സിനിമയുടെ ഉള്ളറകള്‍ തേടി ; ചേലങ്ങാട്ടു ഗോപാലകൃഷ്ണന്‍ എഴുതിയ ”ലോകസിനിമയുടെ ചരിത്രം’ എന്ന പുസ്തകത്തെക്കുറിച്ച് ഒരവലോകനം.

ചേലങ്ങാട്ടു ഗോപാലകൃഷ്ണന്‍ എഴുതിയ ”ലോകസിനിമയുടെ ചരിത്രം’ എന്ന പുസ്തകത്തെക്കുറിച്ച് ഒരവലോകനം.

സംഗീത്  കുന്നുമ്മേല്‍

“ലോകസിനിമയുടെ ഉള്ളറകള്‍ തേടി…”
സിനിമ കാണുന്നവരില്‍ ഭൂരിഭാഗം ആളുകളും അതിന്റെ ആവിര്‍ഭാവത്തെക്കുറിച്ചോ ക്രമാനുഗതമായ വളര്‍ച്ചയെക്കുറിച്ചോ ചിന്തിക്കാറില്ല. അന്ധവിശ്വാസങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍, സിനിമാസംബന്ധിയായ ഉപകരണങ്ങളുടെ പോരായ്മകള്‍ എന്നിങ്ങനെ ഒട്ടേറെ കടമ്പകള്‍ മറികടന്നാണ് സിനിമയെന്ന കലാരൂപം നാം ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നത്.

നിഴല്‍നാടകം എന്ന പ്രാചീനരൂപം മുതല്‍ ഇന്ന് വരെയുള്ള സിനിമയുടെ രൂപമാറ്റമാണ് ‘ലോകസിനിമയുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ വിവരിച്ചിരിക്കുന്നത്. മലയാളികള്‍ വളരെ വൈകി മാത്രം അറിയുകയും അംഗീകരിക്കുകയും ചെയ്ത മലയാളസിനിമയുടെ പിതാവായ ജെ.സി.ഡാനിയേലിനെ 1967-ല്‍ തന്നെ തിരിച്ചറിയുകയും അക്കാര്യം വെളിച്ചത്തു കൊണ്ടുവരാന്‍ അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. വെറുമൊരു ചരിത്രപഠനം എന്നതിനുമപ്പുറം സിനിമാ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ ശാസ്ത്ര സാങ്കേതിക തലങ്ങളിലേക്കും അദ്ദേഹത്തിന്റെ അന്വേഷണം നീളുന്നത് കാണാം. ഭാരതത്തിലെ നിരവധി ഗ്രന്ഥപ്പുരകളിലൂടെ താന്‍ നടത്തിയ അനവധി യാത്രകളുടെ പരിണിതഫലമാണ് ഈ പുസ്തകം എന്ന് അതിന്റെ ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് തന്നെ വിശദീകരിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് പോലെയുള്ള നവീന വിവരസാങ്കേതിക മാര്‍ഗ്ഗങ്ങളുടെ സഹായം തേടാതെയാണ്‌ ഇങ്ങനെയൊരു പുസ്തകം രചിക്കപ്പെട്ടത് എന്നറിയുമ്പോഴേ ഈ പുസ്തക രചനയ്ക്ക് വേണ്ടി അദ്ദേഹം എത്രത്തോളം ത്യാഗം സഹിച്ചിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാവുകയുള്ളൂ.

സിനിമയുടെ ആദിമരൂപങ്ങളെക്കുറിച്ചും, അതിനു വേണ്ടി ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങളെക്കുറിച്ചും, അവ നിര്‍മ്മിച്ച ഡോ.പീറ്റര്‍ മാര്‍ക്ക് റോജറ്റ്, ക്രിസ്ത്യന്‍ ഫ്യൂജിന്‍സ്, വില്ല്യം ഫ്രീസ് ഗ്രീന്‍, ജോര്‍ജ്ജ് ഈസ്റ്റ്മാന്‍, ലൂമിയര്‍ സഹോദരന്മാര്‍, എഡിസണ്‍ തുടങ്ങിയ പ്രതിഭകളെക്കുറിച്ചുമുള്ള വിവരണത്തോടെയാണ്‌ പുസ്തകം ആരംഭിക്കുന്നത്. ഏഷ്യ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ് എന്നീ വന്‍കരകളിലെ സിനിമയുടെ ഉദ്ഭവത്തെപ്പറ്റിയും പിന്നീട് അവ നേരിട്ട വളര്‍ച്ച-തളര്‍ച്ചകളെക്കുറിച്ചും അദ്ദേഹം ഈ പുസ്തകത്തില്‍ വളരെ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. നിയോ റിയലിസം, ന്യൂ വേവ് സിനിമ, ആന്റി സിനിമ, ഡയറക്റ്റ് സിനിമ, അണ്ടര്‍ഗ്രൗണ്ട് സിനിമ എന്നിങ്ങനെ ലോകത്തിന്റെ പല മേഖലകളിലും വിവിധ കാലഘട്ടങ്ങളിലുമായി രൂപം കൊണ്ട സിനിമാരീതികളെക്കുറിച്ചുള്ള അപഗ്രഥനവും ശ്രദ്ധേയമാണ്.

ലോകം മുഴുവന്‍ ആരാധനയോടെയും അദ്ഭുതത്തോടെയും മാത്രം ഓര്‍മ്മിക്കുന്ന തോമസ്‌ ആല്‍വാ എഡിസണ്‍ എന്ന അതുല്യ ശാസ്ത്രപ്രതിഭയുടെ മറ്റൊരു മുഖവും ഈ പുസ്തകം കാണിച്ചു തരുന്നു. ‘ബോക്സോഫീസ്’,’സിനിമ’ എന്നീ പേരുകളുടെ പിറവി, ഹോളിവുഡിന്റെ ഉദയം, ആദ്യത്തെ സിനിമാ പ്രദര്‍ശനം, സിനിമയിലെ ആദ്യത്തെ കച്ചവടം, ആദ്യത്തെ നഷ്ടം എന്നിങ്ങനെ രസകരമെന്ന് തോന്നിപ്പിക്കുന്നതും എന്നാല്‍ എല്ലാ സിനിമാപ്രേമികളും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതുമായ പല കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഏറ്റവുമൊടുവില്‍ സിനിമാരംഗത്തെ നവീനസാങ്കേതിക വിദ്യകള്‍, വിവിധ ചലച്ചിത്രമേളകള്‍, സിനിമാ പുരസ്കാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ അറിവും ഈ പുസ്തകം നമുക്ക് പകര്‍ന്നു തരുന്നുണ്ട്. നിശബ്ദചിത്രത്തില്‍ തുടങ്ങി സ്വനചിത്രമായും പിന്നീട് വര്‍ണചിത്രമായും മാറിയ ലോകസിനിമയുടെ ഈ പരിണാമ ചരിത്രം തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.

Share
Leave a Comment
Tags: BookReview