മുംബൈ: ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്റെ സിനിമയ്ക്കുശേഷം ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും കഥ പറയുന്ന സിനിമയൊരുക്കുമെന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. തന്റെ ട്വിറ്ററിലൂടെയാണ് വര്‍മ സിനിമയെക്കുറിച്ചും സിനിമയില്‍ കഥാപാത്രങ്ങളാകുന്നവരെക്കുറിച്ചും വിവരിക്കുന്നത്. ഗവണ്‍മെന്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും തമ്മിലുള്ള സൗഹൃദവും പിന്നീട് ഇവര്‍ തെറ്റിപ്പിരിഞ്ഞശേഷമുള്ള ശത്രതയുമാണ് പ്രധാന വിഷയമാകുന്നത്. ഇവരെ ചുറ്റപ്പറ്റിയുള്ള ആളുകളും പ്രമുഖ രാഷ്ട്രീയ നേതാക്കളുമെല്ലാം സിനിമയില്‍ കഥാപാത്രങ്ങളായി എത്തുമെന്ന് രാം ഗോപാല്‍ വര്‍മ പറഞ്ഞു.
ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍, അനീസ് ഇബ്രാഹിം, ഛോട്ടാ രാജന്റെ ഭാര്യ സുജാത, മോണിക്ക ബേദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബാല സാഹേബ് താക്കറെ, അബു സലിം, അധോലോകത്തുനിന്നും രാഷ്ട്രീയത്തിലേക്കിറങ്ങിയ അരുണ്‍ ഗാവ്‌ലി എന്നിവരെല്ലാം സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകും. മുംബൈ അധോലോകത്തിന്റെ സത്യസന്ധമായ കാഴ്ചയായിരിക്കും സിനിമയെന്ന് രാം ഗോപാല്‍ വര്‍മ വ്യക്തമാക്കി. മുംബൈ അടക്കി ഭരിച്ചിരുന്ന ഇവരുടെ കാലഘട്ടത്തെ സിനിമയില്‍ ദൃശ്യവത്കരിക്കും. ഏറ്റവും ഒടുവില്‍ ഛോട്ടാ രാജനെ സര്‍ക്കാര്‍ പിടികൂടുന്നതുവരെയുള്ള കാര്യങ്ങള്‍ സിനിമയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments