bookreviewliteratureworld

പ്രവാസം അനുഗ്രഹമോ വിധിയോ?

 

പ്രവാസം ഇന്നോ ഇന്നലയോ ആരഭിച്ച ഒന്നല്ല. സ്വന്തം നാട് വിട്ടു മാറ്റൊരു നാട്ടില്‍ ജീവിക്കേണ്ടി വരുന്നതാണ് പ്രവാസം. നമ്മള്‍ കൂടുതലായി പ്രവാസം എന്ന് വിളിക്കുന്നത്‌ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തെയാണ്. പ്രവാസം ഒരാഗ്രഹമാണോ? അതോ തിരഞ്ഞെടുപ്പൊ? എന്‍റെ കണ്ണില്‍ അത് രണ്ടുമല്ല. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പ്രതിസന്ധികളില്‍, നിയോഗങ്ങളില്‍ വന്നുചേരുന്ന നറുക്കാണ് പ്രവാസം. ഭാഗ്യത്തിന്റെയോ നിര്‍ഭാഗ്യത്തിന്റെയോ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെയോ നറുക്ക്.

ഓരോ പ്രവാസിക്കും എത്തിപ്പെടുന്നിടം ഒരിടത്താവളമാണ്. ഒരു സത്രത്തിലെന്നോണം അയാള്‍ തനിച്ചോ, ഭാഗികമായി കുടുംബത്തോടൊപ്പമോ അവിടെ കഴിയാന്‍ വിധിക്കപ്പെടുന്നു. സ്വന്തമായി ഒരു മുറി പോലും ഇല്ലാത്ത പ്രവാസികള്‍ എത്രപേര്‍…….. മുറി പോലും തന്റെ തിരഞ്ഞെടുപ്പല്ല. മുറിയൊഴിഞ്ഞ് താക്കോല്‍ സത്രം സൂക്ഷിപ്പുകാരനെ ഏല്പിച്ച് ഇറങ്ങേണ്ടി വരുന്നവര്‍.

പ്രവാസം വിധിയായി തിരഞ്ഞെടുക്കുന്നവര്‍ തൊഴിലാണ് മുഖ്യമായി അഭിമുഖീകരിക്കുന്ന പ്രശ്നം.
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ തൊഴില്‍പരമായ കുടിയേറ്റത്തിന് അരനൂറ്റാണ്ടിനപ്പുറം പഴക്കമുണ്ട്. കുടിയേറ്റക്കാരില്‍ ചിലര്‍ അതിസമ്പന്നരായി. ചിലര്‍ക്ക് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനായി. ചിലരാകട്ടെ വിശേഷിച്ചൊന്നും നേടാതെ മടങ്ങി. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തെ മാറ്റിമറിച്ചതില്‍ ഇവരുടെയെല്ലാം സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. രാജ്യത്തിന്‍റെ വികസനത്തില്‍ വിദേശ നാണയത്തിന്റെ മൂല്യം വളരെ വലുതാണ്‌.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ സംഭാവനകള്‍ ചൊരിയുന്ന പ്രവാസി മലയാളികളുടെ സാമൂഹിക മാനസിക പരിസരങ്ങളെ അപഗ്രഥിക്കുന്ന ഗ്രന്ഥമാണ് എന്‍.പി.ഹാഫിസ് മുഹമ്മദിന്റെ പ്രവാസികളുടെ പുസ്തകം. പ്രവാസത്തിന്റെ വിവിധ മുഖങ്ങളുടെ ഒരു നേര്‍ച്ചിത്രം ഈ കൃതി രേഖപ്പെടുത്തുന്നു.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നതുതൊട്ട് മടങ്ങുംവരെയും അതിനുശേഷവുമുള്ള കാര്യങ്ങളും പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങളും അപഗ്രഥനം ചെയ്യുകയാണ് പ്രവാസികളുടെ പുസ്തകം. പുറപ്പാട്, മാനസികാവസ്ഥ, കുടുംബം, രക്ഷാകര്‍ത്തൃത്വം, സാംസ്‌കാരികലോകം, മടക്കം എന്നീ ഭാഗങ്ങളിലായി അറുപതോളം ലേഖനങ്ങള്‍ ഇതില്‍ സമാഹരിച്ചിരിക്കുന്നു.

പ്രായോഗിക സമൂഹശാസ്ത്രം, മന:ശാസ്ത്രം, കൗണ്‍സിലിങ് എന്നീ മേഖലകളുടെ പിന്‍ബലത്തിലാണ് ഹാഫിസ് മുഹമ്മദ് പ്രവാസികളുടെ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. രണ്ടര വര്‍ഷക്കാലത്തെ പരിശ്രമം ഈ പുസ്തകത്തിനു പിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രവാസികളും കുടുംബങ്ങളും സൂക്ഷിച്ചുവെക്കേണ്ടതും പ്രയോജനപ്പെടുത്തേണ്ടതുമായ ഒരു കൈപ്പുസ്തകമാണിതെന്ന് നിസ്സംശയം പറയാം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗം കോ ഓര്‍ഡിനേറ്ററായ എന്‍.പി.ഹാഫിസ് മുഹമ്മദിന് മികച്ച അധ്യാപകനുള്ള എം.എം.ഗനി അവാര്‍ഡും കേന്ദ്രസാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. റംസാന്‍ വ്രതം, തള്ളക്കുരങ്ങും പുള്ളിപ്പുലിയും തുടങ്ങിയവ ആദ്ദേഹത്തിന്റെ മറ്റു കൃതികളാണ്.

 

പ്രവാസികളുടെ പുസ്തകം

എന്‍ പി ഹാഫിസ് മുഹമ്മദ് 

ഡി സി ബുക്സ് 

വില: 375 രൂപ 

 

shortlink

Post Your Comments

Related Articles


Back to top button