ഏതൊരു ഇന്ത്യക്കാരനും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം ” എയർലിഫ്റ്റ് ” .
അമൽ ദേവ
ചരിത്രത്തിലെ ഏറ്റവും വലിയ വായുവേഗത്തിലുള്ള കുടിയൊഴിപ്പിക്കൽ . കുവൈറ്റിലെ ഇറാഖ് കടന്നുകയറ്റത്തോടനുബന്ധിച് നടന്ന കുവൈറ്റിലെ ഇന്ത്യക്കാരെ വായുവേഗത്തിൽ കുടിയൊഴിപ്പിക്കുന്ന യഥാര്ഥ സംഭവമാണ് ചിത്രത്തിൽ വിവരിച്ചിരിക്കുന്നത് .
രഞ്ജിത്ത് കത്യാൽ ( അക്ഷയ് കുമാർ ) കുവൈറ്റിലെ ആഡംബര ജീവിതത്തെ ഏറ്റവുമധികം സ്നേഹിക്കുന്ന ഒരു വലിയ വ്യവസായി ആണ് . അദ്ദേഹത്തിന്റെ ഭാര്യ അമൃത കത്യാൽ ( നിമ്രത് കൌർ ) തന്റെ കുഞ്ഞുമകളോടോപ്പമുള്ള സ്വന്തം ലോകത്തിൽ സന്തുഷ്ടയാണ് . ആഗസ്റ്റ് 2 1990 ൽ നടക്കുന്ന ഇറാഖിന്റെ കുവൈറ്റ് ആക്രമണത്തിൽ അവരുടെ ജീവിതം കീഴ്മേൽ മറിയുന്നു . കുവൈറ്റിലെ ഓരോ മനുഷ്യന്റെയും നിലവിലുള്ള സാഹചര്യങ്ങൾ മികച്ചത് എന്നതിൽ നിന്ന് വളരെ മോശമാവുന്നു . രഞ്ജിത് ഒരു സ്വാർഥനായ വ്യവസായി ആണെങ്കിലും കണ്മുമ്പിൽ വച്ചുള്ള തന്റെ ഡ്രൈവറുടെ ദാരുണമായി കൊലചെയ്യപ്പെടുന്നത് അയാളുടെ മനസ്സ് മാറ്റുന്നു . തന്റെ സമ്പന്നരായ ചില സുഹൃത്തുക്കളുമായ് ഒത്തുചേര്‍ന്ന് 1,70,000 ഇന്ത്യക്കാര്‍ക്ക് ഒരു ക്യാംപ് ഒരുക്കുന്നു . ഇത്രയൊക്കെയാണ് ചിത്രത്തിന്‍റെ കഥാതന്തു.
ചിത്രത്തിന്‍റെ സംവിധായകനും കഥാകൃത്തുമായ രാജകൃഷ്ണ മേനോന്റെ ബന്ധുക്കളും ഈ കുവൈറ്റ് ദുരന്തത്തിന്റെ ഇരകളായിരുന്നു അതുകൊണ്ട് തന്നെ ഈ ചിത്രം പിറന്നത് അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും കണ്ണീരിൽ നിന്നുമാണ് . ചിത്രത്തിന്റെ തിരക്കഥ വളരെ ഗ്രിപ്പിംഗ് ആണ് , ഒരു ചെറിയ പിഴവ് പോലും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്ത തരത്തിലുള്ളത് . സംഭാഷണങ്ങൾ അത്ഭുതകരമാം വിധമുളളതാണ് .
അക്ഷയ് കുമാറിന്റെ കരിയർ ബെസ്റ്റ് പെർഫോർമൻസ് ആണെന്ന് തന്നെ പറയാം എയർലിഫ്റ്റിലേത് . അത്രയ്ക്ക് മികച്ച പ്രകടനമാണ് അക്ഷയ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത് . ചിത്രത്തിന്റെ ആത്മാവ് തന്നെ അക്ഷയ് ആണെന്ന് പറയാം . സിനിമയുടെ മികവിന് വേണ്ടി എന്ത് ത്യാഗവും അനുഭവിക്കാൻ തയ്യാറുള്ള നടനാണ് അക്ഷയ് . എയർലിഫ്റ്റിലും അക്ഷയ് സ്വയം സമർപ്പിക്കുകയായിരുന്നു . തനിക്കു വേണ്ടി മാത്രം ജീവിച്ച സ്വാര്തനായ മനുഷ്യനിൽ നിന്ന് തന്റെ രാജ്യത്തിലെ മനുഷ്യർക്ക് വേണ്ടി സ്വയം സമര്പ്പിക്കുന്ന മനുഷ്യനിലേക്കുള്ള മാറ്റം തീരെ നിസാരമായ് കാണാവുന്ന ഒന്നല്ല . അത് അക്ഷയുടെ മികവും ചിത്രത്തിലെ കഥാപാത്രത്തോടുള്ള ആത്മസമർപ്പണവും ദേശീയബോധവും തന്നെയാണ് . അക്ഷയുടെ എയർലിഫ്റ്റിലെ അഭിനയത്തെ എത്ര പ്രശംസിചാലും അധികമാവില്ല . ദേശീയ അവാർഡിനർഹമായ അഭിനയം തന്നെയാണ് അക്ഷയ് ഈ ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത് . നായിക നിമ്രത് കൗർന്റെ അഭിനയവും പ്രശംസനീയമാണ് .
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അതിലെ ഒരു കഥാപാത്രം പോലെ തന്നെയാണ് . ഓരോ പ്രേക്ഷകന്റെയും ഉള്ളിലെ വൈകാരികതയുടെ തന്ത്രികളെ തൊട്ടുണർത്തും തരത്തിലുള്ള ശക്തി പശ്ചാത്തലസംഗീതത്തിനുണ്ടെന്നു പറയാതെ വയ്യ . അമാൽ മാലിക്ക് മികച്ച രീതിയിൽ സംഗീതം നൽകി അവിസ്മരണീയമായ് കെകെ ആലപിച്ച എയർലിഫ്റ്റിലെ ‘ തു ബുലാ ജിസേ ‘ എന്ന ഗാനം ഓരോ ഭാരതീയന്റെയും ഉള്ളിൽ ദേശീയതയുടെ തിരകൾ ഉയർത്തുന്നതാണ് . ഈ ഗാനം ചിത്രത്തിൽ ഒഴിച്ചുകൂടാനാവാത്തതുമാണ് . കുമാര്‍ എഴുതിയ ഓരോ വരിയും യഥാര്‍ഥ വൈകാരികതയുടെ ചോരയില്‍ മുക്കിയവയാണ്.
പ്രിയ സേതിന്റെ സിനിമാട്രോഗ്രഫി ചിത്രത്തിന് നൽകുന്നത് വേറിട്ട ഒരു മുഖമാണ് . റാസൽ ഖൈമയിലെയും (യു എ ഇ ) രാജസ്ഥാനിലെയും ലൊക്കേഷനുകൾ പ്രിയ പകർത്തിയിരിക്കുന്നത് അപാരമായ തലങ്ങളിലാണ് . മരുഭൂമിയുടെ രംഗങ്ങൾ പ്രിയ പകർത്തിയിരിക്കുന്നത് അതിഗംഭീരമായാണ് . ഹേമന്തി സർക്കാരിന്റെ ചിത്രസംയോജനവും ഏറെ പ്രശംസ അർഹിക്കുന്നതാണ് .
ഒറ്റനോട്ടത്തിൽ എയർലിഫ്റ്റ് പൂർണ്ണമായും യഥാര്‍ഥമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയതയിൽ ഉൾക്കൊണ്ട ഒരു ക്ലാസിക് ചിത്രമാണ് . ഈ വർഷത്തെ എന്നല്ല ചരിത്രത്തിലെ തന്നെ മികച്ച ചിത്രമാകുന്ന ഒന്നാണ് . വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലാത്ത സിനിമ . തീർച്ചയായും ഒരു ദേശീയ അവാർഡ് എയർലിഫ്റ്റ് അർഹിക്കുന്നു . ഒപ്പം മികച്ച നടനുള്ള അവാർഡ് അക്ഷയും അർഹിക്കുന്നു . ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് എയർ ലിഫ്റ്റ് . തീർച്ചയായും ചിത്രം കാണുക ഈ പറഞ്ഞതൊന്നും അതിശയോക്തിയല്ല എന്ന് ഓരോരുതർക്കും വ്യക്തമാകും .
Post Your Comments