സാഹിത്യം ഇപ്പോഴും കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു. അതില്‍ പ്രധാനമാണ് സാഹിത്യത്തിന്റെ ഭാഷ. മുന്പ് ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത, വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്ന കഥകളാണ് സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കില്‍ ഇന്നത് ഉടലിന്റെ എഴുത്തായി മാറി കഴിഞ്ഞു. എല്ലാം ബിംബവത്കരിക്കപ്പെട്ടിരുന്ന കാലാത്തുനിന്നും തുറന്നെഴുത്തിന്റെ കാലത്തേക്ക് നമ്മള്‍ മാറി. കഥയിലും നോവലിലും അത്തരം എഴുത്തുകളും വായനകളും ഇന്ന് കൂടുതല്‍ നടക്കുന്നു.
സ്ത്രീ ശരീരം അടിച്ചമര്‍ത്തപ്പെടുന്ന പുരുഷാധിപത്യ ലോകത്ത് എഴുത്തിന്റെ സാധ്യതകളുന്നയിക്കുകയും വിധേയപ്പെടാത്ത സത്രീ ശരീരത്തെ സ്വപ്നം കാണുകയും ചെയ്യുന്ന പുറത്തു തലമുറ വളര്‍ന്നു വന്നു.ഇന്ദുമേനോന്‍, സിതര്‍, മീര, രേഖ, ഷാഹിന, ഷീബ, ഹണി ഭാസ്‌കര്‍ എന്നിവര്‍ ഈ കൂട്ടത്തില്‍ ഉണ്ട്. അമൂര്‍ത്തമായ ജീവിതത്തെ ശരീരം എന്ന രൂപകത്തില്‍ അടക്കം ചെയ്തുകൊണ്ട് പുതുക്കി നിര്‍വചിക്കുന്ന പുതിയ തന്ത്രം സമകാലീന എഴുത്തുകാര്‍ ഉപയോഗിക്കുന്നു. അതിനൊരു ഉദാഹരണമാണ് ഹണി ഭാസ്‌കരന്റെ ‘ഉടല്‍ രാഷ്ട്രീയം’.
ഉടലിനെ നേരിട്ടളയാളപ്പെടുത്തുകയും ഒരു തരത്തില്‍ പ്രത്യക്ഷമായ മുദ്രാവാക്യസ്വഭാവത്തില്‍ സമകാലികമായ ഉടല്‍ പ്രശ്‌നങ്ങളെ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു കഥാശില്പമാണ് ‘ഉടല്‍ രാഷ്ട്രീയം’ എന്ന നോവല്‍. എഴുപതുകളുടെ ചരിത്രത്തില്‍ നിന്നു കൊണ്ട് വര്‍ത്തമാനകാലത്തിലേക്കു സഞ്ചരിക്കുന്ന, പ്രവാസാനുഭവത്തിന്റെ കഥയാണ് ഈ നോവല്‍. കേരീയമായ ഒരു പെണ്ണുടല്‍, ഉടല്‍ സ്വാതന്ത്ര്യമുള്ള ഒരു നാട്ടില്‍ അറിയുന്ന പുതിയ ജീവിത രീതികളും സ്വത്വപ്രകാശനവുമാണ് ഇതിന്റെ ഇതിവൃത്തം.
വേദയാണ് ഇതിലെ പ്രധാന കഥാപാത്രം. പോളണ്ടില്‍ ഉദ്യോഗസ്ഥയായി നന്ദനൊപ്പം ജീവിക്കുന്ന വേദ തന്റെ ശരീരത്തെ ഭര്‍ത്താവ് ഒരു ലൈംഗിഗോപകരണം എന്ന രീതിയില്‍ മാത്രം കാണുന്നതില്‍ അസ്വസ്ഥയാവുന്നു. താന്‍ ആഗ്രഹിക്കുന്ന പ്രണയവും സ്‌നേഹവും കിട്ടാതെ വരുന്ന വേദ ജീവിതത്തില്‍ അന്യയാവുന്നു. വേദ ഉള്ളപ്പോള്‍ തന്നെ മറ്റ് സ്ത്രീകളോടും ലൈംഗികതയിലേര്‍പ്പെട്ട് ജീവിക്കുന്ന നന്ദന്റെ ശരീരകാമനകള്‍ പെണ്‍ശരീരത്തെ അവന്റെ ലൈഗികതയ്ക്കു മാത്രം ഉള്ളതാണെന്ന കാഴ്ച പിന്തുടരുന്നു. നന്ദനേല്‍പ്പിക്കുന്ന മുറിവുകള്‍ പുതിയ ജീവിതത്തിനായി അവളെ പ്രേരിപ്പിക്കുമ്പോള്‍ ഭൂതകാലം അവളെ വേട്ടയാടുന്നു.
കണ്ണൂരിലെ കൊട്ടിയൂരില്‍ സമ്പന്ന നായര്‍ തറവാട്ടിലെ ഏകമകളാണ് വേദശ്രീ. ഫ്യൂഡല്‍ തറവാടുകളിലെ സാമ്പത്തിക മേല്‍ക്കോയ്മയുടെയും ജാത്യധികാരത്തിന്റെയും എല്ലാ പ്രശ്‌നങ്ങളും നിലനിലില്‍ക്കുന്ന തറവാടാണത്. അച്ഛന്‍ ശ്രീധരമേനോന് ഭാര്യയും മകളും വെറും ലൈംഗിക ഉപകരണങ്ങള്‍ മാത്രമാണ്. നാട്ടിലെ എല്ലാ പെണ്ണുങ്ങളും അയാള്‍ക്കങ്ങനെയാണ്. അതിന്റെയെല്ലാ പീഡനങ്ങളും ഏറ്റുവാങ്ങുന്നത് അമ്മയാണ്. അമ്മയുടെ വേദനകളിലൂടയും അച്ഛന്റെ ക്രൂരതകളിലൂടെയും വളരുന്ന വേദ മികച്ച നിലയില്‍ പഠനം പൂര്‍ത്തിയാക്കുകയും എഞ്ചിനീയറിംഗില്‍ റാങ്ക് നേടുകയും കാനഡയില്‍ ഉപരിപഠനത്തിനായി പോവുകയും ചെയ്തു. അങ്ങനെ തന്റെ ജീവിതം സ്വന്തയിഷ്ടപ്രകാരം പണിതെടുക്കുന്ന വേദശ്രീയുടെ വര്‍ത്തമാനകാലാനുഭവങ്ങളും ഭൂതകാലവും സങ്കീര്‍ണമായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളാണ് നോവലിന്റെ അടിത്തറ.
ബാല്യത്തിലെ പെണ്ണെന്ന നിലയില്‍ വെറും ശരീരമായി വളരുന്ന വേദയിലെ സ്ത്രീയെ നിര്‍മ്മിക്കുന്നത് അമ്മയാണ്. അധികാരവും മടാമ്പിത്തരവും കാട്ടുന്ന അച്ഛന്റെ അടിച്ചമര്‍ത്തലിനു വിധേയയായി പ്രതികരിക്കാന്‍ കഴിയാതെ നില്‍ക്കേണ്ടി വരുന്ന അമ്മ അവളുടെ ഉള്ളില്‍ സ്വയം പ്രതിരോധത്തിന്‍റെ തന്ത്രങ്ങള്‍ പഠിപ്പിക്കുന്നു. കീഴാള സ്ത്രീകളെയെല്ലാം ലൈംഗികമായി ഉപയോഗിക്കുന്ന അച്ഛന്‍ ആദിവാസിയായ ചെമ്പന്റെ ഭാര്യ വെള്ളയെ കീഴടക്കി ഉപദ്രവിക്കുന്ന കാഴ്ചയ്ക്കു വേദ സാക്ഷിയാകുന്നതോടെയാണ് അച്ഛനുമായുള്ള സംഘര്‍ഷം ആരംഭിക്കുന്നത്. അതോടെ അമ്മയുടെ ശരീരത്തിലേക്ക് പറ്റിച്ചേരുകയാണവള്‍.
രവിമാഷിനെ പ്രണയിച്ച, ശ്രീധരന്‍ ബലാത്കാരം ചെയ്തതിനാല്‍ അയാളെ വിവാഹം ചെയ്യേണ്ടിവന്ന അമ്മ അയാള്‍ ചെയ്യുന്ന ക്രൂരതകളുടെയെല്ലാം അമര്‍ഷം ഒടുവില്‍ പ്രകടിപ്പിക്കുന്നു. ഭര്‍ത്താവായ ശ്രീധരന്റെ കൈപ്പത്തി വെട്ടിമാറ്റിയാണ് അമ്മ പ്രതികരിക്കുന്നത്. അതിന്റെ ശിക്ഷയെന്നോണം അമ്മയെ കൊലപ്പെടുത്തി അയാള്‍ പ്രതികാരം നിര്‍വഹിക്കുന്നു. അമ്മയുടെ മരണത്തോടെ ഒറ്റപ്പെടുന്ന വേദ വീട്ടില്‍ നിന്നും അച്ഛനില്‍ നിന്നും രക്ഷ ആഗ്രഹിക്കുകയും പഠിച്ച് പുറത്തേക്കു പോവുകയും ചെയ്യുന്നു. കാനഡയിലെ ഉപരിപഠനം, തുടര്‍ന്ന് പോളണ്ടിലെ ജോലി… അവളുടെ ജീവിതം ആകെ മാറിമറിയുന്നു. ശരീരത്തെയും മനസ്സിനെയും സ്വതന്ത്രമാക്കി ജീവിച്ച വേദ യാഥാസ്ഥിതികനായ നന്ദനുമായുള്ള വിവാഹത്തോടെ വീണ്ടും ആണ്‍കോയ്മക്ക് അടിമയാകുന്നു. ജീവിതം ഒരു തടവറയായി മാറുമ്പോള്‍ ചേതനെന്ന പുതിയ സുഹൃത്തിലൂടെ ജീവിതത്തിന്‍റെ, പ്രതീക്ഷയുടെ പുത്തന്‍ ലോകത്തേക് സഞ്ചരിക്കുന്ന വേദയുടെ സംഭവപരമായ ജീവിതമാണ് ഉടലിന്റെ രാഷ്ട്രീയം.
Post Your Comments