സംഗീത് കുന്നിന്മേൽ
പദ്മരാജൻ എന്ന പേര് കേൾക്കുമ്പോൾ ഓരോ മലയാളിയുടെയും മനസ്സിൽ ഒരു കുളിർമ്മഴ പെയ്യും. കാരണം പ്രണയം, വിരഹം, വേദന, രതി ഈ പദങ്ങള്‍ക്കെല്ലാം പുതിയ നിർവ്വചനങ്ങൾ നൽകിയ ഗന്ധർവ്വനായിരുന്നു അദ്ദേഹം. പലർക്കും അദ്ദേഹം ഒരു നല്ലൊരു സംവിധായകനാണ്. ചിലർക്ക് തിരക്കഥാകൃത്തും, മറ്റു ചിലർക്ക് നോവലിസ്റ്റുമാണ്. കൈവെച്ച മേഖലകളിലെല്ലാം വിജയം കൈവരിക്കാനുള്ള ഭാഗ്യം അപൂർവ്വം ചിലർക്ക് മാത്രമേ ലഭിക്കൂ. അതിന് ഉത്തമോദാഹരണമായിരുന്നു ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു തണുത്ത ജനുവരിയിൽ നമ്മെ വിട്ട് പിരിഞ്ഞ പി.പദ്മരാജൻ എന്ന മഹാപ്രതിഭ. വർഷങ്ങൾ പലത് പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ രചനകളും, ചലച്ചിത്രങ്ങളും സമ്മാനിച്ച തീവ്രാനുഭൂതികൾ നമ്മുടെ മനസ്സിലിന്നും തളം കെട്ടി നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാവണം മഴ പെയ്യുമ്പോൾ ക്ലാരയും ജയകൃഷ്ണനുമെല്ലാം നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നതും മഴ പെയ്തൊഴിയുമ്പോൾ തൂവാനത്തുമ്പികൾ വട്ടമിട്ട് പറക്കുന്നതും.
തുടക്കത്തിൽ കഥാകൃത്തായും പിന്നീട് നോവലിസ്റ്റായും മലയാളസാഹിത്യത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തിയതിനു ശേഷമായിരുന്നു സിനിമാരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ്. ആദ്യം മറ്റു സംവിധായകരുടെ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥകൾ രചിച്ച അദ്ദേഹം പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ കുപ്പായമണിഞ്ഞത്. സിനിമകളുടെ ആവിഷ്കാരത്തിലെ വൈദഗ്ദ്യവും അതിനു വേണ്ടി തിരഞ്ഞെടുത്ത വിഷയങ്ങളിലെ വ്യത്യസ്തതയുമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളെ മറ്റു സിനിമകളിൽ നിന്നും വേറിട്ട് നിർത്തിയത്. തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങിയ ചിത്രങ്ങൾ മലയാളസിനിമയിലെ പ്രണയചിത്രങ്ങളുടെ പര്യായങ്ങളായി കണക്കാക്കുമ്പോൾ അപരൻ, കരിയിലക്കാറ്റു പോലെ തുടങ്ങിയ ചിത്രങ്ങൾ മികച്ച സസ്പെൻസ് ത്രില്ലറകളുടെ കൂട്ടത്തിലും ഉൾപ്പെടുന്നു. ഒരു നല്ല സംവിധായകനാവണമെങ്കിൽ ആദ്യം നല്ലൊരു എഴുത്തുകാരനാവണം എന്ന് പറയാറുണ്ട്. ഇന്നലെ, ഒരിടത്തൊരു ഫയൽവാൻ, മൂന്നാം പക്കം, ഞാൻ ഗന്ധർവ്വൻ, കരിയിലക്കാറ്റു പോലെ എന്നിങ്ങനെ സ്വന്തം തിരക്കഥയില്‍ അദ്ദേഹം സംവിധാനം ചെയ്ത പതിനെട്ട് ചലച്ചിത്രങ്ങൾ പദ്മരാജന്റെ കാര്യത്തിൽ അത് അക്ഷരം പ്രതി ശരിയാണെന്ന് തെളിയിക്കുന്നു.
മലയാളി കണ്ടു ശീലിച്ച സിനിമാവഴികളിൽ നിന്നുള്ള അദ്ദേഹത്തിന്റെ മാറിനടത്തം നമുക്ക് സമ്മാനിച്ചത് കാഴ്ച്ചയുടെ പുതുവസന്തം തന്നെയാണ്. പുറത്തിറങ്ങിയ സമയത്ത് അധികമാരും ശ്രദ്ധിക്കാതെ പോയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ഇന്ന് സിനിമാസ്വാദകരുടെ ഇഷ്ടസിനിമകളുടെ പട്ടികയിൽ ഇടം പിടിക്കുന്നു എന്ന വസ്തുത ആ സിനിമകൾക്ക് ഇന്നുമുള്ള പ്രസക്തിയേയും ഭാവിയെ മുൻകൂട്ടി അറിഞ്ഞ അദ്ദേഹത്തിന്റെ മനസ്സിനെയുമാണ് നമുക്ക് കാട്ടിത്തരുന്നത്. പറഞ്ഞതിലുമേറെ പറയാൻ ബാക്കിവെച്ച് തന്റെ നാൽപ്പത്തിയാറാം വയസ്സിൽ അദ്ദേഹം അരങ്ങൊഴിഞ്ഞപ്പോൾ മലയാളസിനിമയ്ക്കുണ്ടായ വലിയൊരു ശൂന്യതയുണ്ട്. അതിന്നും ആരാലും നികത്താനാവാതെ കിടക്കുന്നു.
Post Your Comments