Cinema

ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് ബോളിവുഡ് താരത്തിന്റെ മെഴ്‌സിഡസ്‌ കാര്‍ അടിച്ചുമാറ്റി

മുംബൈ : ബോളിവുഡ് താരം സഹീല്‍ ഖാന്റെ മേഴ്‌സിഡസ് കാര്‍ ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞുവന്നയാള്‍ അടിച്ചുമാറ്റി. ഗുണ്ടാനേതാവായ അഫ്താബ് പട്ടേല്‍ ആണ് കാര്‍ മോഷ്ടിച്ചത്.
തന്റെ കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്ന സഹീല്‍ ഈ മാസം ഏഴിന് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അതുമായി ബന്ധപ്പെട്ട പരസ്യം നല്‍കിയിരുന്നു. 42 ലക്ഷം രൂപ വില നിശ്ചയിച്ചിരുന്ന കാര്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് അഫ്താബ് പട്ടേല്‍ അടുത്ത ദിവസം തന്നെ ഇവരെ ബന്ധപ്പെടുകയും ഒരു പ്രാവശ്യം ടെസ്റ്റ് ഡ്രൈവ് നടത്തുകയും ചെയ്തു. ടെസ്റ്റ് ഡ്രൈവിനു ശേഷം 50,000 രൂപ ടോക്കണ്‍ നല്‍കി കച്ചവടം ഉറപ്പിക്കുകയും രണ്ടു ദിവസത്തിനകം ബാക്കി പണം നല്‍കി കാര്‍ വാങ്ങിക്കൊള്ളാമെന്ന് അറിയിക്കുകയും ചെയ്തു.പത്താം തീയതി ഒരു സുഹൃത്തുമായി സഹീലിന്റെ വീട്ടിലെത്തിയ അഫ്താബ് വീണ്ടും ടെസ്റ്റ് ഡ്രൈവ് നടത്തണമെന്ന് ആവശ്യപ്പെടുകയും സഹീലിന്റെ ഡ്രൈവര്‍ കാര്‍ നല്‍കുകയും ചെയ്തു. കാറുമായി പോയ പട്ടേല്‍ പിന്നെ തിരികെ വന്നില്ല. പല തവണ വിളിച്ചെങ്കിലും ഇയാള്‍ ഫോണെടുക്കാത്തതിനെ തുടര്‍ന്ന് സഹീല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പട്ടേല്‍ ഉപയോഗിച്ചിരുന്ന പജീറോയും സാന്‍ട്രോ കാറും കണ്ടെത്തി.
വധശ്രമം, ഭൂമി തട്ടിപ്പ്, ആക്രമണം തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പോലീസ് തിരയുന്നയാളാണ് അഫ്താബ് പട്ടേല്‍. കാര്‍ മോഷണവുമായി ബന്ധപ്പെട്ടും മുംബൈയില്‍ പലയിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.

shortlink

Post Your Comments


Back to top button