literatureworldnews

പെണ്മ തേടുന്ന പെണ്‍ വഴികള്‍

ക്രിസ്ത്യന്‍ സഭയുടെ ഉള്ളുകളില്‍ തുറന്നു പറഞ്ഞ ആമേന്‍റെ കഥാകാരി സിസ്റ്റര്‍ ജെസ്മി പെണ്ണത്തം തുളുമ്പി നില്‍ക്കുന്ന ഒരു കൃതിയുമായി എത്തുന്നു. പെണ്മയുടെ വഴികള്‍ എന്ന തന്റെ പുതിയ നോവലിനെക്കുറിച്ച് പറയുന്നത് ആമേനു ശേഷം താന്‍ എഴുതാനിരുന്ന കൃതി എന്നാണ്.

എഴുത്തിന്റെ അപരിചിതമായ പ്രകോപനമണ്ഡലങ്ങളെ വായനക്കാര്‍ക്കു പരിചയപ്പെടുത്തിയ ആമേന്‍ എന്ന കൃതി സാഹിത്യത്തിലും സമൂഹത്തിലും സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇംഗ്ലിഷ് അടക്കം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട ആമേനു ശേഷം സിസ്റ്റര്‍ ജെസ്മി രചിച്ച ഞാനും ഒരു സ്ത്രീ, പ്രണയസ്മരണ തുടങ്ങിയ കൃതികളെല്ലാം തന്നെ പെണ്ണവസ്ഥകളുടെ നേര്‍കാഴ്ചകളാണ് തുറന്നുകാട്ടിയത്.

സ്ത്രീയുടെ വൈകാരികജീവിതത്തെയും അവള്‍ തിരഞ്ഞെടുത്തതോ അവളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതോ അവളുടെ നേര്‍ക്ക് കൊട്ടിയടയ്ക്കപ്പെട്ടതോ ആയ നിരവധി വഴികളുടെ നേര്‍ക്കുള്ള ഒരു കണ്ണാടിയാണ് പെണ്മയുടെ വഴികള്‍. ഇത്രയും വൈവിധ്യമുള്ള സ്ത്രീകഥാപാത്രങ്ങളെ സഞ്ചയിച്ച് എഴുതപ്പെട്ട മറ്റൊരു നോവല്‍ മുമ്പുണ്ടായിട്ടുണ്ടോ എന്ന് സംശയം തോന്നും വിധം പെണ്ണത്തം നിറഞ്ഞുനില്‍ക്കുന്ന നോവലാണിത്.

സിസ്റ്റര്‍ ജസ്മിയുടെ ആത്മാംശം നിറഞ്ഞ കഥാപാത്രമായ ടീച്ചറമ്മയാണ് പെണ്മയുടെ വഴികളിലൂടെ വായനക്കാരെ നയിക്കുന്നത്. റോഡപകടത്തില്‍ പെട്ട് സ്വബോധം നഷ്ടപ്പെട്ട പൂര്‍ണ്ണ ഗര്‍ഭിണിയായ ഭദ്രയുടെ കഥയാണ് നോവലിലെ പ്രധാന ഇതിവൃത്തം. എങ്കിലും ലൈംഗികത്തൊഴിലാളി മുതല്‍ പ്രൊഫസറും കന്യാസ്ത്രീയും വരെ നീളുന്ന വലിയ നിര സ്ത്രീകഥാപാത്രങ്ങള്‍ സങ്കടങ്ങളും പരിഭ്രമങ്ങളും ഉന്മാദങ്ങളും പങ്കുവെയ്ക്കുകയാണ് ഇതില്‍.

എഴുത്തുകാരിക്ക് ഏറെ പ്രിയപ്പെട്ട ക്യാമ്പസ് അന്തരീക്ഷത്തിലാണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. പഠനവും പ്രണയവും തമാശയും വിരിയുന്ന അന്തരീക്ഷത്തിലെ ആഘോഷങ്ങള്‍ ഗൃഹാതുരത്വമുയര്‍ത്തുന്നവയാണ്. ഗവേഷണ മേഖലയിലെ കിടമത്സരങ്ങളും ചതികളും ജാതി, മത സ്പര്‍ധയുമൊക്കെ ഇവിടെ അടിയൊഴുക്കായി വരുന്നു. ആമേനില്‍ പറഞ്ഞതിന്റെ ബാക്കിയെന്നോണം കന്യാസ്ത്രീമഠങ്ങള്‍ക്കുള്ളിലെ കെണികളും സാഹസിക വേഴ്ചകളും ആത്മഹത്യകളും ഒക്കെ ഇതില്‍ കടന്നുവരുന്നുണ്ട്. ഡി സി ബുക്സ് ആണ് പെണ്മയുടെ വഴികള്‍ പ്രസിദ്ധീകരിക്കുന്നത്.

 

 

shortlink

Post Your Comments

Related Articles


Back to top button