MOVIE REVIEW | SURESH KUMAR RAVEENDRAN
ഒരു വർഷം ഏറ്റവും മിനിമം 150 സിനിമകൾ റിലീസാകുന്ന ഒരു വ്യവസായമാണ് നമ്മുടേത്. “റിലീസാകുന്നു” എന്നത് മാത്രമാണ് സത്യം. അവയിൽ 90 ശതമാനവും ഒരു അനക്കം പോലും സൃഷ്ടിക്കാതെ നിത്യവിസ്മൃതിയിലാണ്ടു പോകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എത്രയെത്ര നിർമ്മാതാക്കൾ കടക്കെണിയിലാവുന്നു! പുറം ലോകം അറിയാത്ത ആത്മഹത്യകൾ! അറിയാവുന്ന തൊഴിൽ ചെയ്ത് സമ്പാദിച്ചു കൂട്ടിയതൊക്കെ, സിനിമയിൽ നിക്ഷേപിച്ച് തെരുവിലിറങ്ങുന്നവരുടെ കണക്കോ ? ഒരു സിനിമ പരാജയപ്പെടുന്നതിന് കാരണങ്ങൾ പലതാണ്. പക്ഷെ, എന്തിനും ഒരു അടിസ്ഥാനകാരണം ഉണ്ടല്ലോ. ഇവിടെയത് ലക്‌ഷ്യം, ഉത്തരവാദിത്വം എന്നീ രണ്ടു ബോധങ്ങളിൽ സംഭവിക്കുന്ന പിഴവാണ്. ഈ പിഴവ് ഒരു പരിധി വരെ ഒഴിവാക്കാൻ കഴിഞ്ഞാൽ അവിടെ പരാജയം എന്ന വാക്ക് മാഞ്ഞു പോകുന്നു. സ്വാഭാവികമായും വിജയം ജനിക്കുന്നു. അത്തരത്തിലൊരു വിജയമാണ്, സനൽകുമാർ ശശിധരൻ എന്ന ചെറുപ്പക്കാരൻ എഴുതി, തെരുവിലിറങ്ങി സിനിമാപ്രേമികളിൽ നിന്നും കാശ് പിരിച്ച്, അതിന്റെ ബലത്തിൽ സംവിധാനം ചെയ്ത്, ഒരുപാട് കഷ്ടതകൾ അനുഭവിച്ച് ഒടുവിൽ തീയറ്ററിൽ എത്തിച്ച “ഒരാൾപ്പൊക്കം” എന്ന മലയാള ചലച്ചിത്രം.
മഹീന്ദ്രൻ എന്ന മഹിയും (പ്രകാശ് ബാരെ), താൻ അഞ്ചു വർഷമായി “ലിവിംഗ് ടുഗദർ” ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിയസഖി മായ(മീനാ കന്തസാമി)യുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. പരമമായ സ്വാതന്ത്ര്യം എന്ന മിഥ്യാ ബോധത്തിന് കുട പിടിച്ചു കൊണ്ട്, മായയുമായുള്ള ആ ബന്ധം മഹി ഉപേക്ഷിക്കുന്നു. ശേഷം, നിയന്ത്രണം മുഴുവൻ മഹിയുടെ മനസ്സ് ഏറ്റെടുക്കുകയാണ്. ഒരു ദിവസം രാത്രി മഹിയ്ക്ക് മായയുടെ ഫോണ്‍ കോള്‍ വരുന്നു, ഹിമാലയത്തിലെ ഏതോ ഒരു മലനിരയുടെ മുകളില്‍ നിന്നും. മദ്യലഹരിയിലായ മഹി ഒരുപാട് നേരം മായയോട് സംസാരിക്കുന്നു, ബാറ്ററി ചാര്‍ജ് തീര്‍ന്ന് ഓഫ് ആകുന്നതു വരെ. അടുത്ത ദിവസം രാവിലെ, വടക്കേ ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ പ്രകൃതി ദുരന്തം എന്ന വാർത്ത ടി.വി.യിൽ കണ്ട് ഉണരുന്ന മഹിയുടെ മനസ്സിൽ മായയും അപകടത്തിൽ പെട്ടിട്ടുണ്ടാകുമോ എന്ന സംശയം ജനിക്കുന്നു. എന്തായാലും മായയെ കണ്ടേ മതിയാകൂ എന്ന ചിന്തയുമായി മഹി കേരളം വിട്ട് യാത്ര തിരിക്കുന്നു. ആദ്യം മുംബൈ, പിന്നെ ഡൽഹി, ശേഷം ഉത്തരാഖണ്ഡ്…അതിനു ശേഷം ? ശേഷമാണ് യഥാർത്ഥ “മായ” ! അത് പറഞ്ഞറിയാനുള്ളതല്ല, മറിച്ച് തീയറ്ററിൽ നിന്നും അനുഭവിച്ചറിയാനുള്ളതാണ്.
വെറും 26 ലക്ഷം മുടക്കി ഒരു മുഴുനീള ബിഗ് സ്ക്രീൻ ചലച്ചിത്രം. അതും, യാതൊരു വിധ ക്വാളിറ്റി ഒത്തുതീർപ്പും ഇല്ലാതെ. അത്ഭുതം തന്നെയാണ്, അംഗീകരിക്കാതെ വയ്യ. തിരക്കഥ, ദൃശ്യം, ശബ്ദം, അഭിനയപ്രകടനം, ലൊക്കേഷൻ, ഇനി വേറെയെന്ത് ? എല്ലാം ക്ലീൻ & കോമ്പാക്റ്റ് !കേരളത്തിൽ നിന്ന് തുടങ്ങി ഉത്തരേന്ത്യയിലേക്ക് നീളുന്ന, റോഡ് മൂവി എന്ന പുറം ചട്ടയുള്ള, ഒരു ഒളിച്ചു കളിയാണ് ചിത്രത്തിന്റെ കഥാതന്തുവെന്നിരിക്കെ അതിന് എന്തൊക്കെ ആവശ്യമാണ്, എത്രത്തോളം ആവശ്യമാണ് എന്ന വ്യക്തമായ കണക്കുകൂട്ടലിന്റെ ഫലം ഓരോ ഫ്രെയ്മിലും കണ്ടു. സിനിമാട്ടോഗ്രാഫർ ഇന്ദ്രജിത്ത്, സൗണ്ട് ഡിസൈനർ ടി.കൃഷ്ണനുണ്ണി, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റുകളായ സന്ദീപ് കുരിശ്ശേരി, ജിജി.പി.ജോസഫ് എന്നിവർ അർഹിക്കുന്നത് പ്രേക്ഷകരുടെ എഴുന്നേറ്റു നിന്നുള്ള “ലൗഡ് റൗണ്ട് ഓഫ്” കയ്യടിയാണ്. അവരുടെ കഠിനമായ പരിശ്രമം വിജയം കണ്ടു.
മഹി എന്ന കഥാപാത്രം ഒരു വെള്ളച്ചാട്ടത്തിന്റെ കീഴെ നിന്ന് കൈ-കാൽ-മുഖം കഴുകുന്ന ഒരു സീനുണ്ട്. ആദ്യം “ക്ലോസ്” , പിന്നെ “ബിറ്റ് ഫാർ”, പിന്നെ “ഫാർ” എന്ന റേഞ്ചിൽ മൂന്ന് ഷോട്സ്, അതും ആ വ്യത്യാസം ശബ്ദവിന്യാസത്തിലും പ്രകടമാക്കിക്കൊണ്ട് ! പിന്നെ, ഡാം പ്രോജക്റ്റ് കാരണം വെള്ളം കയറി വീട് നശിച്ച ആ യുവാവ് തന്റെ വീടിന്റെ കഥ പറയുന്ന സമയത്ത്, ആ നദിയിൽ ഒരു ചെരുപ്പും, അതിനു കുറുകെ സൂര്യ രശ്മികളും കാണിച്ചു കൊണ്ട് ഒരു ഷോട്ട് ! മനോഹരം. അതിമനോഹരം. മികച്ചൊരു സംവിധായകാൻ കൂടിയായ പ്രകാശ് ബാരെ, തന്നിലെ നടനെ, പൂർണ്ണത കൊതിക്കുന്ന കലാകാരനെ, ഈ ചിത്രത്തിൽ സ്വയം സമർപ്പിച്ചിരിക്കുകയാണ്. പുള്ളിക്കാരന്റെ ഒരു നോട്ടം പോലും പാളിപ്പോകുന്നില്ല. ഒരു വേളയിൽ അറിയാതെ തോന്നിപ്പോയി, ഒരു ക്യാമറാമാനും, പ്രകാശ് ബാരെയും മാത്രമായിരിക്കുമോ ആ ഉത്തരേന്ത്യൻ എപ്പിസോഡിൽ മുഴുവൻ ജോലി ചെയ്തിട്ടുണ്ടാവുക എന്ന്. അങ്ങനെയാണെങ്കിൽ ഇത്രയും പെർഫെക്ഷൻ എങ്ങനെ സാധിച്ചു? ഉത്തരമില്ല!
രണ്ടാം പകുതിയിൽ, പ്രേക്ഷകരുടെ മനസ്സിലേക്ക് സിനിമയെ എറിഞ്ഞു കൊടുത്തിട്ട് അവരുടെ മുഖത്ത് നോക്കി ചിരിക്കുകയാണ് സനൽകുമാർ ശശിധരൻ എന്ന തിരക്കഥാകൃത്ത് കം സംവിധായകൻ. എങ്ങനെ വേണമെങ്കിലും വ്യഖ്യാനിക്കാം, മൗനങ്ങൾക്ക് അർത്ഥം കണ്ടെത്താം, പക്ഷെ അതെല്ലാം അവരവരുടെ മനസ്സിന്റെ വലിപ്പം പോലെ . എല്ലാത്തിനുമുള്ള സ്പെയ്സ് അവിടെയുണ്ട്. ഇത്തരം ഒരു അടിസ്ഥാനത്തിൽ, ഇത്തരം ഒരു സ്വാഭാവിക കെട്ടുപാടിൽ, നമ്മുടെ എല്ലാ സിനിമകളും സൃഷ്ടിക്കപ്പെട്ടെങ്കിൽ എന്ന് അറിയാതെ കൊതിച്ചു പോകുന്നു. നമ്മുടെ സിനിമകളെ ഉറ്റുനോക്കുന്ന മറ്റു ഭാഷകളിലെ പ്രമുഖർക്ക് “ഒരാൾപ്പൊക്കം” ഒരു വിരുന്നു തന്നെയാണ്. നമുക്ക് അഭിമാനിക്കാം, ഇത്തരം സൃഷ്ടികൾ ഇവിടെ ഇനിയും ഉണ്ടാകും എന്ന് ധൈര്യത്തോടെ പറയാം. പക്ഷെ, 26 ലക്ഷം എന്ന കണക്ക് മാത്രം പറയരുത്. കാരണം, അതു കേട്ട് അവർ തലകറങ്ങി വീഴാൻ ചാൻസുണ്ട്. ഇങ്ങനെയൊരു ചിത്രം, വെറും 26 ലക്ഷം രൂപയ്ക്കോ ? കൂടുതലൊന്നും പറയാനില്ല. “ഒരാൾപ്പൊക്കം” മലയാളികളുടെ അഭിമാനമാണ്. എല്ലാവരും അത് കാണണം. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അവർ അർഹിക്കുന്ന പരിഗണന കിട്ടണം. എല്ലാവിധ ആശംസകളും നേരുന്നു.
Post Your Comments