literatureworldnewstopstories

യു എ ഇയില്‍ ദേശീയ വായനാ നിയമം

 

വായനയാണ് പുതിയ തലമുറയില്‍ വിജ്ഞാനവും മികവും സൃഷ്ടിക്കാന്‍ ഏറ്റവും നല്ല വഴിയെന്നു തിരിച്ചറിഞ്ഞ യുഎഇയില്‍ നിന്നു വിപ്ലവകരമായ ഒരു തീരുമാനം കൂടി. വായനാശീലം വളര്‍ത്തി വൈജ്ഞാനിക മുന്നേറ്റവും സാംസ്‌കാരിക നവോത്ഥാനവും യാഥാര്‍ഥ്യമാക്കാന്‍ യുഎഇയില്‍ ദേശീയ വായനാ നിയമം നിലവില്‍ വന്നു. പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വായനാവര്‍ഷം യുഎഇയില്‍ ആചരിച്ചുവരുന്നുണ്ട്. പാഠപുസ്തകത്തിനും അപ്പുറമുള്ള വായനയിലൂടെ ബൗദ്ധിക ഔന്നത്യം നേടി രാജ്യത്തിന്റെ മികവു വര്‍ധിപ്പിക്കാന്‍ പുതിയ തലമുറയെ സജ്ജമാക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.

വിജ്ഞാനത്തിന്റെ പുതിയ മേഖലകളിലേക്ക് ചിന്തകളെ തുറന്നുവിടാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദേശീയ വായനാ നിയമം പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. നിക്ഷേപം ബൗദ്ധിക രംഗത്തും അനിവാര്യമാണ്. അതിനായി വായനയിലൂടെ ചിന്തകളും നൂതന കാഴ്ചപ്പാടുകളും വളര്‍ത്തിയെടുക്കണം. ഇത്തരമൊരു യജ്ഞത്തിലൂടെ ഇതരരാജ്യങ്ങള്‍ക്കും പ്രചോദനമാകാന്‍ യുഎഇക്കു കഴിയുമെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

പുതിയ്യാ ചിന്തകള്‍ വളരേണ്ടത് രാജ്യത്തിന്‍റെ വികസനത്തിന് അത്യാവശ്യമാണ്. വിദ്യാര്‍ഥികള്‍ മാത്രമല്ല, സമൂഹത്തിലെ എല്ലാവരും വായനയിലൂടെ അറിവുകള്‍ ആര്‍ജിക്കണം. ചിന്താപരമായ വളര്‍ച്ച പുതിയ കാലഘട്ടത്തില്‍ അനിവാര്യമാണ്. നേട്ടങ്ങള്‍ കൊയ്യുന്ന തലമുറയെ വളര്‍ത്തിയെടുക്കുകയെന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. ശാസ്ത്രത്തില്‍ മാത്രമല്ല, സാഹിത്യം ഉള്‍പ്പെടെയുള്ള ഇതരമേഖലകളിലും അറിവുനേടാന്‍ കഴിയണമെന്നും പ്രസിഡന്റ് പറഞ്ഞു.

സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, വിവിധ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിങ്ങനെ അടിസ്ഥാനയിടങ്ങളെ വായനാശീലം വളര്‍ത്താനും അറിവുകള്‍ ആര്‍ജിക്കാനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റാന്‍ പുതിയ നിയമം ലക്ഷ്യമിടുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. പുസ്തകവായനയെന്നത് ശീലമാക്കണം. വിദ്യാലയങ്ങളും ഇതരസ്ഥാപനങ്ങളും ഇതു പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ നിയമത്തിന്റെ ഭാഗമായി രാജ്യത്താകെ പൊതുവായനശാലകള്‍ വ്യാപകമാക്കുകയും വായനാശീലം വളര്‍ത്തിയെടുക്കാനുള്ള ബോധവല്‍കരണം ഊര്‍ജിതമാക്കുകയും ചെയ്യും. കോഫി ഷോപ്പുകളിലും ഷോപ്പിങ് മാളുകളിലും പുസ്തക വായനയ്ക്കുള്ള സൗകര്യമൊരുക്കും. വായനശാലകളിലും സാംസ്‌കാരികകേന്ദ്രങ്ങളിലും നിക്ഷേപം നടത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും അവസരം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.

shortlink

Post Your Comments

Related Articles


Back to top button