
അമല്‍ ദേവ
അമിതപ്രതീക്ഷകള്‍ വളരെ കുറവായിരുന്നു ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസിന് . എന്നാല്‍ ട്രെയിലര്‍ ഇറങ്ങിയതിനു ശേഷം ചിത്രത്തിന്‍റെ റിലീസിനായ് പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു . കഴിഞ്ഞ കൊല്ലം ഫഹദ് ഫാസില്‍ വലിയ പരാജയങ്ങളുടെ കയ്പ്പുനീര്‍ കുടിച്ചിരുന്നു . പക്ഷെ ഇക്കൊല്ലം ഇറങ്ങിയ മണ്‍സൂണ്‍ മംഗോസ് വിജയത്തിന്‍റെ ഇരട്ടിമധുരം അദ്ദേഹത്തിന് സമ്മാനിക്കുന്നു , അതെ വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ആരാധകരില്‍ നിന്നും സിനിമാപ്രേമികളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത് . അതെ പരാജയത്തിന്റെ വേനല്‍ച്ചൂടില്‍ പെയ്ത വിജയത്തിന്റെ കുളിര്‍മഴ തന്നെയാണ് ഫഹദിന് മണ്‍സൂണ്‍ മാംഗോസ് . പ്രിഥ്വിരാജിന്‍റെ തകര്‍പ്പന്‍ വിജയം നേടി മുന്നേറുന്ന പാവടയോടൊപ്പം റിലീസ് ചെയ്തത് കൊണ്ട് സാമ്പത്തികമായ് ചിത്രം എത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്നു കാണാം . എന്നിരുന്നാലും ചിത്രം വളരെ നല്ലതാണ് , ഫഹദ് സ്പര്‍ശമുള്ള വേറിട്ട ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ് . ഫഹദ് ഫാസിലിന്‍റെ ഏവരും കാത്തിരുന്ന ശക്തമായ മടങ്ങിവരവ് തന്നെയാണ് മണ്‍സൂണ്‍ മാംഗോസ് .ഇതുവരെ കാണാത്ത വളരെ പുതുമയുള്ള പ്രമേയമാണ് മണ്‍സൂണ്‍ മാംഗോസ് .
അബി വര്‍ഗീസ് എന്ന പുതുമുഖ സംവിധായകനാണ് മണ്‍സൂണ്‍ മാംഗോസ് സംവിധാനം ചെയ്തത് . മുന്‍പ് സൂപ്പര്‍ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ ” അക്കരക്കാഴ്ചകളിലൂടെ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതാണ് . ആദ്യമായ് ബിഗ്‌സ്ക്രീനില്‍ മണ്‍സൂണ്‍ മാംഗോസ് തന്നെയാണ് . ഇപ്പോള്‍ അതും മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്നു . കായല്‍ ഫില്മ്സിന്റെ ബാനറില്‍ തമ്പി ആന്‍റണിയാണ് മണ്‍സൂണ്‍ മാംഗോസ് നിര്‍മിച്ചിരിക്കുന്നത് .
സിനിമ മാത്രം സ്വപ്നം കണ്ടുനടക്കുന്ന ചെറുപ്പക്കാരനാണ് ദാവീദ് എന്ന ഡി.പി പള്ളിക്കല്‍ ( ഫഹദ് ഫാസില്‍ ) . അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ദാവീദിന്റെ ആരാധനപാത്രങ്ങള് സത്യജിത് റേയും, പത്മരാജനുമൊക്കെയാണ്. താന്‍ ജനിച്ചുവളര്‍ന്ന അമേരിക്കയില്‍ തന്നെ മലയാള സിനിമ ചെയ്യണമെന്നാണ് ദാവീദിന്‍റെ ആഗ്രഹം .കാലം പോകുന്നതനുസരിച്ച് സിനിമയും മുന്നോട്ട് പോയെങ്കിലും കഥയുടെ കാര്യത്തില്‍ ഡി.പി ഇപ്പോഴും പഴഞ്ചനാണ്. അതിനിടെയാണ് പണ്ടേതോ ഹിന്ദി സിനിമയില്‍ നായകനായെത്തി ഒന്നുമാകാതെ പോയ പ്രേംകുമാര്‍ എന്ന നടനെ ഡിപി പരിചയപ്പെടുന്നത് . അങ്ങനെ ദാവീദ് , പ്രേംകുമാര്‍ എന്ന നടനെ നായകനാക്കി താന്‍ തന്നെ എഴുതിയുണ്ടാക്കിയ മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രം പൂര്‍ത്തീകരിക്കാന്‍ ഡിപി ഇറങ്ങിപ്പുറപ്പെടുന്നു . തുടര്‍ന്ന് ചിത്രം കാണുക .
ഫഹദ് ഫാസില്‍ എന്ന നടന്‍റെ കരിയര്‍ ഗ്രാഫില്‍ വളരെ വേറിട്ട ഒരു കഥാപാത്രമാണ് മണ്‍സൂണ്‍ മാംഗോസിലെ ദാവീദ് എന്ന ഡിപി . ഫഹദ് ഫാസിലിന്‍റെ കിരീടത്തിലെ ഒരു പോന്‍തൂവലെന്നു തന്നെ പറയാം ഈ ചിത്രം . ജാവ സിമ്പിളാണ് പവര്‍ഫുള്ളാണ് എന്ന് തകര്‍പ്പന്‍ ഡയലോഗ് പ്രേമത്തിലൂടെ പറഞ്ഞ പോലെ വളരെ സിമ്പിള്‍ എന്നാല്‍ വളരെ പവര്‍ഫുള്‍ അഭിനയത്തിലൂടെ വിനയ് ഫോര്‍ട്ട് ഏവരുടെയും മനംകവര്‍ന്നു . ഐശ്വര്യ മേനോന്‍റെ നായികാ വേഷം വളരെ ചുരുങ്ങിപ്പോയ് . അത്രതന്നെ ചെറിയ കഥാപാത്രമാണ് ടോവിനോ തോമസിന്‍റെതും . ഫഹദ് കഴിഞ്ഞാല്‍ ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം ബോളിവുഡ് താരം വിജയ് റാസിന്‍റെ പ്രേംകുമാര്‍ എന്നാ കഥാപാത്രമാണ് , ചടുലമായ അഭിനയചാതുര്യത്തിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നു . അക്കരകാഴ്ച്ചകള്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോസുകുട്ടി ,സജിനി , അന്‍സാര്‍ ലീ ലോപസ് എന്നിവരും മണ്‍സൂണ്‍ മാംഗോസില്‍ നല്ല അഭിനയം കാഴ്ചവെച്ചു . തമ്പി ആന്റണി , നന്ദു , ശിവറാം എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത് . അമേരിക്കന്‍ മലയാളികളുടെ ജീവിതരീതികളും സാഹചര്യങ്ങളും സിനിമയിലേക്ക് പൂര്‍ണ്ണമായും പകര്‍ത്താന്‍ സംവിധായകന്‍ അബിക്ക് സാധിച്ചിട്ടുണ്ട് . ദുല്‍ക്കര്‍ ചിത്രമായ എബിസിഡി ക്ക് തിരക്കഥയൊരുക്കിയ നവീന്‍ ഭാസ്കറാണ് ചിത്രത്തിന്‍റെ സംഭാഷണം ഒരുക്കിയിരിക്കുന്നത് . എബി വര്‍ഗീസും , മട്ട് ഗ്രബ്ബും , നവീനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . ലൂക്കാസിന്‍റെ സിനിമാട്രോഗ്രഫി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതാണ് , കാരണം അമേരിക്കയെ ഇത്ര ഭംഗിയായ് ചിത്രീകരിച്ച ഒരു മലയാളം ചിത്രം ഇതാദ്യമാണ് , ഇംഗ്ലീഷ് ചിത്രങ്ങളെ വെല്ലുന്ന തരത്തിലുള്ള മനോഹരമായ ഫ്രെയ്മുകള്‍ ചിത്രത്തിന്‍റെ വലിയൊരു പ്രത്യേകതയാണ് . ഡോണ്‍ മാക്സിന്‍റെ ചിത്രസംയോജനവും എടുത്തു പറയേണ്ടതാണ് . സിനിമയോട് ഏറ്റവും നീതി പുലര്‍ത്തുന്ന സംഗീതവും പശ്ചാത്തല സംഗീതവുമാണ് ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്നത് .
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ പുതുമയുള്ള പ്രമേയം അവതരിപ്പിക്കുന്ന സിനിമ . ജീവിതതെക്കാളുപരി സിനിമയെ സ്നേഹിച് ഒടുവില്‍ സിനിമയേക്കാള്‍ വലുത് ജീവിതം തന്നെയാണെന്ന് മനസിലാക്കിയ ഒരു അമേരിക്കന്‍ പ്രവാസി ചെറുപ്പക്കാരന്‍റെ കഥ . ഒരു കച്ചവടസിനിമയല്ല ഇത് അതുകൊണ്ട് തന്നെ ഇതൊരു മാസ് ചിത്രമോ കച്ചവടത്തിന്‍റെ ചേരുവകള്‍ ഇട്ടു വേവിച്ച ചിത്രമോ അല്ല . പക്ഷെ ഇതൊരു നല്ല സിനിമയാണ് , സിനിമയെ സ്നേഹിക്കുന്നവരുടെ മനം കവരുന്ന അതിമധുരമുള്ള സിനിമാ മാമ്പഴം . സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് സമ്മാനമായ് കിട്ടുന്ന ഏറെ മധുരമുള്ള സിനിമാമാമ്പഴമാണ് മണ്‍സൂണ്‍ മാംഗോസ് .
Post Your Comments