
സംഗീത് കുന്നിന്മേൽ
2001ൽ പുറത്തിറങ്ങിയ 40 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി ഫിലിം ആണ് ‘ബോണ്‍ റ്റു ബീ വൈൽഡ്-3ഡി’. പ്രകൃതിയെ മറന്ന് കോണ്‍ക്രീറ്റ് കൊട്ടാരങ്ങൾ കെട്ടിപ്പൊക്കുന്ന ഓരോരുത്തരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്. മൃഗങ്ങളെ പരിപാലിക്കാൻ വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച രണ്ട് സ്ത്രീകളെയാണ് ഈ ചിത്രം നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്. ബിറുത്തെ ഗാൽഡികാസ്സ്, ഡാഫിൻ ഷെൽഡ്രിക്ക് എന്നിവരാണവർ.
ഒറാങ്ങുട്ടാനുകളെക്കുറിച്ചുള്ള പഠനവും അവയുടെ സംരക്ഷണവുമാണ് ബിറുത്തെ ഗാൽഡികാസ്റ്റിനെ ശ്രദ്ധേയയാക്കിയത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി അവര്‍ ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഒരു സസ്തനിയിൽ നടത്തപ്പെട്ടിട്ടുള്ള ഏറ്റവും ബൃഹത്തായതും, ദൈർഘ്യമേറിയതുമായ പഠനമായാണ് ഇതിനെ കണക്കാക്കുന്നത്. തന്റെ എഴുപതാം വയസ്സിലും കർമ്മനിരതയാണ് ഇവർ.
ഡാഫ്നെ ഷെൽഡ്രിക്ക് എന്ന എണ്‍പതുകാരിയെയും ചിത്രം നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. ഡാഫ്നെയും ഭര്‍ത്താവായ ഡേവിഡും ചേര്‍ന്ന് 1960ൽ വന്യമൃഗങ്ങളെ സംരക്ഷിക്കാനായി ‘നാഷണല്‍ പാര്‍ക്ക്’ സ്ഥാപിക്കുകയുണ്ടായി. 9000 സ്ക്വയര്‍ കിലോമീറ്ററോളം പരന്നു കിടക്കുന്ന ഈ നാഷല്‍ പാര്‍ക്ക് അവരുടെ ഭർത്താവിന്റെ മരണശേഷം ‘ഡേവിഡ് ഷെൽഡ്രിക്ക് വെൽഫെയർ ട്രസ്റ്റ്’ എന്ന് നാമകരണം ചെയ്യപ്പെട്ടു. ഒറ്റപ്പെട്ടുപോകുന്ന ആനക്കുട്ടികളെ കണ്ടെത്തുകയും, അവയെ പരിചരിക്കുകയും, ഒറ്റയ്ക്ക് ജീവിക്കാനുള്ള പ്രായമാവുമ്പോൾ അവയെ തിരികെ കാട്ടിലേക്കയക്കുകയുമാണ് കെനിയയിലെ നെയ്റോബിയിൽ ഉള്ള ഈ പാർക്കിൽ ഇപ്പോൾ പ്രധാനമായും നടക്കുന്നത്.
ഡേവിഡ് ലിക്ക്ലി സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി ഫിലിം നിർമ്മിച്ചത് ഡ്ര്യൂ ഫെൽമാൻ ആണ്. പ്രശസ്ത ഹോളിവുഡ് സംവിധായകനായ ‘മോർഗൻ ഫ്രീമാ’ന്റെ നരേഷനിലൂടെയാണ് ഡോക്യുമെന്ററി മുന്നോട്ട് പോകുന്നത്.
Post Your Comments