literatureworldnews

ചെറുകാട് പുരസ്കാരം ഈ വര്‍ഷം നാടകത്തിന്

 

 

മലയാള നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ചെറുകാട് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്ത് 1914 ഓഗസ്റ്റ് 26നാണ് ജനിച്ചത്. ഗോവിന്ദപിഷാരോടി എന്നായിരുന്നു യഥാര്‍ത്ഥ പേര്. 1976 ഒക്ടോബര്‍ 28ന് അദ്ദേഹം അന്തരിച്ചു.

നമ്മളൊന്ന്, മുത്തശ്ശി, മണ്ണിന്റെ മാറില്‍, ഭൂപ്രഭു, മരണപത്രം, ശനിദശ, ദേവലോകം, ചെകുത്താന്റെ കൂട്, തെരുവിന്റെ കുട്ടി, മുദ്രമോതിരം, ചുട്ടന്‍മൂരി, ഒരു ദിവസം, ചെറുകാടിന്റെ ചെറുകഥകള്‍, മനുഷ്യനെ മാനിക്കുക, അന്തഃപുരം, മെത്താപ്പ്, ആരാധന, തിരമാല തുടങ്ങിയവയാണ് പ്രധാനകൃതികള്‍. ജീവിതപ്പാത എന്ന ആത്മകഥയ്ക്കു സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകൾ എഴുതിയിരുന്നു.

ചെറുകാടിന്റെ ജീവിതപ്പാത അധ്വാന വര്‍ഗ്ഗത്തിന്റെ ജീവിത ഭാരങ്ങള്‍ കടന്നു വരുന്നു. സ്വന്തം ജീവിതകഥയേക്കാളേറെ താന്‍ വളര്‍ന്നുവന്ന രാഷ്ട്രീയ-സാമൂഹ്യ ജീവിത പശ്ചാത്തലത്തിന്റെയും ഒരു സാമൂഹ്യാവ്യവസ്ഥയ്ക്കുവേണ്ടി രാഷ്ട്രീയമായും സര്‍ഗാത്മകമായും നടത്തിയ പോരാട്ടത്തിന്റെയും വികാരതീക്ഷ്ണമായ ആവിഷ്കാരമാണ് ആത്മകഥയില്‍ ചെറുകാട് നടത്തുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച ജനകീയ പ്രത്യയശാസ്ത്രത്തിന്റെയും ക്രമാനുഗത വളര്‍ച്ചയിലെ  പുരോഗതിയും സംഭാവനകളും ഈ ആത്മകഥയില്‍ വായിച്ചറിയാം.

ചെറുകാടിന്റെ 40-ആമത് ചരമ വാര്‍ഷിക ദിനാചരണവും അവാര്‍ഡ് സമര്‍പ്പണവും ശനി, ഞായര്‍ ദിവസങ്ങളില്‍ ചെറുകര യുപി സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. ചെറുകാട് വ്യാപരിച്ച കഥ, കവിത, നാടകം, നോവല്‍, ബാലസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലെ മികച്ച കൃതിക്കാണ് ഓരോ വര്‍ഷവും അവാര്‍ഡ് നല്‍കുന്നത്. ഈ വര്‍ഷത്തെ അവാര്‍ഡ് നാടക സാഹിത്യത്തിനാണ്. കരിവെള്ളൂര്‍ മുരളിയുടെ ‘ഈ ഭൂമി ആരുടേത്’ എന്ന രചനയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്.

ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മലയാള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അവാര്‍ഡ് സമ്മാനിക്കും. അവാര്‍ഡ് തുകയായ 25,000 രൂപയാണ്. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ ടി ജലീല്‍ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 30ന് വൈകിട്ട് നാലിന് സാംസ്കാരിക ഘോഷയാത്രയും തുടര്‍ന്ന് സമാപന സമ്മേളനവും നടക്കും. സമാപന സമ്മേളനശേഷം കണ്ണൂര്‍ സംഘചേതനയുടെ അടിയത്തമ്പ്രാട്ടി നാടകവും അരങ്ങേറും.

 

shortlink

Post Your Comments

Related Articles


Back to top button