‘കിക്കി’ പഠിപ്പിക്കുന്ന പാഠങ്ങൾ
സംഗീത് കുന്നിന്മേല്‍
ഈയിടെ ‘ഓം ശാന്തി ഓശാന’യുടെ സംവിധായകനായ ജൂഡ് ആന്റണി ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഒരു ഷോർട്ട് ഫിലിമിന്റെ ലിങ്ക് ഷെയർ ചെയ്തിരുന്നു. ‘കിക്കി’ എന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ പേര്. കേവലം ആറ് മിനിറ്റ് മാത്രമാണ് ഇതിന്റെ ദൈര്‍ഘ്യം. പക്ഷേ ആ ചുരുങ്ങിയ സമയത്തിനുള്ളിൽ പുതിയൊരു ദൃശ്യാനുഭവം തീർക്കാനും വലിയൊരു സന്ദേശം പ്രേക്ഷകരിലെത്തിക്കാനും ‘കിക്കി’യുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
അച്ഛനും അമ്മയും തങ്ങളുടെ അഞ്ച് വയസ്സുകാരിയായ മകളെ ഒറ്റയ്ക്കാക്കി ജോലിക്ക് പോകുമ്പോൾ അവൾക്ക് സ്വന്തം വീട്ടിൽ മാതൃസഹോദരനിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന ലൈംഗിക ചൂഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇവിടെ കിക്കി ഒരു പ്രതിനിധിയാണ്. സ്വന്തം ചോരയിൽപ്പെട്ടവരിൽ നിന്നു തന്നെ ലൈംഗികചൂഷണത്തിനിരയാകുകയും അക്കാര്യം ആരോടും വെളിപ്പെടുത്താനാവാതെ നീറി നീറി ജീവിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് കുരുന്നുകളുടെ പ്രതിനിധി. ഈ ഹ്രസ്വചിത്രം നിർമ്മിക്കാനായി തിരഞ്ഞെടുത്ത വിഷയത്തേക്കാൾ അവതരണരീതിയിലെ പുതുമയും വൈദഗ്ദ്യവുമാണ് മറ്റ് ഷോർട്ട് ഫിലിമുകളിൽ നിന്നും ഇതിനെ വേറിട്ട് നിർത്തുന്നത്. വൈശാഖ്.ജി.അശോക് എന്ന ഇരുപത്തിയഞ്ച് വയസ്സുകാരനാണ് ഇതിന്റെ സംവിധായകൻ. സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഈ ഹ്രസ്വചിത്രം.
ജൂഡിന്റെ വാക്കുകൾ കടമെടുത്താൽ ‘ഇതിനെ ഒരു ഷോർട്ട് ഫിലിം എന്ന് വിളിക്കാന്‍ കഴിയില്ല, ഫിലിം എന്നേ വിളിക്കാൻ കഴിയൂ’. കുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾ തീർച്ചയായും കണ്ടിരിക്കണം ഈ ചിത്രം.
” കിക്കി ” ഷോര്‍ട്ട് ഫിലിം കാണാം
Post Your Comments