Movie Reviews

REVIEW റാണി പത്മിനി റിവ്യൂ ” – മനോഹരം ഈ ദൃശ്യാനുഭവം

സുരേഷ് കുമാര്‍ രവീന്ദ്രന്‍

സിനിമയ്ക്ക് ഒരുപാട് ആചാരങ്ങളുണ്ട്, പ്രത്യേകിച്ച് മലയാള സിനിമയ്ക്ക്. അവയൊന്നും അനുസരിക്കാതെ “വ്യത്യസ്തം” എന്ന പ്ലക്കാർഡും പിടിച്ച് വരുന്ന സിനിമകളെ അരിച്ച് പെറുക്കി, നെല്ലും പതിരും മാറ്റി വച്ച്, ഫൈനൽ ക്വാളിറ്റി വിസിലും കിട്ടിയാൽ മാത്രമേ മലയാളി സിനിമാ പ്രേക്ഷകർ സ്വീകരിക്കൂ. കാരണം, നമ്മൾ കാലാകാലങ്ങളായി ശീലങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. പറഞ്ഞു പറഞ്ഞ് പഴകിയ സംഗതിയായിക്കോട്ടെ യാതൊരു പ്രശ്നവുമില്ല, പക്ഷെ മേമ്പൊടി അത് പുതിയതായിരിക്കണം. കുറച്ചധികം ചെറിപ്പഴങ്ങളും, ചോക്ലേറ്റ് പൊടിയും മുകളിൽ വാരി വിതറിയ പഴയ കേക്കിനാണ് ഏറ്റവും അധികം ഡിമാൻഡ്. എന്നാൽ, അത്ഭുതമെന്നോണം ഇപ്പോൾ അതിനൊരു മാറ്റം വന്നു തുടങ്ങി. സിനിമകളിലെ കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള ശേഷി നമ്മൾ പ്രേക്ഷകർക്ക് വന്നു തുടങ്ങി. പുതിയ കുപ്പിയിലെ പഴയ വീഞ്ഞുകളെ നിർദ്ദയം പൊട്ടിച്ച് തറയിൽ ഒഴിച്ച് കളയാൻ ശീലിച്ചു തുടങ്ങിയിരിക്കുന്നു നമ്മളെല്ലാവരും. അങ്ങനെ വേസ്റ്റ് ക്ലീനിംഗ് ഒക്കെ കഴിഞ്ഞ് നല്ലതിനെ സ്വീകരിക്കാനുള്ള മനസ്സുമായി കാത്തിരിക്കുന്ന മലയാളി പ്രേക്ഷകന്റെ മുന്നിൽ എത്തിയ, “ഫീൽ ഗുഡ്” എന്ന അവസ്ഥയുടെ ഒത്ത ഉയരം കാണിച്ചു തരുന്ന, ഒരു ലക്ഷണമൊത്ത ചിത്രമാണ് “റാണി പത്മിനി”.

പറഞ്ഞു പോകാൻ ഒരു പ്രത്യേക കഥയില്ല, പക്ഷെ നല്ലൊരു പ്ലാനുണ്ട്. അതിനൊക്കെ മുകളിൽ വ്യക്തമായൊരു ലക്ഷ്യമുണ്ട്. അതാണ്‌ ആഷിക് അബുവിന്റെ സ്വന്തം “റാണി പത്മിനി”. ബലമായ സംശയം, രസകരമായ ഒരു “കുളു-മണാലി” യാത്ര പ്ലാൻ ചെയ്തിട്ട് അതിന്റെ ഇടയിലൂടെ സിനിമ ചെയ്യാം എന്നതായിരുന്നിരിക്കണം പുള്ളിക്കാരന്റെ പ്ലാൻ. അല്ലെങ്കിൽ, “ഒരാൾപ്പൊക്കം” എന്ന സിനിമയിലെ ഹിമാലയം സീക്വൻസുകൾ നൽകിയ പ്രചോദനം. രണ്ടായാലും, പ്രേക്ഷകർക്ക്‌ വളരെ രസകരമായ ഒരു യാത്ര നടത്തിയ ഫീലായിരുന്നു സിനിമ മുഴുവനും. ആഷിക് അബുവിന് നൂറിൽ നൂറ് മാർക്ക്. ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത “ഇവർ” എന്ന ചിത്രത്തിലെ സ്റ്റെഡി ക്യാം ഓപ്പറേറ്ററുടെ പേരിലാണ് മധു നീലകണ്ഠൻ എന്ന ഛായാഗ്രാഹകനെ ആദ്യമായി അറിയുന്നതെന്ന് തോന്നുന്നു. അവിടെ നിന്ന് ഇങ്ങോട്ട് 10-11 വർഷങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ വളർച്ച ശരിക്കും അമ്പരപ്പിക്കുന്നതാണ്. ചിത്രത്തിൽ സംവിധായകന്റെ കണ്ണുകളായിരുന്നു മധുവിന്റെ ക്യാമറ. അനാവശ്യ ഗിമ്മിക്സുകളൊന്നുമില്ലാത്ത പെർഫെക്റ്റ് വർക്ക്. ആശംസകൾ മധു നീലകണ്ഠൻ.

കഥയിൽ ഒരു കാര്യവുമില്ലെങ്കിലും, തിരക്കഥ അച്ചട്ടായിരുന്നു. കുറച്ചു കൂടെ വിശദമാക്കിയാൽ, ഷൂട്ടിങ്ങ് സ്ക്രിപ്റ്റ് പെർഫെക്റ്റ് ! അതിലെ ആ ചടുലത്വം “റാണി പത്മിനി”യിൽ അങ്ങോളമിങ്ങോളം കാണാൻ സാധിച്ചു. ആഷിക് അബു ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കുന്നത് ഒരു സ്ഥിരം ജോലിയായി ഏറ്റെടുത്ത ശ്യാം പുഷ്ക്കരന് സന്തോഷപൂർവ്വം പുഞ്ചിരിക്കാം. രവിശങ്കർ എന്ന രണ്ടാമന് അഭിമാനിക്കാം. ചിലയിടത്ത് ചാരം, ചിലയിടത്ത് പുക എന്ന രീതിയിലുള്ളതും, ഫിനിഷിംഗ് കുറവുള്ളതുമായ ഒരു പിടി രംഗങ്ങൾ ചിത്രത്തിലുണ്ടായിരുന്നുവെങ്കിലും, മൊത്തത്തിൽ തിരക്കഥാകൃത്തുക്കളുടെ ഭാഗം തൃപ്തികരം. ഏകദേശം മുക്കാൽ മണിക്കൂർ മാത്രം വരുന്ന ഒന്നാം പകുതിയും, ഒന്നര മണിക്കൂറോളം വരുന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേത്. കണ്‍ചിമ്മുന്ന വേളയിൽ “ഇടവേള” കാർഡ് തൂങ്ങിയെങ്കിലും, കൂടുതൽ സമയമെടുത്ത് വിസ്തരിച്ചു പറഞ്ഞ രണ്ടാം പകുതി വളരെ രസകരമായിരുന്നു. ആ പരാഗ്ലൈഡിംഗ് രംഗം മനസ്സിന് ശരിക്കും കുളിർമ്മ പകർന്നു. ഒപ്പം “സിന്ദഗി നാ മിലേഗി ദുബാര” എന്ന ഹിന്ദി ചിത്രത്തിന്റെ ഓർമ്മകളും മിന്നി മാഞ്ഞു.

ബിജിബാൽ എന്ന സംഗീത സംവിധായകനെക്കാളും ഒരുപാടൊരുപാട് പ്രിയം തോന്നിയത്, പശ്ചാത്തല സംഗീതം കൈകാര്യം ചെയ്ത ബിജിബാലിനോടാണ്. സംവിധായകന്റെ ആളാണ്‌ പുള്ളിക്കാരൻ. ചങ്ക് ചോദിച്ചാൽ അത് പറിച്ചു കൊടുക്കും,ചെമ്പരത്തിപ്പൂവ് മതിയെങ്കിൽ അത്, എല്ലാം ചോദിക്കുന്ന ആളിന്റെ വലിപ്പം പോലെയിരിക്കും. ഇവിടെ ചങ്ക് തന്നെയാണ് കിട്ടിയത്. ബിജിബാലിന് സ്പെഷ്യൽ അഭിനന്ദനങ്ങൾ. ചില രംഗങ്ങളിലൊക്കെ അവ ഡിമാൻഡ് ചെയ്യുന്ന മുഴുവൻ ഫീലും സൃഷ്ടിക്കാൻ ബിജിയുടെ ബി.ജി.എമ്മിന് സാധിച്ചു. സൈജു ശ്രീധരന്റെ എഡിറ്റിംഗ്, അജയൻ ചാലുശ്ശേരിയുടെ കലാസംവിധാനം തുടങ്ങിയവ ടോപ്‌ ക്ലാസ്സ് ആയിരുന്നു. രണ്ടുപേരുടെയും സാന്നിധ്യം അറിഞ്ഞതേയില്ല, തികച്ചും നാച്ചുറൽ.

മഞ്ജു വാരിയർ, റിമ കല്ലിങ്കൽ, രണ്ടു പേരും സംവിധായകന്റെ കയ്യിലെ റിമോട്ട് കണ്ട്രോൾ പ്രകാരം ജോലി ചെയ്യുന്ന നടിമാരായി സിനിമ മുഴുവൻ നിറഞ്ഞു നിന്നു. ഇരുവർക്കും അഭിനന്ദനങ്ങൾ. മഞ്ജുവിന്റെ ഭർത്താവായ ജിനു ജോസഫ്, അമ്മായി അമ്മയായ സജിത മടത്തിൽ, റിമയെ ഫോളോ ചെയ്യുന്ന വില്ലനായ ഹരീഷ് ഖന്ന, ചാനൽ റിപ്പോർട്ടർ ദിലീഷ് പോത്തൻ, ക്യാമറാമാൻ സൗബിൻ ഷാഹിർ, ട്രാക്കിംഗ് ടീമിലെ ശ്രീനാഥ് ഭാസി, തുടങ്ങി എല്ലാവരും ഓരോ വെടിയ്ക്കുള്ള മരുന്നുമായി സ്ക്രീനിൽ മാറി മാറി വന്നപ്പോൾ മൊത്തത്തിൽ തോന്നിയ ഫ്രഷ്‌നസ്, അതാണ്‌ “റാണി പത്മിനി” ഓഫർ ചെയ്യുന്ന എന്റർടെയിൻമെന്റ് പാക്കേജ്. അവരോടൊപ്പം മഞ്ജുവും, റിമയും കട്ടയ്ക്ക് കട്ട ചേർന്നപ്പോൾ, താരങ്ങളുടെ ഭാഗവും പെർഫെക്റ്റ്.

പ്രധാന പ്രശ്നം ഇതൊന്നുമല്ല, ആഷിക് അബുവിന്റെ മേൽ നാട്ടുകാർക്കുള്ള അമിത പ്രതീക്ഷകളാണ്. ഷോട്ട് ബൈ ഷോട്ട്, സീൻ ബൈ സീൻ, പുള്ളിക്കാരൻ ഭയങ്കര വ്യത്യസ്തത കൊണ്ടു വരും എന്ന് വിചാരിച്ച് കണ്ണും നട്ട് ഇരിക്കുന്നവർക്ക് ചിലപ്പോൾ കാണുന്നതൊക്കെ സാധാരണ റേഞ്ചിൽ ആയിപ്പോകാൻ ചാൻസുണ്ട്. 10-20 ശതമാനം വരുന്ന അവരെ തൃപ്തി പ്പെടുത്താൻ ഒരുപാട് പ്രയാസപ്പെടും. കാരണം, അവർക്ക് ഈ വില്ലനും, ഗുണ്ടകളും ചേർന്ന് കോമഡി കാണിക്കുന്നതും, ഫണ്‍ ചെയ്സിങ്ങും ഒക്കെ ചിലപ്പോൾ ഇഷ്ടപ്പെട്ടെന്ന് വരില്ല. അതിനുള്ള മരുന്ന് അമീർ ഖാൻ നേരത്തെ തന്നെ പറഞ്ഞു തന്നിട്ടുള്ളതാണല്ലോ, “ഇഗ്നോർ കർ, ഇഗ്നോർ കർ” ! അതൊഴിച്ച് ബാക്കിയെല്ലാം ഫസ്റ്റ് ക്ലാസ് തന്നെയാണ് പ്രിയപ്പെട്ട ആഷിക് അബു. തിരിഞ്ഞും, പിരിഞ്ഞും നോക്കാനില്ല, അടുത്ത പ്രോജക്റ്റിലേക്ക് തിരിഞ്ഞോളൂ. “റാണി പത്മിനി” നല്ലൊരു ഫാമിലി ഹിറ്റായി മാറി കുറച്ചു കാലം ഇവിടൊക്കെ കറങ്ങി നടക്കും. അത് ഉറപ്പ്.

shortlink

Related Articles

Post Your Comments


Back to top button