Cinema

ഇളംവെയിൽ … മണ്ണിലേക്ക് ഇറങ്ങുക…

അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തില്‍ മണ്ണിലേക്ക് ഇറങ്ങുക എന്ന ആശയം ഉള്‍ക്കൊണ്ട് ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണ് ഇളംവെയില്‍. ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച നന്മകള്‍ പൂക്കുന്ന നാട്ടില്‍ എന്ന ചിത്രത്തിന് ശേഷം ഷിജു ബാലഗോപാലന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സര്‍ഗ്ഗം ചിറ്റാരിപ്പറമ്പ ഫിലിംസിന്റെ ബാനറില്‍ മുകുന്ദന്‍ കൂര്‍മ്മ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ: കുമാരന്‍ വയലേരിയാണ്. ചിത്രത്തിന്റെ പ്രൊജക്ട് ഡിസെന്‍ ചെയ്തത് കണ്ണൂര്‍ ടാക്കീസാണ്. കണ്ണൂരിലെ ആനിമാക്‌സാണ് സാങ്കേതിക സഹായം. 8 ലക്ഷം രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. 2015 ആഗസ്ത് 17(ചിങ്ങം 1) മുതല്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ജനകീയമായി പ്രദര്‍ശിപ്പിച്ച് വരുന്ന ഇളംവെയില്‍ നവംബര്‍ 13 ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. കെ എസ് എഫ് ഡി സി തിയേറ്ററുകളിലും കണ്ണൂരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കഥാചുരുക്കം
അന്താരാഷ്ട്ര മണ്ണ് വര്‍ഷാചരണത്തിന്റെ ഭാഗമായി മണ്ണിന്റെ പ്രാധാന്യത്തെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്ന കഥാചിത്രമാണ് ഇളംവെയില്‍. മനുഷ്യര്‍ക്ക് മണ്ണ് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍.
രാഹുല്‍ എന്ന ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയും അവന്റെ സ്‌കൂളില്‍ പുതുമായി വന്ന മോഹനകൃഷ്ണന്‍ മാഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മണ്ണില് കളിച്ചതുകൊണ്ട് ആരും മരിക്കുന്നില്ലെന്ന് പറയുന്ന ചിത്രം മണ്ണിനെ മലിനമാക്കുന്നവരാണ് ജീവജാലങ്ങളെ ഇല്ലാതാക്കുന്നത് എന്ന് വിളിച്ച് പറയുന്നു
ജീവിതത്തില്‍ ഏറ്റുവാങ്ങിയ തിക്താനുഭവങ്ങള്‍ പുറത്ത് ആരെയും അറിയിക്കാതെ മനസില്‍ സുക്ഷിച്ച് നടക്കുന്ന രാഹുല്‍, അവന്റെ പ്രയത്‌നത്തിലൂടെ കുടുംബത്തിന് താങ്ങാവുകയാണ്. എടുത്തുചാട്ടക്കാരനായ രാഹുലിനെ അടുത്ത സുഹൃത്തുക്കള്‍ക്കല്ലാതെ സ്‌കൂളില്‍ വേറെ ആര്‍ക്കും അത്ര ഇഷ്ടമല്ല. മറ്റുകുട്ടികളെ തന്റെ മുന്നില്‍ വെച്ച് അധ്യാപകര്‍ അഭിനന്ദിക്കുന്നതില്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കാറുള്ള രാഹുലിന് തന്റെ അധ്യാപകരുടെ മുന്നില്‍ തനിക്ക് പ്രശസ്തനാകാനുള്ള ആഗ്രഹം ഉണ്ടാകുന്നു. അതിന് വേണ്ടി അവന്‍ നടത്തുന്ന ശ്രമങ്ങളെല്ലാം അവനെ കൂടുതല്‍ പരിഹാസനാക്കുക മാത്രമേ ചെയ്തിട്ടുള്ളു. അങ്ങനെയിരിക്കെയാണ് അവന്റെ സ്‌കൂളില്‍ പുതിയ അധ്യാപകനായി മോഹനകൃഷ്ണന്‍ വരുന്നത്. മറ്റ് കുട്ടികളില്‍ നിന്നും വ്യത്യസ്ഥനായ രാഹുലിനെ മോഹനകൃഷ്ണന്‍ തിരിച്ചറിയുന്നു. മോഹനകൃഷ്ണന്റെ വരവോടെ രാഹുലിന്റെ ജീവിതം മാറിമറയുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ഇളംവെയില്‍ പറയുന്നത്.

കണ്ണൂര്‍ ടാക്കീസ്.
ഷിജു ബാലഗോപാലന്റെ പ്രൊഡക്ഷന്‍ ഹൗസാണ് കണ്ണൂര്‍ ടാക്കീസ്. സിനിമയയെന്ന സ്വപ്‌നത്തിന് പിറകെയുള്ള കുറേവര്‍ഷത്തെ അലച്ചിലിനൊടുവിലാണ് എന്തുകൊണ്ട് തന്റെ നാട്ടില്‍ നിന്നുകൊണ്ട്, തനിക്ക് ചുറ്റുമുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തി സിനിമകള്‍ ഉണ്ടാക്കണം എന്ന ചിന്ത ഷിജുവില്‍ ഉണ്ടാകുന്നത്. ആ ചിന്ത തന്റെ നാട്ടില്‍ നിന്നും ജനകീയ സിനിമ ഉണ്ടാക്കണം എന്ന ആശയത്തിലേക്ക് എത്തിച്ചു. അങ്ങനെയാണ് ഷിജു കണ്ണൂര്‍ ടാക്കീസിന് രൂപം കൊടുക്കുന്നത്. മുഖ്യധാര സിനിമകളോടൊ സിനിമാക്കാരൊടൊ ഉള്ള വിദ്വേഷമൊന്നുമല്ല ഷിജു കണ്ണൂര്‍ടാക്കീസ് ഉണ്ടാക്കാനും ഈ രീതിയില്‍ സിനിമ ചെയ്യാനുമുള്ള കാരണം, അവസരങ്ങള്‍ ഇല്ലാത്ത എന്നാല്‍ സിനിമയെ ആത്മാര്‍ത്ഥമായി സ്വപ്‌നം കാണുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവരുടെ സ്വപ്‌നത്തിന് കൈത്താങ്ങാവുക, നമുക്ക് ചുറ്റുമുള്ള നല്ല അഭിനയതാക്കളെ കണ്ടെത്തി അവതരിപ്പിക്കുക, നാട്ടിന്‍ പുറത്ത് നിന്നും ചെറിയ ബഡ്ജറ്റില്‍ നല്ല സിനിമകള്‍ ചെയ്യുക, സാധാരണക്കാരനും എത്തിപ്പിടിക്കാന്‍ കഴിയുന്ന തലത്തിലേക്ക് സിനിമയെ കൊണ്ടുവരിക തുടങ്ങിയവയാണ് കണ്ണൂര്‍ ടാക്കീസിന്റെ ലക്ഷ്യങ്ങള്‍. കഴിഞ്ഞ രണ്ട് സിനിമകളും പുതുമുഖങ്ങളെമാത്രം ഉള്‍പ്പെടുത്തി നിര്‍മ്മിച്ചവയാണ്. സിനിമയുടെ മുന്നിലും പിന്നിലുമായി 70 ഓളം പേര്‍ക്ക് അവസരം കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്.

ആദ്യ സിനിമയായ നന്മകള്‍ പൂക്കുന്ന നാട്ടില്‍ പൂര്‍ണ്ണമായും ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച സിനിമയാണ്. ഒരു ഗ്രാമം മുഴുവന്‍ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായിട്ടുണ്ട്. 20 രൂപയുടെ സമ്മാനകൂപ്പണ്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്താണ് സിനിമയുടെ നിര്‍മ്മാണത്തിനാവശ്യമായ തുക കണ്ടെത്തിയത്. സിനിമാചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ ബഡ്ജറ്റായ 3,15000 രൂപയ്ക്കാണ് നന്മകള്‍ പൂക്കുന്ന നാട്ടില്‍ പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ കൊയ്യോട്ടെ വെങ്ങിലോട് ഉദയകലാസമിതിയുമായി ചേര്‍ന്നാണ് നന്മകള്‍ പൂക്കുന്ന നാട്ടില്‍ നിര്‍മ്മിച്ചത്. നന്മകള്‍ പൂക്കുന്ന നാട്ടില്‍ മൂവിംഗ് തിയേറ്റര്‍ എന്ന ആശയത്തിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. കണ്ണൂര്‍ ജില്ലയിലെ എല്ലാ പ്രദേശത്തും സിനിമ ജനകീയമായാണ് പ്രദര്‍ശിപ്പിച്ചത്.
നന്മകള്‍ പൂക്കുന്ന നാട്ടില്‍ ന് ശേഷം കണ്ണൂര്‍ ടാക്കീസ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രമാണ് ഇളംവെയില്‍. ഇളംവെയില്‍ ചിങ്ങം 1 മുതല്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ജനകീയമായി പ്രദര്‍ശിപ്പിച്ച് വരികയാണ്.

ഈ രണ്ട് ചിത്രങ്ങളുടെയും സാങ്കേതികമായ എല്ലാ ജോലികളും പൂര്‍ത്തിയാക്കിയത് കണ്ണൂരില്‍ വെച്ച് തന്നെയാണ്. സിനിമയുടെ ദൃശ്യഭംഗിക്കാവശ്യമായ ഉപകരണങ്ങള്‍ വാടകയ്ക്ക് എടുത്ത് ചെയ്യാനുള്ള സാമ്പത്തികം ഇല്ലാത്തതിനാല്‍, ജിബ്ബ്, സ്റ്റഡിക്യാം, ട്രാക്ക്, ഷോള്‍ഡര്‍ പാഡ്, ലൈറ്റുകള്‍ തുടങ്ങിയവ ഷിജു സ്വന്തമായി ഉണ്ടാക്കുകയാണ് ചെയ്തത്. ഈ ഡിജിറ്റല്‍ സിനിമാ കാലഘട്ടത്തില്‍ നാട്ടിന്‍ പൂറത്ത് നിന്ന് ചുരുങ്ങിയ ചിലവില്‍ സിനിമ ചെയ്യാനുള്ള പുതു വഴികള്‍ തേടുകയാണ് കണ്ണൂര്‍ ടാക്കീസ്.

അണിയറപ്രവര്‍ത്തകര്‍

ബാനര്‍ : സര്‍ഗ്ഗം ചിറ്റാരിപ്പറമ്പ ഫിലിംസ്
നിര്‍മ്മാണം : മുകുന്ദന്‍ കൂര്‍മ്മ,
ഛായാഗ്രഹണം & സംവിധാനം : ഷിജു ബാലഗോപാലന്‍
കഥ, തിരക്കഥ, സംഭാഷണം : ഡോ: കുമാരന്‍ വയലേരി,
എഡിറ്റര്‍ : പ്രശോഭ്
പശ്ചാത്തല സംഗീതം : വിഷ്ണു ശ്യാം
പ്രൊജക്ട് ഡിസൈനര്‍ : ഷിനു ബാലഗോപാലന്‍
കലാസംവിധാനം : പ്രിയന്‍ കാരയമ്പലം
ഗാനരചന & സംഗീതം : ഷിജി
പാടിയത് : സിത്താര
മേക്കപ്പ് : അഖില്‍ അഖി
ടെക്‌നിക്കല്‍ അഡൈ്വസര്‍ : രജീഷ് കാടാച്ചിറ
സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ് : മനീഷ് എം ജെ
അസോസിയേറ്റ് ഡയറക്ടേര്‍സ് : ജിതിന്‍ പത്മനാഭന്‍, ഷരീഫ് കൂവേരി,
ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ : ശരത്ത് കെ ചന്ദ്രന്‍
ടൈറ്റില്‍ സ്‌കെച്ച്‌സ് : അനൂപ് സെല്‍വിന്‍
ഓപ്പറേറ്റീവ് & അസോസിയേറ്റ് ക്യാമറാമാന്‍ : വിഗേഷ് പൂക്കോത്ത്.

അഭിനയിച്ചവര്‍

സുമിത്ത് രാഘവ്, ദീക്ഷിത്ത് ദിലീപ്, വി കെ കുഞ്ഞികൃഷ്ണന്‍, ജയലക്ഷ്മി തുടങ്ങിയ പുതുമുഖങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button