InternationalMovie Reviews

‘ഒസാമ’ എന്ന അഫ്ഗാനിസ്ഥാൻ ചിത്രത്തിന്റെ റിവ്യൂ ; സംഗീത് കുന്നിന്മേൽ

സംഗീത് കുന്നിന്മേൽ

“പൊറുക്കാം പക്ഷെ മറക്കാനാവില്ല”

നെല്‍സന്‍ മണ്ടേലയുടെ പ്രശസ്തമായ ഈ വാചകത്തോടെയാണ് ചിത്രത്തിന്റെ ആരംഭം. പിന്നീടങ്ങോട്ട് മനുഷ്യമനസ്സിനെ പിടിച്ചുലയ്ക്കുകയും, ഇരുത്തിച്ചിന്തിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളിലൂടെയാണ് ചിത്രത്തിന്റെ യാത്ര. ദൈവത്തിന്റെ പേരു പറഞ്ഞ് മനുഷ്യക്കുരുതിയും രക്തച്ചൊരിച്ചിലും നടത്തിയിരുന്ന താലിബാന്‍ ഭരണത്തില്‍ നിന്നും മോചിക്കപ്പെട്ട അഫ്ഗാന്‍ ജനതയെത്തെടി ആദ്യമെത്തിയ ചലച്ചിത്രമാണ് ഒസാമ. ‘ഇതൊരു യഥാര്‍ത്ഥസംഭവത്തിന്റെ ദൃശ്യാവിഷ്‌കാരമല്ലേ’ എന്ന പ്രതീതി കാഴ്ചക്കാരനില്‍ ജനിപ്പിക്കും വിധം അങ്ങേയറ്റം റിയലിസ്റ്റിക് ആയാണ് സിനിമയുടെ ചിത്രീകരണം.

സദാ ഭീതി നിഴലിക്കുന്ന കണ്ണുകളുമായി അമ്മയോടും അമ്മൂമ്മയോടും കൂടെ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടേയും അതുവഴി അഫ്ഗാന്‍ ജനതയുടെ തന്നെയും കഥ പറയുകയാണ് സംവിധായകനായ സിദ്ദിക്ക് ബര്‍മാക്.

‘എന്റെ ഭര്‍ത്താവ് കാബൂള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കില്‍… എന്റെ സഹോദരന്‍ റഷ്യയുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കില്‍… മകള്‍ക്ക് പകരം എനിക്കൊരു മകനുണ്ടായിരുന്നുവെങ്കില്‍… ദൈവം സ്ത്രീയെ സൃഷ്ടിച്ചില്ലായിരുന്നുവെങ്കില്‍…’

ഇത് പെണ്‍കുട്ടിയുടെ അമ്മയുടെ വിലാപമാണ്. ഈ വിലാപത്തില്‍ അവിടുത്തെ സ്ത്രീകളുടെ കണ്ണീരുണ്ട്… ദൈവത്തോടുള്ള അവരുടെ പ്രാര്‍ത്ഥനയുണ്ട്… ഒരു ആണ്‍തരി പോലും കുടുംബത്തില്‍ ഇല്ലാതെ ജീവിക്കേണ്ടി വരുന്നവര്‍ നേരിടുന്ന വേദനയും വിഷമങ്ങളുമുണ്ട്… താലിബാന്റെ തോക്കുകളെ ഭയന്ന് ജീവിക്കേണ്ടി വന്ന ഏതൊരു സ്ത്രീയും ഒരു പക്ഷേ ഇത്തരത്തില്‍ ചിന്തിച്ചിട്ടുണ്ടാവണം. ആ അമ്മ ജീവിതം മുന്നോട്ടു കൊണ്ടു പോകാനായി മകളെ ആണ്‍ വേഷം കെട്ടിക്കുകയാണ്. പിന്നീടവള്‍ക്ക് മനസ്സു കൊണ്ട് പെണ്ണായും അന്നന്നത്തെ അന്നത്തിന് വേണ്ടി ആണായും ജീവിക്കേണ്ടി വരുന്നു. അവള്‍ പകല്‍ അച്ഛന്റെ സുഹൃത്തിന്റെ കടയിലെ ‘ജോലിക്കാരനാ’കുന്നു. രാത്രി അമ്മൂമ്മയുടെ മടിയില്‍ തല ചായ്ച്ച് കഥ കേട്ടുറങ്ങുന്ന കൊച്ചു പെണ്‍കുട്ടിയും.

എന്നാല്‍ ജീവിതം മുന്നോട്ടു കൊണ്ട് പോകാനായി ആണ്‍ വേഷം കെട്ടിയ അവളുടെ ജീവിതത്തിലേക്ക് വലിയൊരു പ്രശ്‌നം കടന്നു വരുന്നു. ആണ്‍കുട്ടിയാണെന്ന ധാരണയില്‍ അവളെ താലിബാന്റെ ആളുകള്‍ അവളുടെ സംഘത്തില്‍ ചേര്‍ക്കാനായി ബലമായി പിടിച്ചു കൊണ്ടു പോകുന്നു. ഏറെ നാള്‍ ആണ്‍വേഷം കെട്ടി അവരെ കബളിപ്പിക്കാന്‍ അവള്‍ക്ക് കഴിയുന്നില്ല. സംശയം തോന്നിയ അവര്‍ അവളെ ഒരു ചൂളയ്ക്ക് മുന്നില്‍ അവളെ കെട്ടിത്തൂക്കുന്നു. അവളുടെ മറച്ചുവെച്ച സ്ത്രീത്വം രക്തച്ചുവപ്പായി കാലുകളിലൂടെ ഒലിച്ചിറങ്ങുന്നു. പിന്നീടവളെ കാത്തിരിക്കുന്ന ശിക്ഷ മരണമായിരിക്കില്ല, അതിനേക്കാള്‍ ഭീകരമായ മറ്റൊന്നായിരിക്കും.

താലിബാന്‍ ഭരണകാലത്തെ അഫ്ഗാന്‍ ജനതയുടെ ജീവിതചിത്രം വരച്ചുകാട്ടിയ ഈ ചിത്രം അന്തര്‍ദേശീയ തലത്തില്‍ ഒട്ടേറെ പുരസ്‌കാരങ്ങളും അതോടൊപ്പം പ്രേക്ഷക പ്രശംസയും കരസ്ഥമാക്കുകയുണ്ടായി. കേന്ദ്ര കഥാപാത്രമായി വേഷമിട്ട മറീന ഗോല്‍ബഹാരിയുടെ അഭിനയം എടുത്തു പറയേണ്ടതാണ്. സംവിധായകനായ സിദ്ദിക്ക് ബര്‍മാക് തന്നെയാണ് പേര്‍ഷ്യന്‍ ഭാഷയില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് കഥയെഴുതിയത്.

shortlink

Related Articles

Post Your Comments


Back to top button