Cinema

ബാഹുബലിയുടെ കണ്ണൂര്‍ വനമേഖലയിലെഷൂട്ടിംഗ് ആദിവാസികളുടെ സാമൂഹ്യ പ്രശ്നമായി വഴിമാറുന്നു

ബാഹുബലിയുടെ കണ്ണൂര്‍ വനമേഖലയിലെ ഷൂട്ടിംഗ് ആദിവാസികളുടെ സാമൂഹ്യ പ്രശ്നമായി വഴിമാറുന്നു

ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗം കേരളത്തില്‍ കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തടസ്സവാദങ്ങളുമായ് ആദിവാസി കോണ്‍ഗ്രസ് രംഗത്ത് വന്നു . ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തത് കണ്ണൂരിലെ കണ്ണവം വനത്തിലെ പെരുവയല്‍ പ്രദേശമാണ് . എന്നാല്‍ ചിത്രത്തിന്‍റെ ചിത്രീകരണത്തിനും സെറ്റ് നിര്മ്മാണത്തിനുമെല്ലാം വേണ്ടി വനനിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച് ഉപരോധം അടക്കമുള്ള പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് ആദിവാസി കോണ്ഗ്രസ് തയ്യാറെടുക്കുന്നു .പരിസ്ഥിതി സംരക്ഷണ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഊരുകളിലെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന വനം വകുപ്പിന്‍റെ ഇരട്ടത്താപ്പ് നയമാണ് കാട് ചിത്രീകരണത്തിനു വിട്ടുകൊടുത്തതിലൂടെ വെളിവായതെന്നും ആദിവാസി സംരക്ഷണ സമിതി ആരോപിച്ചു , കുറിച്ച്യ മുന്നേറ്റ സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇവരോടൊപ്പമുണ്ട് . എന്നാല്‍ ബാഹുബലി സിനിമയ്ക്കെതിരെയോ അണിയറപ്രവര്‍ത്തകര്‍ക്കെതിരെയോ അല്ല വനം വകുപ്പിനെതിരെയാണ് പ്രതിഷേധം എന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു .

ഇപ്പോള്‍ പരസ്യമായ് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചും ആദിവാസികളെ വെല്ലുവിളിച്ചുമാണ് കാടിനുള്ളിലെ ഷൂട്ടിങ്ങിന് വനം വകുപ്പ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്നാണ് ഇവര്‍ ആരോപണത്തിലൂടെ വെളിവാക്കുന്നത് . മുന്‍പ് ഇവിടുത്തെ ആദിവാസി കോളനികള്‍ക്ക് അടിസ്ഥാന വികസനത്തിനുള്ള പദ്ധതികള്‍ ഉള്‍പെടുത്തി സര്‍ക്കാര്‍ 2 കോടി രൂപ അനുവദിക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു . എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരില്‍ റോഡ്‌ നിര്‍മാണം ടാറിംഗ് ഉള്‍പ്പടെയുള്ള ജോലികള്‍ തടസപ്പെട്ടിരുന്നു .എന്നാല്‍ ബാഹുബലിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള നിയമലംഘനങ്ങളും നടന്നിട്ടില്ലെന്ന് കണ്ണൂര്‍ ഡിഎഫ്ഒ സി വി രാജന്‍ അറിയിച്ചു . ദിവസം പതിനായിരം രൂപ വീതം 22 ദിവസത്തേക്ക് 3,30,000 രൂപ ചട്ടപ്രകാരം സര്‍ക്കാരിലേക്ക് അടച്ചാണ് ബാഹുബലി ചിത്രീകരണത്തിന് അണിയറ പ്രവര്‍ത്തകര്‍ അനുമതി നേടിയത് . ഇത്തരത്തില്‍ കണ്ണവം വനത്തില്‍ സിനിമാ ഷൂട്ടിംഗ് മുന്‍പും നടന്നിട്ടുണ്ട് . ഒരു തരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങളും മാലിന്യനിക്ഷേപങ്ങളും നടത്തില്ലെന്ന് ബാഹുബലി ടീമില്‍ നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട് . നിരീക്ഷണത്തിനായ് ഉദ്യോഗസ്തരേ നിയോഗിചിട്ടുമുണ്ട് . അതെപോലെ വനംവകുപ്പ് ഇതുവരെയും ഒരു വികസനപ്രവര്‍ത്തനങ്ങള്‍ക്കും തടസം നിന്നിട്ടില്ലെന്നും , ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നില്‍ എന്തോ ഗൂഡലക്ഷ്യമുള്ളവര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ഷൂട്ടിങ്ങിന്‍റെ ഏകോപന ചുമതലയുള്ള അരവിന്ദന്‍ കണ്ണൂരും ആരോപണങ്ങള്‍ നിഷേധിച്ചു . വനത്തിലെ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലതല്ല ഷൂട്ടിംഗ് നടക്കുന്നത് , സ്ഥിരം ഷൂട്ടിംഗ് നടക്കുന്നിടത്ത് തന്നെയാണ് ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇതുമായ് ബന്ധപ്പെട്ട പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് കോളയാട് പഞ്ചായത്ത് പ്രസിഡന്‍ട് കെ പി സുരേഷ് കുമാറും അറിയിച്ചു

shortlink

Related Articles

Post Your Comments


Back to top button