സംഗീത് കുന്നിന്മേൽ
ആര്‍ത്തലച്ചു പെയ്യുന്ന മഴയോടെയാണ് സിനിമ ആരംഭിക്കുന്നത്. ‘റാഷോമോന്‍’ എന്നു പേരായ, പാതി തകര്‍ന്ന ഒരു കവാടത്തിനു താഴെ രണ്ടു പേര്‍ ചിന്താമഗ്നരായിരിക്കുകയാണ്. അവരില്‍ ഒരാള്‍ വിറകുവെട്ടുകാരനാണ് , മറ്റേയാള്‍ പുരോഹിതനും. വിറകുവെട്ടുകാരന്‍ ഇടയ്ക്കിടെ ‘എനിയ്ക്ക് മനസ്സിലാവുന്നില്ല… എനിയ്‌ക്കൊന്നും മനസ്സിലാവുന്നില്ല..’ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നുണ്ട്. അപ്പോള്‍ അവിടേയ്ക്ക് മൂന്നാമതൊരാള്‍ കൂടി മഴയത്തുകൂടെ ചെളി ചവിട്ടി തെറിപ്പിച്ചു കൊണ്ട് ഓടി വരുന്നു. ഓരോന്നു പുലമ്പിക്കൊണ്ടിരിക്കുന്ന വിറകുവെട്ടുകാരന്റെ അരികില്‍ ചെന്ന് അയാള്‍ കാര്യം എന്താണെന്ന് തിരക്കുന്നു. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് അവരുടെ സംസാരവിഷയം എന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് അത് കേള്‍ക്കാന്‍ ആദ്യം വലിയ താല്പര്യം തോന്നുന്നില്ലെങ്കിലും പിന്നീട് അയാള്‍ ആ കഥയില്‍ ആകൃഷ്ടനാവുന്നു. അവര്‍ പറയുന്നതാകട്ടെ തങ്ങള്‍ കൂടി ഉള്‍പ്പെട്ട ഒരനുഭവകഥയാണ്.
അങ്ങനെ അവര്‍ കഥയിലേക്ക് കടക്കുകടക്കുന്നു. ഒരു യോദ്ധാവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിചാരണ കോടതിയില്‍ നടക്കുന്ന വേളയില്‍ ഓരോരുത്തരായി തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ കോടതിയില്‍ വിവരിക്കുകയാണ്. ആദ്യ ഊഴം വിറകുവെട്ടുകാരന്റേതാണ്. വിറകു വെട്ടാനായി കാട്ടിലെത്തിയ താന്‍ വഴിയില്‍ കയര്‍ കഷണങ്ങളും മറ്റും കിടക്കുന്നതു കണ്ടു. അതിനു തൊട്ടടുത്ത് ഒരു മൃതദേഹം കൂടി കണ്ടപ്പോള്‍ കോടാലി പോലും ഉപേക്ഷിച്ച് ജീവനും കൊണ്ടോടി എന്നാണ് അയാള്‍ പറയുന്നത്. പിന്നീട് കോടതി രേഖപ്പെടുത്തുന്നത് പുരോഹിതന്റെ മൊഴിയാണ്. ഒരു നാള്‍ ഉച്ചയ്ക്ക് കാട്ടുവഴിയിലൂടെ യാത്ര ചെയ്യുകയായിരുന്ന താന്‍ അതിലൂടെ കുതിരപ്പുറത്തേറി വന്നിരുന്ന ഒരു സ്ത്രീയേയും, ആ കുതിരയെ പിടിച്ചു കൊണ്ട് നടന്നിരുന്ന അവളുടെ ഭര്‍ത്താവിനേയും കണ്ടു എന്നതാണ് അയാളുടെ മൊഴി. പിന്നീട് യോദ്ധാവിന്റെ കൊലപാതകിയെ പിടിച്ചയാള്‍ തനിക്കുണ്ടായ അനുഭവം വിവരിക്കുന്നു. താന്‍ പുഴയോരത്തുകൂടി നടന്നു പോകുമ്പോള്‍ കൊലപാതകി പുഴയരികില്‍ കിടക്കുകയായിരുന്നു. അതിനരികിലായി 17 അമ്പുകളും ഒരു കുതിരയും ഉണ്ടായിരുന്നു. കൊലയാളി കുതിരപ്പുറത്തു നിന്നും വീണതാവാം എന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ കൊലയാളി അത് നിഷേധിക്കുന്നു. യാത്രാമദ്ധ്യേ അരുവിയില്‍ നിന്നും വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ തനിക്ക് അതിയായ വയറുവേദന അനുഭവപ്പെട്ടുവെന്നും അരുവിയില്‍ ചത്തുകിടന്ന വിഷപ്പാമ്പാവാം അതിനു കാരണമെന്നും കൊലയാളി പറയുന്നു. പിന്നീട് യോദ്ധാവിന്റെ മരണം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള നാല് പേരുടെ കഥ പറച്ചിലിലൂടെയാണ് സിനിമ വികസിക്കുന്നത്. ഒരേ സംഭവത്തെക്കുറിച്ച് നാലു പേരും പറയുന്നത് നാല് വ്യത്യസ്ത കഥകളാണ് എന്നതാണ് ഏറെ ആശ്ചര്യകരം.
1. കൊലയാളി പറയുന്ന കഥ:
താന്‍ ഒരു മരത്തിനു കീഴെ വിശ്രമിക്കുകയായിരുന്നു . അപ്പോഴാണ് യോദ്ധാവും ഭാര്യയും അതിലേ വന്നത്. താന്‍ വളരെ തന്ത്രപരമായി യോദ്ധാവിനെ ഉള്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് അയാളെ ബന്ധനസ്ഥനാക്കിയ ശേഷം തിരിച്ചു വന്ന് ഭാര്യയെ അവിടേയ്ക്ക് കൂട്ടിക്കൊണ്ടു പോകുകയും യോദ്ധാവിനു മുന്നില്‍ വച്ച് ഭാര്യയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. എന്നാല്‍ തിരിച്ചു പോരാനൊരുങ്ങുമ്പോള്‍ യോദ്ധാവിന്റെ ഭാര്യ വന്ന് തന്റെ കാല്‍ക്കല്‍ വീഴുകയും ” ഒന്നുകില്‍ നിങ്ങളോ അല്ലെങ്കില്‍ എന്റെ ഭര്‍ത്താവോ മരിക്കണം. രണ്ട് ഭര്‍ത്താക്കന്മാരുമായി ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണ്”എന്നു പറയുകയും ചെയ്തു. ഇതിനേത്തുടര്‍ന്ന് യോദ്ധാവും, താനും തമ്മിലുണ്ടായ പോരാട്ടത്തിനൊടുവില്‍ യോദ്ധാവ് കൊല്ലപ്പെട്ടു.
2. ഭാര്യ പറയുന്ന കഥ:
ബലാത്സംഗം ചെയ്യപ്പെട്ട താന്‍ ഭര്‍ത്താവിനു മുന്നില്‍ സ്വന്തം നിരപരാധിത്വം ബോധിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷേ ഭര്‍ത്താവിന്റെ അര്‍ത്ഥം വച്ചുള്ള നോട്ടം കാരണം താന്‍ സമനില തെറ്റിയവളേപ്പോലെ പെരുമാറുകയാണുണ്ടായത്. ഒടുവില്‍ തന്റെ പക്കലുള്ള കത്തിയുമായി ഭാര്‍ത്താവിന്റെ നേര്‍ക്ക് നീങ്ങുകയും ബോധം കേട്ടു വീഴുകയും ചെയ്തു. ബോധം തെളിഞ്ഞപ്പോള്‍ കത്തി ഭര്‍ത്താവിന്റെ നെഞ്ചില്‍ തറച്ചിരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണം തനിക്ക് സംഭവിച്ച കയ്യാബദ്ധമാവാം. അതിനുശേഷം താന്‍ പലവുരു ആത്മഹത്യയ്ക്കു ശ്രമിച്ചുവെങ്കിലും എല്ലാം പരാജയപ്പെട്ടു.
3. യോദ്ധാവ് പറയുന്ന കഥ:
(കൊല്ലപ്പെട്ട യോദ്ധാവിന്റെ ആത്മാവ് ഒരു സ്ത്രീയില്‍ പ്രവേശിച്ച ശേഷമാണ് ഉണ്ടായ സംഭവം വിവരിക്കുന്നത്.)
ബലാത്സംഗം ചെയ്യപ്പെട്ട ഭാര്യ കൊലയാളിയോട് തന്നെ കൊല്ലാനാവശ്യപ്പെട്ടു. ഇതില്‍ കോപിഷ്ഠനായ കൊലയാളി ‘ഇവളെ കൊല്ലണോ അതോ സംരക്ഷിക്കണോ’ എന്ന് തന്നോട് ചോദിച്ചു. എന്നാല്‍ ഭാര്യ അവിടെ നിന്നും രക്ഷപ്പെടുകയും പിന്നീട് താന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.
4. വിറകുവെട്ടുകാരന്‍ പറയുന്ന കഥ:
(വിറകുവെട്ടുകാരന്‍ ആദ്യം പറഞ്ഞ കഥ പിന്നീട് മാറ്റിപ്പറയുന്നു.)
താന്‍ കാട്ടിനുള്ളില്‍ ഒരു സ്ത്രീ കരയുന്നതും അതിനടുത്ത് ഒരാളെ കെട്ടിയിട്ടിരിക്കുന്നതും കണ്ടു. കൊലയാളി യോദ്ധാവിന്റെ ഭാര്യയുടെ കാലു പിടിച്ച് മാപ്പിരക്കുകയും തന്നെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അത് സാദ്ധ്യമല്ലെന്നു പറഞ്ഞുകൊണ്ട് ഭാര്യ ഓടിച്ചെന്ന് ഭര്‍ത്താവിന്റെ കയ്യിലെ കെട്ടഴിച്ചു മാറ്റി. പിന്നീട് അവര്‍ തമ്മില്‍ ഏറ്റുമുട്ടുകയും യോദ്ധാവ് കൊല്ലപ്പെടുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നത് തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകന് വിട്ടുകൊടുത്തുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ റിലീസ് ചെയ്ത സമയത്ത് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും, മോശം സിനിമയെന്നു മുദ്രകുത്തപ്പെടുകയും ചെയ്ത ഈ ചിത്രം പിന്നീട് ഫീനിക്‌സ് പക്ഷിയേപ്പോലെ പരന്നുയരുകയാണ് ഉണ്ടായത്. തുടര്‍ന്ന് മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡും, വെനീസ് ചലച്ചിത്രമേളയിലെ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരവും കരസ്ഥമാക്കുകയുണ്ടായി. അകിറ കൊറോസാവയുടെ സംവിധാനമികവിനൊപ്പം, അഭിനേതാക്കളുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഈ ചിത്രത്തിന്റെ അവതരണത്തെ മുന്‍നിര്‍ത്തി ‘റാഷോമോന്‍’ ശൈലി എന്നൊരു സിനിമാ അവതരണ ശൈലി തന്നെ പില്‍ക്കാലത്ത് രൂപപ്പെടുകയുണ്ടായി. സാങ്കേതികവിദ്യ അതിന്റെ ശൈശവദശയില്‍ നില്‍ക്കുന്ന കാലത്താണ് ഇത്രയും മനോഹരമായൊരു ചിത്രം ഒരുക്കിയത് എന്ന കാര്യം കൂടി നമ്മള്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.
Post Your Comments