സിനിമയിലും സാഹിത്യത്തിലും മാത്രാമല്ല ഓരോ മനുഷ്യന്റെ ഉള്ളിലും വിശ്വാസങ്ങള്‍ അടിയുറച്ചു പോയവയുണ്ട്. അതില്‍ ഒന്നാണ് അന്ധവിശ്വാസങ്ങള്‍. മാടനും മറുതയും യക്ഷിയും എല്ലാം നമുക്ക് ചുറ്റും നടക്കുന്നു. കാത്തു സംരക്ഷിക്കാ
നും ചോരകുടിക്കാനും തയ്യാറായ ആ ദേവതകളെ ആഗ്രഹപ്രീതിക്കും മറ്റുള്ളവരുടെ നാശത്തിനും ഉപയോഗിക്കുന്ന ആഭിചാര കര്‍മങ്ങള്‍ നടത്തുന്നവര്‍ ഉണ്ടെന്നത് പഴങ്കഥ പോലെ ഓരോ തലമുറയും കേട്ടു ശീലിക്കുന്നു. അതില്‍ എത്രത്തോളം സത്യമുണ്ട്? ആ സത്യം അറിയാന്‍ ഓരോ വ്യക്തിക്കും പേടി കലര്‍ന്ന ഒരു കൗതുകം ഉണ്ട്.
മനുഷ്യര്‍ ഏറെ ഭയ ഭക്തി ബഹുമാനത്തോടെ കാണുന്ന ഒന്നാണ് മന്ത്രവാദം. എന്താണ് മന്ത്രവാദം? എന്താണ് അതിന്റെ ആചാര അനുഷ്ടാനങ്ങള്‍ എന്നിവയെല്ലാം അറിയാന്‍ ഓരോ വ്യക്തിക്കും കൗതുകം ഉണ്ട്. അത് സ്വാഭാവികം. ആ കൗതുകത്തെ ശമിപിക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്ന ഗ്രന്ഥമാണ് ആചാര്യ എം.ആര്. രാജേഷ് തയ്യാറാക്കിയ മന്ത്രവാദവും ദുര്‍മന്ത്രവാദവും. മാതൃഭൂമി പ്രസിദ്ധീകരിച്ച ഈ പുസ്തകം മന്ത്രവാദത്തിന്റെയും ദുര്മന്ത്രവത്തിന്റെയും ഇരുണ്ട ലോകത്തേക്ക് വെളിച്ചം വീശുന്നു.
മനുഷ്യസഹജമായ വിചാരങ്ങളെ ഫലപ്രാപ്തിയിലെത്തിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് പ്രാചീനകാലത്ത് മനുഷ്യര്‍ വികസിപ്പിച്ചെടുത്തതാണ് മന്ത്രവാദമെന്ന കല. മന്ത്രവാദത്തെ ചിലപ്പോള്‍ തന്ത്രമെന്നും പറയാറുണ്ട്. ഒരാളുടെ ആഗ്രഹമനുസരിച്ച് സാധനയും പൂജയും കൊണ്ട് ഈശ്വരനെ പ്രാപിക്കുക എന്നതാണ് ഈ വാക്കിനുള്ള അര്‍ഥം.
മന്ത്രവാദവും ദുര്‍മന്ത്രവാദവും പോലുള്ള ആഭിചാരങ്ങള്‍ ഇക്കാലത്തും സമൂഹത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുന്നുണ്ട്. മനുഷ്യന് ശാസ്ത്രബോധമാര്ജിച്ചു എന്നവകാശപ്പെടുന്ന ഈ കാലത്തും ആധുനിക സമൂഹം മന്ത്രവാദത്തെയും ദുര്‍മന്ത്രവാദത്തെയും കൈയ്യൊഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.
മന്ത്രവാദവും ദുര്‍മന്ത്രവാദവും, മന്ത്രവാദത്തിന്റെ ആധുനിക രൂപങ്ങള്‍, ദുര്‍മന്ത്രവാദത്തിന്റെ 64 കലകള്‍, ദുര്‍മന്ത്രവാദവും ആറു കര്‍മ്മങ്ങളും തുടങ്ങിയ വിഷയങ്ങള്‍ വേദപണ്ഡിതന്കൂടിയായ ആചാര്യ എം.ആര്. രാജേഷ് പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ഒപ്പം മന്ത്രവാദത്തിന്റെ ചരിത്രം, താളിയോല ഗ്രന്ഥങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ ഇതില്‍ ചേര്‍ത്തിരിക്കുന്നു.
മന്ത്രവാദത്തിന്റെയോ ദുര്‍മന്ത്രവാദത്തിന്റെയോ അസംബന്ധം വെളിവാക്കുവാനോ, അതിന്റെ ആധികാരികതയെ സ്ഥാപിക്കുവാനോ അല്ല പുസ്തകം ശ്രമിക്കുന്നത്. അജ്ഞാതവും കൗതുകകരവും വിചിത്രവും അവിശ്വസനീയമായ ഒരു ലോകമാണ് ഇതിലുള്ളത്. മന്ത്രവാദത്തെയും ദുര്‍മന്ത്രവാദത്തെയും ചുറ്റിപ്പറ്റിയുള്ള ഇത്തരം കൗതുകകരമായ വസ്തുതകള്‍ വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ഈ പുസ്തകം.
Post Your Comments