കേരളം പിറന്നിട്ട് അറുപത് ആണ്ടുകള്‍ ആഘോഷിക്കപ്പെടുന്ന ഈ വേളയില്‍ മാതൃഭാഷയും അതിന്റെ പദവിയും നമ്മള്‍ അന്വേഷിക്കേണ്ടതുണ്ട്. മലയാളം നമ്മുടെ ഭാഷയല്ല നാടിന്‍റെ പേരാണ് എന്നുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നു. പക്ഷേ നമ്മള്‍ കുഞ്ഞിലെ മുതല്‍ കേട്ട് വളര്‍ന്നത് കേരളം നമ്മുടെ നാട് മലയാളം നമ്മുടെ മാതൃഭാഷ എന്നാണ്. ഈ സമയത്ത് ശ്രേഷ്ഠ ഭാഷാ പദവി കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്ത് കൊണ്ട് ഭരണഭാഷയായി മലയാളം എത്തിയില്ല എന്ന് നമ്മള്‍ അന്വേഷിക്കേണ്ടതുണ്ട്.
1969-ല്‍ ഭരണഭാഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിച്ച്, കേരള ഔദ്യോഗികഭാഷ (നിയമനിര്‍മ്മാണ) ആക്‌ട് നിലവില്‍ വന്നു. ആക്‌ടിന് കൂടെക്കൂടെ ഭേദഗതികളും ഉണ്ടായി. എഴുപതോളം വകുപ്പുകളില്‍ ഭരണഭാഷ മലയാളമായി പ്രഖ്യാപിച്ചു കഴിഞ്ഞു. സെക്രട്ടേറിയറ്റ്, പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിവിധ കോര്‍പ്പറേഷനുകള്‍, ലോകായുക്‌ത, ഓംബുഡ്‌സ്മാന്‍ തുടങ്ങിയ സ്‌ഥാപനങ്ങളില്‍ മലയാളം ഭരണഭാഷയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഭാഗികമായിപോലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് പരമാര്‍ഥം.
കോടികള്‍ ചെലവാക്കി ഭരണഭാഷാദിനവും ഭാഷാപക്ഷാചരണവും ആഘോഷിക്കുന്ന നമ്മള്‍ ആ ദിവസം കഴിഞ്ഞാല്‍ ഭാഷയെ മറക്കുന്നു. പിന്നെ ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും അടുത്ത ഭാഷ ദിവസം വരണം ഒന്ന് ഓര്‍മിക്കാന്‍. എന്തുകൊണ്ട് ഭാഷയെ ഭരണതലത്തില്‍ അംഗീകരിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് മലയാളം എഴുതാനുള്ള കഴിവ് ഇല്ലാത്തത് ആണോ? അതോ നമ്മുടെ ഭാഷയ്ക്കു ഇന്ഗ്ലിഷിന്റെ അത്ര വലുപ്പം ഇല്ലെന്ന തോന്നല്‍ കൊണ്ടോ? എന്തായാലും മലയാളം ഉപയോഗിക്കുന്ന മലയാളികള്‍ തന്നെ ഭാഷയെ ഉപയോഗിക്കാന്‍ മടികാണിക്കുന്നു.
ശുദ്ധമായ മലയാളത്തില്‍ ഫയലുകള്‍ എഴുതുന്നതിനുള്ള താല്‍പ്പര്യക്കുറവും കഴിവില്ലായ്‌മയും ഒരു വശത്തും ഇതിനായി സമഗ്രമായ പരിശീലനത്തിനുള്ള അഭാവം മറുഭാഗത്തും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക ഭാഷ മലയാളമാക്കല്‍ പരിപാടികള്‍ എങ്ങനെയാണ് വിജയം വരിക്കുന്നത്?
ദ്രാവിഡ ഭാഷകളില്‍പ്പെടുന്ന തമിഴിന് 2004ലും കന്നഡയ്‌ക്ക് 2007-ലും തെലുങ്കിന് 2008-ലും ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ചപ്പോള്‍ ദ്രാവിഡഭാഷയായ മലയാളത്തിന് ആ പദവി ലഭിക്കുന്നത് 2013-ലാണ്. 1500 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഭാഷയുടെ ചരിത്രവും പാട്ട്, മണിപ്രവാളം, കിളിപ്പാട്ട്, വഞ്ചിപ്പാട്ട്, തുള്ളല്‍, ആട്ടക്കഥ തുടങ്ങിയ തനതായ സാഹിത്യരൂപങ്ങളും ഭാഷയുടെ തനതായ സംസ്‌കാരവും ആചാരാനുഷ്‌ഠാനവും വ്യത്യസ്‌ത പരിണാമഘട്ടങ്ങളും കാര്യകാരണസഹിതം തെളിയിച്ചതിനുശേഷമാണ് നമ്മുടെ ഭാഷയ്‌ക്ക് ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ചത്.
ബി.സി. മൂന്നാം നൂറ്റാണ്ടിലെ അശോകചക്രവര്‍ത്തിയുടെ ഭരണകാലത്തെ ശിലാശാസനങ്ങളും എ.ഡി. 2-ാം നൂറ്റാണ്ടു മുതല്‍ 6-ാം നൂറ്റാണ്ടുവരെയുള്ള ഇടയ്‌ക്കല്‍ ഗുഹയിലെ ലിഖിതങ്ങളും എ.ഡി. 52-ലെ പ്ലിനിയുടെയും എ.ഡി. 150-ലെ ടോളമിയുടെയും യാത്രാവിവരണങ്ങളിലെ പ്രതിപാദ്യവുമൊക്കെ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തേണ്ടിവന്നു. സംഘസാഹിത്യത്തില്‍ പൊതുവായി രൂപംപൂണ്ട ചിലപ്പതികാരം, പതിറ്റിപ്പത്ത് തുടങ്ങിയ കൃതികളില്‍നിന്നു രൂപാന്തരപ്പെട്ട് സംസ്‌കൃതത്തിന്റെ സ്വാധീനത്തോടെ പുതിയ മലയാളഭാഷ ഉടലെടുത്തു. കൊല്ലവര്‍ഷം 825-മുതല്‍ ശുദ്ധമലയാളം ആവിര്‍ഭവിച്ചു. ശ്രേഷ്‌ഠഭാഷാ പദവി ലഭിക്കുന്നതിനു തൊട്ടുമുമ്പ് 2012-ല്‍ മലയാള ഭാഷാ വികസനത്തിനായി ഒരു സര്‍വകലാശാലയും രൂപംകൊണ്ടു. പക്ഷേ മലയാളം ഭരണഭാഷയാക്കല്‍ നടപടികളില്‍ ഈ സര്‍വകലാശാലയ്‌ക്കു നാളിതുവരെ ഒന്നുംചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നതു നമ്മള്‍ ഓര്‍ക്കേണ്ടതാണ്.
സര്‍ക്കാര്‍ ഉത്തരവുകള്‍ പലതും ഇപ്പോഴും ഇംഗ്ലീഷിലാണ്. കോടതികളില്‍ ഇപ്പോഴും ഭരണഭാഷ ഇംഗ്ലീഷ് തന്നെ. വിധികള്‍ മലയാളത്തില്‍ ഇറങ്ങാറേയില്ല. ലോകായുക്‌തയിലും മനുഷ്യാവകാശ കമ്മിഷനിലുമൊക്കെ മലയാളത്തില്‍ പരാതി നല്‍കിയാല്‍ വിധികള്‍ നല്‍കുന്നത് ഇംഗ്ലീഷിലാണ്. എന്തിനേറെ പറയുന്നു സര്‍വ്വകലാശാല മലയാള വിഭാഗത്തില്‍ പോലും അപേക്ഷകളും മറ്റും ഇപ്പോഴും സ്വീകരിക്കുന്നത് ഇന്ഗ്ലീഷില്‍ തന്നെയാണ്. അപൂര്‍വ്വം ചിലര്‍ മലയാളത്തില്‍ എഴുതും അത്ര തന്നെ.
സ്‌കൂളുകളിലും കോളജുകളിലും മലയാളഭാഷാപഠനത്തിന് അര്‍ഹമായ പ്രാധാന്യം ഇന്നും ലഭിച്ചിട്ടില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍, മലയാളഭാഷാപഠനം നിര്‍ബന്ധമാക്കിയിട്ടില്ല. കേരളത്തില്‍ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന 389-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മലയാളം പാഠ്യവിഷയമേയല്ല. ഉദ്യോഗലബ്‌ധിക്കു പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന മത്സരപരീക്ഷകളില്‍പോലും മലയാളം നിര്‍ബന്ധമാക്കിയിട്ടില്ല. മലയാളഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ചോദ്യാവലി ഈ മത്സരപരീക്ഷകളില്‍ അനുപേക്ഷണീയമാണ്. അങ്ങനെ വന്നാല്‍ നല്ല രീതിയില്‍ മലയാളം എഴുതാന്‍ കഴിയുന്നവര്‍ ഉദ്യോഗസ്‌ഥരായി മാറുകയും അതിന്റെ പ്രയോജനം ഭരണഭാഷയ്‌ക്കു ലഭിക്കുകയും ചെയ്യും.
1999 ല്‍ ഐ.എം.ജിയില്‍ ആരംഭിച്ച ഭരണഭാഷാ പരിശീലനപരിപാടിയില്‍ ഒരു ശതമാനം ജീവനക്കാര്‍ക്കുപോലും ഇതുവരെ പരിശീലനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് പരമാര്‍ഥം. ഭരണശബ്‌ദകോശം, ഭരണശബ്‌ദസഹായി, ഭരണഭാഷാപ്രയോഗപദ്ധതി, ഉത്തരവുകളുടെയും സര്‍ക്കുലറുകളുടെയും സമാഹാരം, മലയാളം നമ്മുടെ ഭരണഭാഷ, ഭരണശബ്‌ദാവലി, നിയമ ശബ്‌ദാവലി, പദകോശം തുടങ്ങിയവ ഔദ്യോഗികഭാഷ, മലയാളമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നമുക്ക് പദ്ധതികള്‍ മാത്രമേ ഉള്ളു. അതിനു മറ്റൊരു തെളിവാണ് മറുനാടന്‍ മലയാളികളെയും അവരുടെ കുട്ടികളെയും മലയാളഭാഷയും കേരള സംസ്‌കാരവും പഠിപ്പിക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച മലയാളം മിഷന്‍. ഇന്ത്യയിലെമ്പാടും ഇന്ത്യയ്‌ക്ക് പുറത്തും 150 ഉപകേന്ദ്രങ്ങള്‍ തുടങ്ങി മലയാളത്തെ പോഷിപ്പിക്കാനുള്ള പരിപാടി നാളിതുവരെ വെളിച്ചം കണ്ടില്ല. കര്‍മശേഷിയുള്ള ഭാഷാ പണ്ഡിതന്മാരുടെ അഭാവം മലയാളം മിഷനിലുണ്ട്.
ഇപ്പോള്‍ മലയാളം സര്‍വ്വകലാശാലയും മലയാളം പള്ളിക്കൂടങ്ങളും ഉണ്ടായിട്ടും ഒന്നാം ഭാഷയായി മലയാളം അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കാന്‍ മലയാളം ഐക്യ വേദി പോലുള്ള സംഘടനകള്‍ ഇന്നും പ്രതിഷേധങ്ങള്‍ നടത്തുന്നു. ഇത് മാറി മലയാളം നമുടെ ഭാഷ എന്ന് ഉറക്കെ പറയാനും ഏത് മലയാളിക്കും അവന്‍റെ ഭാഷയില്‍ അഭിമാനം തോന്നാനും കാഴിയണം. അതിനു നമ്മള്‍ മലയാളികള്‍ മാറേണ്ടിയിരിക്കുന്നു.
Post Your Comments