bookreviewliteratureworldstudy

നമ്മള്‍ ഒരു തീ വിഴുങ്ങിപ്പക്ഷി

 

 

കഥയും കവിതയുമെല്ലാം ചരിത്രത്തെയും സ്വപ്നങ്ങളെയും കൂടെ കൂട്ടുക സാധാരണമാണ്. അങ്ങനെ ചരിത്രത്തിന്റെ അടരുകളും സ്വപ്നങ്ങളും അനന്തപുരിയുടെ ആത്മാവിലൂടെ വായനക്കാരനെനടത്തുന്ന 20 കഥകളുടെ സമാഹാരമാണ് എം രാജീവ്കുമാറിന്റെ“’തീവിഴുങ്ങിപ്പക്ഷി’.

മനുഷ്യബന്ധങ്ങള്‍ക്കപ്പുറം നഗരത്തില്‍ ചേക്കേറിയിരിക്കുന്ന മൃഗങ്ങളും പക്ഷികളും ഈ കഥകളിലെ കഥാപാത്രങ്ങളായി വരുന്നു. തലസ്ഥാനത്ത് അരങ്ങേറിയ ദേശീയ ഗെയിംസിന്റെ ‘ഭാഗ്യചിഹ്നമായ അമ്മുവേഴാമ്പല്‍ ‘തീവിഴുങ്ങിപ്പക്ഷി’യായി മാറുമ്പോള്‍ കായികരംഗത്തെ അഴിമതികള്‍ വാക്കുകള്‍ ഒളിയാതെ തെളിയുന്നു. ‘ഒന്നുമാകാതെ പട്ടിണിക്കിട്ട സ്പോര്‍ട്ട്സിനെ കൊണ്ടുപോയി തോട്ടിലെറിയാനും വേണ്ടേ നമുക്കൊരു നീരൊഴുക്ക്’’എന്ന് തുറന്നു പറയുന്ന കഥാകാരന്‍ നമ്മുടെ കായികരംഗത്തെ അഴിമതിക്കഥകള്‍ സമര്‍ഥമായി അനാവരണം ചെയ്യുന്നു.

സമൂഹത്തിന്‍റെ വിഷം ചീറ്റുന്ന ചിന്തകളില്‍ പെണ്മകള്‍ വളരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു അമ്മയുണ്ട്. ‘നഗരം മുഴുവന്‍ അനക്കോണ്ടകള്‍ വളരുമ്പോള്‍ തന്റെ മകള്‍ വളരരുതേ’ എന്ന ‘അനക്കോണ്ട’ എന്ന കഥയിലെ അരുന്ധതിയുടെ ആഗ്രഹം ഒരു നീറ്റലായി വായനക്കാരിലേക്കും പടരുന്നു.
ധനാഢ്യനായ ഗോപനും ഖദറിട്ട കപട രാഷ്ട്രീയക്കാരനും നമുക്ക് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളാണെന്നു സമ്മതിക്കാതെ തരമില്ല. കാലുകൊണ്ട്‌ തട്ടാനും ഉരുട്ടാനും വട്ടം കറക്കാനും കഴിയുന്ന കാട്ടു നിറച്ച പന്താണ് പെണ്ണെന്നു പറയുമ്പോള്‍ അവള്‍ ഇന്ന് സമൂഹത്തില്‍ അനുഭവിക്കുന്ന സ്വത്വമില്ലായ്മ ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘പാദങ്ങളെ ചുംബിക്കുന്ന പന്ത്’ വായിക്കുന്നവര്‍ ശരിയാണല്ലോ എന്ന് ചിന്തിക്കും.
നവ ഉദാരീകരണത്തിന്റെ ആസുരതകള്‍ പങ്കുവയ്ക്കുകയാണ് ‘സാമുവല്‍ ബക്കറ്റ്’,അനീതിക്കെതിരെ പോരാടാനുള്ള ആഹ്വാനം നിറഞ്ഞ ‘കായംകുളം വാള്‍’ , രാഷ്ട്രീയത്തിലെ കപടനാടകങ്ങള്‍ തുറന്നുകാട്ടുന്ന ‘ഖദറിന്റെ അറവ്’ , മനഃസാക്ഷി നഷ്ടപ്പെട്ട സമൂഹത്തിന്റെ മൃതമായ ആത്മാവ് കാട്ടിത്തരുന്നുമനഃസാക്ഷി നഷ്ടപ്പെട്ട സമൂഹത്തിന്റെ മൃതമായ ആത്മാവ് കാട്ടിത്തരുന്ന ‘ആറുമുഖനും ആറു നയങ്ങളും’ തുടങ്ങി ജീവിതത്തിന്‍റെ വേറിട്ട മുഖങ്ങള്‍ കാട്ടിത്തരുന്ന കഥകള്‍ വായനക്കാരനെ ചിന്തിപ്പിക്കുന്നു.

മനുഷ്യന്റെ ആര്‍ത്തിയുടെ ആഴമളക്കുന്ന ഉപഹാസകഥയാണ് ‘മണിയെണ്ണന്‍’. പെണ്‍ജീവിതത്തിന്റെ നിമ്നോന്നതങ്ങളെ ഒരു ചിത്രകാരന്റെ കരവിരുതോടെ വരച്ചുകാട്ടുന്ന ‘കടല്‍ വന്നു വിളിച്ചാല്‍ കരയോളം വരുമെന്ന് ഞാന്‍ പറയും’ ഇവ എല്ലാം സ്നേഹത്തിന്‍റെ പ്രണയത്തിന്‍റെ നൂലിഴയില്‍ കോര്‍ത്തവയാണ്. മുംബൈ നഗരത്തിലെ കാണാക്കാഴ്ചകള്‍ പകര്‍ത്തുന്ന ‘രാത്റാണി’, ഭരണസിരാകേന്ദ്രമായ ഹജൂര്‍ കച്ചേരിയുടെ അന്തരംഗങ്ങളിലേക്ക് മിഴിതുറക്കുന്ന ‘സര്‍പ്പസത്രം’ എന്നിവയെല്ലാം എഴുത്തുകാരന്‍ വായനക്കാരിലേക്ക് പകരുന്ന അസ്വസ്ഥതകളാണ്.

വായന ഒരു നേരമ്പോക്ക് മാത്രമല്ലെന്നും ജീവിത വ്യഥകളുടെ കാഴ്ചകള്‍ കൂടിയാണെന്നും ആ കാഴ്ചകളിലേക്ക് വായനക്കാരനെ കൂട്ടുകയുമാണ് എഴുത്തുകാരന്‍.

shortlink

Post Your Comments

Related Articles


Back to top button