MOVIE REVIEW | SURESH KUMAR RAVEENDRAN
ഓണ്‍ലൈൻ റിസർവേഷൻ ചെയ്തിട്ടാണ് തീയറ്ററിൽ എത്തിയത്. “നോ ഷോ” ബോർഡും തൂക്കി ഗേറ്റും തള്ളിക്കൊണ്ട് വിയർത്തു കുളിച്ച് നിൽക്കുകയാണ് തീയറ്റർ ജോലിക്കാർ. എന്തിനാ അവർ ഗേറ്റ് തള്ളുന്നത് ? മറുഭാഗത്ത് പുലിപ്പടകൾ ഗേറ്റ് ചവിട്ടി പൊളിക്കാനുള്ള പുറപ്പാടിലാണ് ! ഇതിനൊക്കെ ശമ്പളം പതിവില്ല കിമ്പളം മാത്രമാണ് എന്ന ഭാവത്തിൽ, നോക്കുകൂലി വാങ്ങുന്ന കയറ്റിറക്ക് തൊഴിലാളികളെപ്പോലെ ഒന്നു രണ്ട് പോലീസുകാർ അവിടെ കാഴ്ച കണ്ടു നിൽക്കുകയാണ്. “ലൈസൻസ് കിട്ടിയില്ല. ഷോ ഇല്ല” എന്ന് ജീവനക്കാർ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. പക്ഷെ അതിനൊക്കെ മറുഭാഗത്തു നിന്നും. “അതൊന്നും ഞങ്ങൾക്ക് അറിയണ്ടടാ $%$@#@, പടം ഇടെടാ” എന്ന മറുപടി മാത്രം. ഒടുവിൽ എവിടെ നിന്നോ ഒരു സ്നേഹദൂതൻ അവിടെ പറന്നെത്തി, “പെട്ടി കിട്ടി. പട്ടി വേണ്ട” എന്ന ശൈലിയിൽ, ലൈസൻസ് കിട്ടിയത് അറിയിച്ചു. ഗേറ്റ് മലർക്കെ തുറക്കപ്പെട്ടു. ജീവനക്കാർ ജീവനും കൊണ്ടോടി. പുലിപ്പട കൗണ്ടറിലേക്കും. ഓണ്‍ലൈൻ റിസർവേഷൻ നടത്തിയതിന് കിട്ടിയ സ്പെഷ്യൽ കൂമ്പിനിടിയും വാങ്ങിക്കൊണ്ട് ഹാളിൽ കയറി. ഇടികിട്ടിയാലെന്ത്, പുലിയല്ലേ പടം, ഇളയദളപതിയല്ലേ നായകൻ, നമ്മുടെ ചിമ്പുദേവനല്ലേ സംവിധായകൻ, കണ്ടിറങ്ങുമ്പോൾ എല്ലാം ക്ഷീണവും മാറും എന്ന് ഉള്ളിൽ പറഞ്ഞു കൊണ്ട്, സ്ക്രീനിലേക്ക് കണ്ണുകൾ എടുത്തെറിഞ്ഞ് സീറ്റിൽ ചാരിയങ്ങിരുന്നു.
തീയറ്ററാണോ അതോ ചന്തയാണോ, നോ ഐഡിയ. ഉത്സവം തന്നെ ഉത്സവം. “പുലി” തുടങ്ങി. മറ്റൊരു “ബാഹുബലി”യാണെന്ന തോന്നലുണ്ടാക്കിക്കൊണ്ട് “പുലി” കീഞ്ഞ് പാഞ്ഞു. വിജയ് സാർ വരുന്നത് വരെ സംഗതി നല്ല പറപറാന്ന് കസറി. സാറ് വന്നപ്പോൾ മനസ്സിന്റെ വാതിലിൽ സംശയങ്ങളുടെ മുട്ടിവിളി, ഇത് സംഭവം കോമഡിയാണോ ? ഫാന്റസി ? ഹേയ്, ഇത് കോമഡി കലർന്ന ഫാന്റസി ത്രില്ലർ, അതാണ് ! അങ്ങനെ വഴിക്ക് വരട്ടെ എന്ന് വിചാരിച്ച് സ്ക്രീനിൽ നോക്കിയപ്പോൾ ഒന്നും കാണാനില്ല, എന്താ കാരണം ? പുലിപ്പടകൾ സീറ്റുകൾ വിട്ട് എണീറ്റ് ആട്ടവും ബഹളവും തന്നെ. കുറ്റം പറയാൻ പാടില്ലല്ലോ, .പിള്ളേരുടെ ആവേശം കാണാൻ നല്ല ചേലായിരുന്നു. കുറ്റം പറയാൻ പാടില്ലെങ്കിലും സത്യം പറയാല്ലോ, ആ ആവേശം മാത്രമായിരുന്നു മൊത്തത്തിൽ ലാഭം !
നാല് ഗംഭീര സിനിമകൾ എഴുതി സംവിധാനം ചെയ്ത ചിമ്പുദേവനെ “പുലി”യിൽ മൊത്തം തിരഞ്ഞു. കാണാനില്ല. പത്രത്തിൽ പരസ്യം കൊടുത്താലും കിട്ടുമെന്ന് തോന്നുന്നില്ല. ഇടയ്ക്കിടെ, ചില കോമഡി വാചകങ്ങൾ കേൾക്കുമ്പോൾ ഓർമ്മിക്കും, “എവിടെയോ കേട്ടതു പോലെ…നമ്മുടെ പഴയ ചിമ്പുദേവൻ സ്റ്റൈൽ” എന്ന്. പിന്നീട് ആലോചിച്ചു, അല്ല ഇപ്പൊ എന്തിനാ ആളെ തിരയുന്നേ ? ഇതൊക്കെയല്ലേ “സിനിമ” എന്ന് പറയുന്നത്. പാട്ട്, ഡാൻസ്, സംഘട്ടനം, ഗ്രാഫിക്സ്, റിപീറ്റ്, ഇത്രയും പോരേ ഒരു ശരാശരി പ്രേക്ഷകന് കൊടുക്കുന്ന കാശിന്റെ കണക്കു പറയുമ്പോൾ “കിട്ടി” എന്നു പറഞ്ഞ് പിടിച്ച് നിൽക്കാൻ. മതി. ഒരു ജനം അർഹിക്കുന്ന ഭരണകൂടമല്ലേ കിട്ടൂ. അതിൽ വിഷമിച്ചിട്ട് കാര്യമില്ല.
ഡാൻസ് & സംഘട്ടനം ഇവ രണ്ടിലും ഇളയദളപതി വിജയ് പുലിയല്ല, പുപ്പുലിയാണ് ! അതിൽ ആർക്കും ഒരു തരി പോലും സംശയമില്ല. രണ്ടിലും ആശാൻ പുലർത്തുന്ന അപാര മെയ് വഴക്കം എടുത്തു പറയേണ്ടത് തന്നെയാണ്. വിജയ് ആരാധകർ തീയറ്ററിൽ ഇളകി മറിയുകയാണ്. സ്ക്രീനിൽ അമൃത് വിളമ്പിക്കിട്ടുകയാണെന്ന ധാരണയോടെ, പാട്ടു സീനൊക്കെ വരുമ്പോൾ അവർ അക്ഷരാർത്ഥത്തിൽ സ്ക്രീനിനെ നക്കുക പോലും ചെയ്യുന്നുവെന്നു തോന്നിപ്പോകും ! എല്ലാം കൊള്ളാം, പക്ഷെ ഒരു അപേക്ഷയുണ്ട്, വിജയ് ആരാധകരോട് അഡ്വാൻസ് ഉയിർ ഭിക്ഷ ചോദിച്ചു കൊണ്ട് തന്നെ പറയാം, വിജയ് സാർ അഭിനയം നന്നായി പഠിച്ചാൽ നന്നായിരിക്കും എന്നൊരു ആഗ്രഹം. ഒരുപാട് നേരം സ്ക്രീനിൽ നോക്കിയിരിക്കേണ്ട ഒരു സംഗതിയാണ് സിനിമ എന്നതു കൊണ്ട് മാത്രമാണ് ഈ അപേക്ഷ. നല്ല ഗ്ലാമർ ഉണ്ട്, ഡാൻസും, സംഘട്ടനവും പെർഫെക്റ്റ്, ഇനി അഭിനയവും കൂടെ വന്നാലുണ്ടല്ലോ സാറേ….പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല…
പതിവു പോലെ ഐറ്റം നർത്തകിമാരായ ശ്രുതിഹാസൻ & ഹൻസിക ടീം അവരുടെ മേഖലയിൽ “മികവ്” പ്രകടിപ്പിച്ചു. കൂട്ടത്തിൽ ശ്രുതിയാണ് ഏറ്റവും കൂടുതൽ “മികവ്” പ്രകടിപ്പിച്ചത്. പക്ഷെ, ഈ സിനിമ മലയാളത്തിൽ ആയിരുന്നെങ്കിൽ അടുത്ത വർഷം നമ്മുടെ സിനിമാ മന്ത്രി സാറ് ഒരു അനൗണ്‍സ്മെന്റ് നടത്തിയേനെ, “മികച്ച നടി…ഹാൻസ്ശംഭുപാൻപരാഗ്” എന്ന് ! അത്രയ്ക്കും “മികവായിരുന്നു” ഹൻസികയുടെ അഭിനയം. 28 വർഷങ്ങൾക്കു ശേഷം ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി തമിഴ് സിനിമയിൽ വീണ്ടും അഭിനയിച്ചു. ആ റെക്കോർഡ് അംഗീകരിക്കണം. “ഈച്ച”യിലെ ദി ബെസ്റ്റ് വില്ലനായ കിച്ചാ പ്രദീപ് ഇതിലും വില്ലനായി. അതും അംഗീകരിക്കാതെ തരമില്ല. പക്ഷെ, “ഏഴാം അറിവ്”, “അനേകൻ”, “മാസ്സ്” തുടങ്ങി ഏറ്റവും മിനിമം ഒരു ഡസൻ സിനിമകളിലെങ്കിലും പരീക്ഷിച്ച ആ സ്ഥിരം തിരക്കഥാ ഫോർമാറ്റ്, അത് ഇനി എന്തിന്റെ പേരിലായാലും, സിനിമയല്ലേ, മസാലയല്ലേ, സമയം പോക്കല്ലേ എന്നൊക്കെ ചിന്തിച്ചാലും, മടുത്തു എന്ന് തന്നെ പറയേണ്ടി വരും !
“നട്ടി” അഥവാ നടരാജൻ സുബ്രമണ്യൻ എന്ന പരിചയസമ്പന്നനായ സിനിമാട്ടോഗ്രാഫർ, കലാസംവിധാന മികവിന്റെ പാരമ്യത കാട്ടിത്തന്ന ടി.മുത്തുരാജ്, എഡിറ്റിംഗ് അത്ഭുതം ശ്രീകർ പ്രസാദ്, ശബ്ദം കൊണ്ട് മാജിക് കാണിക്കുന്ന ടീം ഫോർ ഫ്രെയിംസ്, ഇതൊക്കെയാണ് “പുലി”യുടെ പ്രധാന ഹൈലൈറ്റ്സ്. സിനിമയ്ക്ക് ചേർന്ന രീതിയിൽ തന്നെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദും നിലകൊണ്ടു. വേറെ ഒന്നും പറയാനില്ല. കടുത്ത വിജയ് ആരാധകരെ ഒരിക്കലും നിരാശരാക്കാത്ത, ഒരു ശരാശരി തമിഴ് മസാലച്ചിത്രമാണ് “പുലി”. “അടിപ്പാട്ടടിപ്പാട്ടടിപ്പാട്ട്” എന്ന പഴയ മസാല ഫോർമുല ഇഷ്ടപ്പെടുന്നവർക്ക് “പുലി” ഒരു ഉത്സവമായിരിക്കും ഉറപ്പ്. സിനിമയെ സീരിയസായി കാണുന്നവർ “പുലി”യുടെ ഗർജ്ജനം കേൾക്കാൻ ആ വഴി പോകാതിരിക്കുന്നതായിരിക്കും നല്ലത്.
Post Your Comments