literatureworldnews

ബഷീര്‍ മാനവികതയെ അടയാളപ്പെടുത്തിയ സാഹിത്യകാരന്‍- എം ടി വാസുദേവന്‍ നായര്‍

 

കൊച്ചി: എക്കാലവും മനസ്സുകളില്‍ നിലനില്‍ക്കുന്ന വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് എം.ടി. വാസുദേവന്‍ നായര്‍. ബഷീര്‍ കൃതികള്‍ മാനവികത നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ പ്രസക്തമാണ്. മാനവികത അടയാളമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും എം.ടി പറഞ്ഞു. പ്രവാസി ദോഹ- പ്രവാസി ട്രസ്റ്റ് ചങ്ങമ്പുഴ പാര്‍ക്കില്‍ നടത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് പുരസ്കാരം ലഭിച്ചത്.

ലോകഭൂപടത്തില്‍ നമ്മുടെ ഭാഷയെയും സിനിമയെയും രേഖപ്പെടുത്തിയ പ്രതിഭയായ അടൂര്‍ ഗോപാലകൃഷ്ണന്‍റെ പല സിനിമകളും തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും എം.ടി പറഞ്ഞു. ബഷീറിന്‍െറ കൃതികള്‍ വളരെ മനോഹരമായി ചലച്ചിത്രമാക്കിയ പ്രതിഭയാണ് അടൂര്‍.

എക്കാലവും ആരാധനയോടെ കാണുന്ന ഒരു എഴുത്തുകാരനായ ബഷീറിന്‍െറ പേരിലുള്ള പുരസ്കാരം നല്‍കി ബഹുമാനിച്ചതിന് അങ്ങേയറ്റം നന്ദിയുണ്ടെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജ്യേഷ്ഠസഹോദരനെപോലെ കാണുന്ന എം.ടിയില്‍നിന്ന് പുരസ്കാരം വാങ്ങിയതില്‍ സന്തോഷമുണ്ട്.

ഡബ്ബിങ്ങിനുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രഫ. അലിയാരെ എം.ടി ആദരിച്ചു. അടൂര്‍ ഗോപാലകൃഷ്ണനുള്ള പുരസ്കാര സമര്‍പ്പണം വൈക്കം മുഹമ്മദ് ബഷീറിന്‍െറ മകന്‍ അനീസ് ബഷീറും പ്രശസ്തിപത്ര സമര്‍പ്പണം എം.എ. റഹ്മാനും നിര്‍വഹിച്ചു. എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. എം.എന്‍. വിജയന്‍ എന്‍ഡോവ്മെന്‍റ് സ്കോളര്‍ഷിപ് അടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി എ.എസ്. ശ്രുതിലക്ഷ്മിക്ക് നല്‍കി. ബാബു മത്തേര്‍, പ്രഫ. അലിയാര്‍, കെ.കെ. സുധാകരന്‍, കെ. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

shortlink

Post Your Comments

Related Articles


Back to top button