വാട്സാപ്പില്‍ തന്റെചിത്രത്തിനൊപ്പം പ്രചരിക്കുന്ന ശബ്ദം തന്റേതല്ലെന്ന് ഡബിംഗ് അര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തന്റെ പ്രണയത്തെ കുറിച്ച് ഭാഗ്യലക്ഷ്മിയുമായി (ശബ്ദത്തില്‍) സാമ്യമുള്ള ഒരു സ്ത്രീ സുഹൃത്തിനോട് എല്ലാം വെളിപ്പെടുത്തുന്നതാണ്, വാട്സപ്പ് ഓഡിയോയില്‍ ഉള്ളത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളെ കുറിച്ച് വളരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ്, ഓഡിയോയില്‍ സ്ത്രീ പറയുന്നത്. താന്‍ ചതിക്കപ്പെട്ടതാണെന്ന് സ്ത്രീ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ താന്‍ അത്ര മണ്ടിയല്ലെന്നും തന്റെ പ്രണയം ഇങ്ങനയല്ലെന്നും ഭാഗ്യലക്ഷ്മി അവകാശപ്പെടുന്നു.
സൈബര്‍ സെല്ലില്‍ പരാതി പെടുന്നില്ലെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചു. ക്ലിപ്പിലെ ശബ്ദം തന്റേതല്ല, താനൊരു പ്രശസ്ത ഡബിങ് ആര്‍ട്ടിസ്റ്റാണ്, അതിനാല്‍ തന്നെ തന്റെ ശബ്ദം ആരാധകര്‍ക്ക് മനസ്സിലാകുമെന്നും ഇതാരും വിശ്വസിക്കില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സിനിമയ്ക്ക് പുറത്തുള്ളവരാണ്, തനിയ്ക്കെതിരേ ദുഷ്പ്രചരണം നടത്തുന്നതെന്ന് അവര്‍ പറയുന്നു.
ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:
ദയവായി ശ്രദ്ധിക്കുക
കഴിഞ്ഞ കുറേ നാളുകളായി ഞാൻ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നം ഒരു ഫോൺ സംഭാഷണമാണ്..ഏതോ ഒരു സ്ത്രീ അവരുടെ നഷ്ട പ്രണയത്തെക്കുറിച്ച് ഒരു(ആത്മ ) സുഹൃത്തിനോട് സംസാരിക്കുന്ന താണ് സംഭാഷണം.ആ മഹാനായിരിക്കാം അത് പുറത്തു വിട്ടത്. ഇവർ രണ്ട്പേരും ആരെന്നോ എന്തെന്നോ എനിക്കറിയില്ല. പക്ഷേ എന്റെ ഫോട്ടോയോട്കൂടിയാണ് പ്രസ്തുത സംഭാഷണം വാട്സ് ആപ്പിൽ കൂടി പ്രചരിപ്പിക്കുന്നത്. ഏറ്റവും രസകരം സിനിമാക്കാർക്കൊക്കെ അറിയാം ഇതെന്റെ ശബ്ദമല്ലെന്ന്. എന്നാൽ സിനിമക്ക് പുറത്തളളവരാണ് ഇത്തരമൊരു പ്രചരണം നടത്തുന്നത്..പലരും പറഞ്ഞു സൈബര്‍ സെല്ലില്‍ പരാതിപ്പെടാൻ. പക്ഷേ ഇതെന്റെ ശബ്ദമല്ലാത്തത്കൊണ്ടും ഞാനത്രക്ക് വിഡ്ഢിയല്ലാ എന്ന് സ്വയം ബോധ്യമുളളത്കൊണ്ടും ഞാനത് ചെയ്യുന്നില്ല.
പക്ഷേ നിരന്തരം എനിക്കു വരുന്ന മെയിലുകളിൽ കൂടിയും മെസ്സേജുകളിൽ കൂടിയും നേരിട്ടുംചോദിക്കുന്നവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്. എന്നെ സ്നേഹിക്കുന്നവർക്കും മനസ്സിലാക്കിയവർക്കും വിശ്വാസമുളളവർക്കും എന്നെയറിയാം,എന്റെ ശബ്ദമറിയാം,
ഞാനിത്ര മണ്ടിയല്ലെന്നുമറിയാം..ഇത്രയും സിനിമകൾക്ക് ശബ്ദം നല്‍കിയിട്ടും മലയാളികൾക്ക് എന്റെ ശബ്ദം തിരിച്ചറിയാൻ സാധിച്ചില്ല ല്ലോ എന്ന സങ്കടവുമുണ്ട് എനിക്ക്?.
ഇനി ആ ശബ്ദത്തിനുടമയെ തിരിച്ചറിഞ്ഞേ അടങ്ങൂ എന്ന പരദൂഷണ മനോഭാവമുളളവർ ദയവായി ആ സംഭാഷണം മുഴുവനായി കേൾക്കുക അതിൽ അവരുടെ പേരും സ്ഥലവും വ്യക്തമായി പറയുന്നുണ്ട്.കേട്ട് നിർവൃതിയടയുക സായൂജ്യം കൊളളുക.
എന്നിട്ടും സംശയിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ.
എന്റെ പ്രണയം ഇങ്ങനെയല്ല
Post Your Comments