bookreviewliteratureworld

വിശുദ്ധമായ പ്രാര്‍ത്ഥന പോലെ

മലയാളത്തില്‍ വിവര്‍ത്തന നോവലുകള്‍ വരുന്നത് ധാരാളമാണ്. അതില്‍ വ്യത്യസ്തമായ ഒരു വായന അനുഭവം സമ്മാനിച്ച കൃതിയാണ് നൊവിസ്‌. സെന്‍ ഗുരു, കവി, സമാധാന പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ 40 വര്‍ഷമായി ലോകം അറിയുന്ന ബുദ്ധസന്ന്യാസി തിയാങ്‌ ങ്യാച്‌ ഹാനാണ് ഈ കൃതിയുടെ കര്‍ത്താവ്.

ലൗകികജീവിതം വെടിഞ്ഞ്‌ സന്ന്യാസിനി ആകാന്‍ കൊതിച്ച കിം റ്റാം എന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ നോവിസ്‌. കരുണയുടെ ബോധിസത്വനായി വിയറ്റ്‌നാമില്‍ കരുതപ്പെടുന്ന ക്വാന്‍ ആം റ്റാമിന്റെയും സ്വന്തം ജീവിതത്തില്‍ തനിക്ക്‌ നേരിടേണ്ടി വന്ന പ്രതിസന്ധികളും കോര്‍ത്തിണക്കിയാണ്‌ തിയാങ്‌ ങ്യാച്‌ ഹാന്‍ ദി നോവിസ്‌ എന്ന നോവല്‍ രചിച്ചിരിക്കുന്നത്‌. കിം റ്റാം എന്ന നായികാ കഥാപാത്രത്തിലൂടെയാണ് നോവിസിന്റെ കഥ അവതരിപ്പിക്കപ്പെടുന്നത്‌.

ആത്മീയജീവിതം കൊതിച്ച കിം റ്റാം. എന്നാല്‍ അവള്‍ക്ക്‌ തന്റെ മാതാപിതാക്കളുടെ ആഗ്രഹം സാധിക്കുന്നതിനായി ദുര്‍ബലനും വികാരജീവിയുമായ ഒരാളുടെ ഭാര്യയാകേണ്ടി വന്നു. ഒരു വര്‍ഷത്തോളം നീണ്ട വിവാഹജീവിതം അവള്‍ക്ക്‌ സമ്മാനിച്ചത്‌ ദുരിതങ്ങള്‍ മാത്രമായിരുന്നു. ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചു എന്നുപോലും അവള്‍ക്ക്‌ കേള്‍ക്കേണ്ടി വന്നു. തന്നെ സംശയത്തോടെ കാണുന്ന ഒരാള്‍ക്കൊപ്പം ജീവിതം തുടരാന്‍ പിന്നീടവള്‍ ഒരുക്കമായിരുന്നില്ല. താന്‍ മോഹിച്ച സന്ന്യാസി ജീവിതം അവള്‍ തിരഞ്ഞെടുത്തു. പുരുഷ സമൂഹത്തിനു മാത്രം പ്രാപ്യമായ സന്ന്യാസജീവിതം നേടിയെടുക്കാന്‍ കിം റ്റാം പ്രതിസന്ധികള്‍ തരണം ചെയ്‌ത്‌ ‘അവനാ’യി. അവിടെയും അവള്‍ക്ക്‌ നേരിടേണ്ടി വന്നത്‌ വെല്ലുവിളികളായിരുന്നു. കിം റ്റാം പുരുഷനാണെന്ന്‌ തെറ്റിദ്ധരിച്ച്‌ അവളെ പ്രണയിച്ച്‌ നിരാശയായ റ്റീ മൗവിന്റെ അവിഹിതഗര്‍ഭത്തിന്റെ ഉത്തരവാദിത്വം പോലും അവള്‍ക്ക്‌ ഏറ്റെടുക്കേണ്ടി വന്നു.

പ്രാര്‍ത്ഥന പോലെ വിശുദ്ധമായ നൊവിസ്‌ എന്ന നോവല്‍ ഇപ്പോള്‍ ബ്രഹ്മചാരി(ണി) എന്ന പേരില്‍ മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്‌തത്‌ എഴുത്തുകാരിയും വിവര്‍ത്തകയും വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥയുമായ ഷീബ ഇ.കെ ആണ്‌. ജീവിതത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍, വിചാരിക്കാതെ ഇരുട്ടു മൂടുന്ന നട്ടുച്ചകളില്‍, വഴിയറിയാതെ ഉഴലുന്ന നേരങ്ങളില്‍ ഒരു തുണ്ടം കയറിലേക്കോ ഒരുപിടി ഉറക്കഗുളികളിലേക്കോ കൈനീട്ടും മുമ്പ്‌ ബ്രഹ്മചാരി(ണി) ഒരാവര്‍ത്തി വായിച്ചു നോക്കിയാല്‍ ജീവിതം എന്ന മഹാഭാഗ്യത്തെ തിരിച്ചറിയുമെന്ന്‌ ഷീബ അഭിപ്രായപ്പെടുന്നു.

പുസ്‌തകം: ബ്രഹ്മചാരി(ണി)
ഗ്രന്ഥകാരന്‍: തിയാങ്‌ ങ്യാച്‌ ഹാന്‍
വിവര്‍ത്തക: ഷീബ ഇ. കെ.
പ്രസാധകര്‍: ഡിസി ബുക്‌സ്‌
വില: 90 രൂപ
ISBN :9788126450220

shortlink

Post Your Comments

Related Articles


Back to top button