്ണാടാകയിലെ മത്തൂർ പോലെയുള്ള ചില ഗ്രാമങ്ങളിൽ ഒഴികെ ലോകത്തൊരിടത്തും ആശയവിനിമയത്തിനുള്ള ഭാഷയായി സംസ്കൃതം ഉപയോഗിക്കുന്നില്ല. സംസ്കൃതം ഉപയോഗിക്കുന്നവരുടെ എണ്ണം മറ്റു ഭാഷകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തെ അപേക്ഷിച്ച് വിരളമായതിനാൽ സംസ്കൃതഭാഷയിൽ ഒരു ചലച്ചിത്രം നിർമ്മിക്കുക എന്നത് ഏറെ ദുഷ്കരമായ ഒരു കാര്യമാണ്. എങ്കിലും ഈ ബുദ്ധിമുട്ടുകളെയെല്ലാം തരണം ചെയ്ത് രണ്ട് സംസ്കൃത ചലച്ചിത്രങ്ങൾ ഭാരതത്തിൽ പിറവികൊണ്ടിട്ടുണ്ട്. ആദി ശങ്കരാചാര്യ (1983), ഭഗവത് ഗീത (1993) എന്നിവയാണ് ആ ചിത്രങ്ങൾ. നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം പ്രിയമാനസം, ഇഷ്ടി എന്നിങ്ങനെ രണ്ട് സംസ്കൃത ചലച്ചിത്രങ്ങൾ പുറത്തിറങ്ങാൻ പോവുകയാണ്. കൂടാതെ പുണ്യകോടി എന്ന് പേരായ ഒരു അനിമേഷൻ സിനിമയുടെ അണിയറപ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.

ആദി ശങ്കരാചാര്യ(1983)
സംസ്കൃതഭാഷയിൽ പിറവികൊണ്ട ആദ്യ ചലച്ചിത്രമാണ് ആദി ശങ്കരാചാര്യ. ജി.വി.അയ്യര്‍(ഗണപതി വെങ്കട്ടരാമ അയ്യര്‍) ആണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും, ദാർശനികനും, സന്യാസിയുമായ ആദി ശങ്കരാചാര്യരുടെ ജീവിതകഥയാണ് അദ്ദേഹം പ്രഥമ സംസ്കൃത ചലച്ചിത്രത്തിനായി തിരഞ്ഞെടുത്തത്.
ശങ്കരാചാര്യരുടെ ബാല്യം മുതൽ അദ്ദേഹം ദേഹവിയോഗം വരെയുള്ള കഥയാണ് ചിത്രം നമുക്ക് പറഞ്ഞു തരുന്നത്. സൂക്ഷ്മമായ അനേകം ബിംബകല്‍പ്പനകളാൽ സമൃദ്ധമാണ് ചിത്രം. സംവിധായകനായ ജി.വി.അയ്യര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ആദി ശങ്കരാചാര്യരായി വേഷമിട്ടത് സർവദമൻ ബാനർജിയാണ്. മധു അമ്പാട്ട് ഛായാഗ്രഹണവും ഡോ.ബാലമുരളീകൃഷ്ണ സംഗീതസംവിധാനവും നിർവ്വഹിച്ച ഈ ചിത്രം നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ആണ് നിര്‍മ്മിച്ചത്. മധു അമ്പാട്ടിന്റെ ഛായാഗ്രഹണമികവ് എടുത്ത് പറയേണ്ട ഒന്നാണ്. സംഗീതസവിധായകനായ ബാലമുരളീകൃഷ്ണ തന്നെയാണ്‌ ചിത്രത്തിലെ പല ശ്ലോകങ്ങളും ആലപിച്ചിരിക്കുന്നത്.

ഈ ചിത്രം മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദലേഖനം(എസ്.പി.രാമനാഥൻ) എന്നീ വിഭാഗങ്ങളിൽ ദേശീയ പുരസ്കാരത്തിന് അർഹമായി.

ഭഗവത് ഗീത (1993)
രണ്ടാമത്തെ സംസ്കൃത ചലച്ചിത്രവും സംവിധാനം ചെയ്തത് ജി.വി.അയ്യര്‍ തന്നെ ആയിരുന്നു. ‘ആദി ശങ്കരാചാര്യ’ പുറത്തിറങ്ങി പത്ത് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഈ ചിത്രമൊരുക്കിയത്. ഇത്തവണ ഭഗവദ് ഗീതയാണ് അദ്ദേഹം തന്റെ സിനിമയ്ക്ക് പ്രമേയമാക്കിയത്‌. ഗോപി മനോഹർ, നീന ഗുപ്ത, ജി.വി രാഗവേന്ദ്ര, ഗോവിന്ദ് റാവു തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ. ‘ആദി ശങ്കരാചാര്യ’യുടെ സംഗീതസംവിധായകനായ ഡോ.ബാലമുരളീകൃഷ്ണ തന്നെയാണ് ഈ ചിത്രത്തിനും സംഗീതസംവിധാനം നിർവ്വഹിച്ചത്.

രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എൻ.സ്വാമിയാണ്. ബന്നാഞ്ചി ഗോവിന്ദാചാര്യ തിരക്കഥയെഴുതിയ ചിത്രം നിർമ്മിച്ചത് ടി.സുബ്ബരാമി റെഡ്ഡിയാണ്. മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുകയുണ്ടായി ഈ ചിത്രം.

പ്രിയമാനസം
‘ഭഗവത് ഗീത’ പുറത്തിറങ്ങി 22 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ വീണ്ടുമൊരു സംസ്‌കൃത ചലച്ചിത്രം ഒരുങ്ങുകയാണ്. ‘കരയിലേക്ക് ഒരു കടൽ ദൂരം’, ‘ഒറ്റമന്ദാരം’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വിനോദ് മങ്കരയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഉണ്ണായി വാര്യരുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ഈ ചിത്രം ബേബി മാത്യു സോമതീരം ആണ് നിർമ്മിക്കുന്നത്. വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഉണ്ണായിവാര്യരെ അവതരിപ്പിക്കുന്നത് രാജേഷ് ഹെബ്ബാറാണ്. കന്നട അഭിനേത്രി പ്രതീക്ഷാ കാശിയാണ് ചിത്രത്തിലെ നായിക. ശ്രീവത്സന്‍ ജെ മേനോന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ നൃത്ത സംവിധാനം കുച്ചുപ്പുഡി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ധനാണ് നിര്‍വഹിക്കുന്നത്.

ഇഷ്ടി:

ലിംഗ വിവേചനം, ബഹുഭാര്യാത്വം തുടങ്ങിയ സ്ത്രീകൾക്കെതിരായ അനീതികൾക്കെതിരെയുള്ള ഒരു യുവതിയുടെ ചെറുത്തു നിൽപ്പാണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു സംസ്കൃത ചിത്രമായ ‘ഇഷ്ടി’ പ്രമേയമാക്കുന്നത്. ഇഷ്ടി എന്നാല്‍ യാഗം എന്നാണർത്ഥം. 71 വയസ്സുള്ള വേദപണ്ഡിതന്‍ രാമവിക്രമന്‍ നമ്പൂതിരിയുടെ ഭാര്യയായി പതിനേഴു വയസ്സുകാരിയും വിദ്യാസമ്പന്നയുമായ ശ്രീദേവി കടന്നുവരുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാമ വിക്രമന്‍ നമ്പൂതിരിയായി നെടുമുടി വേണുവും ശ്രീദേവിയായി ആതിര പട്ടേലും അഭിനയിക്കുന്നു. ‘ആത്മത്തെ അന്വേഷിക്കുന്ന കഥ’ എന്ന അര്‍ഥത്തില്‍ കൂടിയാണ് സിനിമയ്ക്ക് ഇഷ്ടി എന്ന പേരിട്ടത്. ചെന്നൈ ലയോള കോളേജില്‍നിന്ന് പൗരസ്ത്യവിഭാഗം മേധാവിയും സംസ്‌കൃതപ്രൊഫസറുമായി വിരമിച്ച ഡോ. ജി. പ്രഭയാണ് ഇഷ്ടിയുടെ സംവിധായിക.

പുണ്യകോടി
സംസ്കൃതഭാഷയിൽ ഒരു അനിമേഷൻ സിനിമയും തയ്യാറാവുന്നുണ്ട്. പുണ്യകോടി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ആദ്യ സംസ്കൃത അനിമേഷൻ ചിത്രം എന്ന വിശേഷണവുമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇൻഫോസിസിൽ എച്ച്.ആർ ആയി ജോലി ചെയ്യുന്ന രവി ശങ്കർ ആണ് ഈ സിനിമയുടെ സംവിധായകൻ.

ഒരു കടുവ പുണ്യകോടി എന്ന് പേരായ ഒരു പശുവിനെ കൊന്നു തിന്നാനൊരുങ്ങുമ്പോള്‍ തനിക്ക് അവസാനമായി തന്റെ കുഞ്ഞിനെയൊന്ന് പാലൂട്ടണം എന്നാവശ്യപ്പെടുന്ന പഞ്ചതന്ത്രം കഥയാണ് സിനിമ പറയുന്നത്. ഒരു കോടിയോളം രൂപയാണ് സിനിമയുടെ നിർമ്മാണച്ചിലവായി കണക്കാക്കിയിരിക്കുന്നത്. ക്രൗഡ് ഫണ്ടിംഗ് രീതിയിൽ സിനിമയ്ക്ക് വേണ്ട പണം സ്വരൂപിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. സംഗീതസംവിധായകൻ ഇളയരാജ ഈ സിനിമയ്ക്ക് വേണ്ടി സൗജന്യമായി സംഗീതസംവിധാനം നിർവ്വഹിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Share
Leave a Comment