ഒരാള്‍ തന് അറിഞ്ഞതും അനുഭവിച്ചതും ആയ ജീവിതത്തെ വാക്കുകള്‍ കൊണ്ട് വരച്ചിടുന്നതാണ് ആത്മകഥ. അതില്‍ ദേശം, സംസ്കാരം, കാലം തുടങ്ങിയവയുടെ ചരിത്രങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നു. വായനക്കാരനെ പിടിച്ചിരുത്തുന്ന ഭാഷയും പഴമയിലേക്കുള്ള തിരിഞ്ഞു നോട്ടവും ആത്മകഥയേ കൂടുതല്‍ സ്വീകാര്യമാക്കുന്നു. ആത്മകഥാ സാഹിത്യത്തില്‍ തലയെടുപ്പോടെ നില്ക്കുന്ന ഒരു കൃതിയാണ് പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായിയുടെ രാഗം ഭൈരവി.
ജീവിതകഥ എഴുതാന്‍ തക്ക സംഭവ ബഹുലമാണോ എന്റെ ജീവിതം? അങ്ങനെ എഴുതാന്‍ മാത്രം വലിപ്പം എനിക്കുണ്ടോ? എന്നിങ്ങനെ സംശയത്തിന്റെ കണ്ണിലൂടെ ആരംഭിക്കുന്ന ചെറിയ ആമുഖത്തിലൂടെ ആത്മകഥയിലേക്ക് വായനക്കരനെ കൂട്ടികൊണ്ട് പോകുന്ന ഉമ്പായി കൊച്ചിയുടെയും തന്റെ സംഗീത യാത്രയുടെയും ചരിത്രം ലളിതമായി പറയുകയാണ് രാഗം ഭൈരവിയില്‍.
കൊച്ചിയുടെ പടിഞ്ഞാര്‍ നെല്ലുകടവില്‍ ജനിച്ച ഉമ്പായിയുടെ ബാല്യം മട്ടാഞ്ചേരിയുടെ രാഷ്രീയ വളര്‍ച്ചയും വികാസവും രേഖപ്പെടുത്തുന്നുണ്ട്. 1950 ജൂണ്‍ 10ന് പടിഞ്ഞാറേ വീട്ടില്‍ അബുവിന്റെയും പാത്തുമ്മയുടെയും മകനായി ജനിച്ച ഉമ്പായി തന്റെ കുട്ടിക്കാല ഓര്‍മ്മയില്‍ പഴമക്കാര്‍ പറഞ്ഞ കഥകള്‍ ഓര്‍ത്തു വയ്ക്കുന്നുണ്ട്. അതില്‍ നിറഞ്ഞു നില്ക്കുന്ന ഒരു ഓര്‍മ്മയാണ് 1953-ല്‍ നടന്ന മട്ടാഞ്ചേരി പോലിസ് വെടിവയ്പ്പും അതില്‍ പ്രതിഷേധിച്ചു പി ജെ ആന്റണി രചിച്ച കവിതയും. കുട്ടിക്കാലത്ത് താന്‍ മൂളിയ ആ വരികള്‍ ഇന്നും ഉമ്പായി ഓര്‍ക്കുന്നു.
കാട്ടാളന്മാര് നാടുഭരിച്ചു
നാട്ടില്‍ തീമഴപെയ്തപ്പോള്
പട്ടാളത്തെ പുല്ലായ്ക്കരുതിയ
മട്ടാഞ്ചേരി മറക്കാമോ?
അച്ഛന്റെ കമ്മ്യൂണിസ്റ്റ് അനുഭാവവും ആ നാട്ടില്‍ ഇടതുപക്ഷ ചിന്തകള്‍ വളര്‍ന്നതും ഉമ്പായിയേ ഇടതുപക്ഷ അനുഭാവി ആക്കാന്‍ ബാപ്പ ആഗ്രഹിക്കാന്‍ തുടങ്ങി. എന്നാല്‍ സംഗീതത്തിന് പ്രാധാന്യം കൊടുത്തിരുന്ന ഉമ്പായിയേ അതൊന്നും ആകര്‍ഷിച്ചില്ല. മട്ടാഞ്ചേരിയിലെ ബ്രീട്ടിഷ് സൈന്യവും കോളനിവല്ത്കരണവും അവരുടെ ആഘോഷങ്ങളുടെ താവളമായി അവിടെ മാറ്റി. അത് കൊണ്ട് തന്നെ ഒരു സംഗീത പാരമ്പര്യം അവിടെ വളര്‍ന്നു വന്നു. അതില്‍ മനസ് മുഴുകിയ ഉമ്പായി പഠിത്തത്തില്‍ പുറകിലായിരുന്നു. അതുകൊണ്ട് തന്നെ ഒട്ടും അതിശയോക്തി ഇല്ലാതെ പത്താംക്ലാസ് മാര്‍ക്കും താന്‍ വിജയിക്കാത്തതും തുറന്നു പറയുന്നു. പാട്ട്കൂട്ടത്തിന്റെ പുറകെ നടന്നു പഠനം കളഞ്ഞതില്‍ ബാപ്പ ദുഖിച്ചിരുന്നു.
പഠിത്തമെല്ലാം കഴിഞ്ഞു നിക്കുന്ന സമയം പാര്‍ട്ടി പൊതുവേദികളില്‍ തബല കൊട്ടി തുടങ്ങിയ പാട്ടിന്റെ ലോകം ഇന്ന് ഉമ്പായിയെ മലയാള ഗസല്‍ ചക്രവര്‍ത്തിയായി എത്തിച്ചു. അതിനു പിന്നില്‍ കണ്ണീരിന്റെയും വേദനയുടെയും അവഹേളനത്തിന്റെയും സൌഹൃദത്തിന്റെയും ഓര്‍മ്മകള്‍ ഉണ്ട്. ബാപ്പക്ക് ഇഷ്ടമില്ലഞ്ഞിട്ടും പാട്ടിന്റെ പിന്നാലെ യാത്ര ചെയ്ത ഉമ്പായി തന്റെ കന്നി ബോംബൈ യാത്രയും അവിടത്തെ ട്രൈനിംഗും വേര്‍പിരിയലുമെല്ലാം വികാരദ്രമായി വിവരിക്കുന്നു.
സംഗീതത്തില്‍ ജാതിമത ചിന്തകള്‍ക്ക് പ്രാധാന്യം ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം സൂചിതമാകുന്നുണ്ട്. അതിനൊരു തെളിവാണ് വിഭോ വിഷ്ണു ക്ഷേത്രത്തില്‍ എല്ലാ ആഷാഡമാസത്തിലും നടന്നു വരുന്ന സംഗീത സപ്താഹം. അതില്‍ പങ്കെടുക്കുന്നവരില്‍ പണ്ഡിറ്റ് ഭീം സെന്‍ ജോഷി, പണ്ഡിറ്റ് ജസ് രാജ് തുടങ്ങിയ മുസ്ലീം പാട്ടുകാര്‍ ഉണ്ടായിരുന്നുവെന്നത്.
അതുപോലെ തന്നെ സംഭവവികാസങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ ആത്മ മിത്രം അബുവിന്റെ കല്യാണവും ഒരു ഒറ്റ രൂപ തുട്ട് കിട്ടിയ ആ രാത്രിയും ഓര്‍മ്മയില്‍ തിളക്കമോടെ നില്ക്കുന്നു. അത് വിവരിക്കുന്നത് …………..
അബുവിന്റെ വിവാഹം നിശ്ചയിച്ചു. വിവാഹത്തിന്റെ തലേനാള്‍ തലേനാള്‍ വരന്റെ മൈലാഞ്ചിക്ക് ഞാന്‍ പാടണമെന്ന് അബുവിന്റെ ബാപ്പയ്ക്ക് നിര്‍ബന്ധം. കല്യാണദിവസമെത്തിയപ്പോള് എന്റെ ഉത്തമ സുഹൃത്ത് എന്നനിലയിലും എന്നെ ഏറെ സഹായിച്ച വ്യക്തി എന്ന നിലയിലും കല്യാണ സമ്മാനം കൊടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ എനിക്കതിനു കഴിഞ്ഞില്ല. എന്റെ പോക്കറ്റ് കാലിയായിരുന്നു. എനിക്ക് വല്ലാത്ത വേദനതോന്നി. എങ്കിലും എന്റെ കൂട്ടുകാരനുള്ള കല്യാണസമ്മാനമായി പാട്ട് കച്ചേരിയില്‍ മെഹ്ദി സാഹിബിന്റെ നാല് പാട്ടുകള്‍ പാടി സമര്‍പ്പിച്ചു തൃപ്തിയടഞ്ഞു.
ഹിന്ദുസ്ഥാനിസംഗീതത്തെ കേരളത്തില്‍ ജനകീയമാക്കിയതില്‍ മുന്നില്‍നിന്നവരാണ് ബാബുരാജ്, മെഹ്ബൂബ്, ഉംബായി. ഈ മൂവരുടെയും ജീവിതങ്ങള്‍ക്കും സമാനതകളുണ്ട്. സംഗീതത്തിലെയും സംഗീതജീവിതത്തിലെയും അസാധാരണത്വം നിറഞ്ഞ സമീപനംകൊണ്ട് മലയാളികളുടെയാകെ പ്രിയപ്പെട്ടവരായി മൂവരും. സംഗീതവുമായി ഊരുതെണ്ടിയവര്‍. കേരളത്തിന് അത്രയൊന്നും പരിചിതമല്ലാത്ത കവാലിയെയും ഗസലിനെയും മെഹ്ഫിലുകളില്‍നിന്ന് ജനങ്ങളിലെത്തിച്ചതില്‍ ഇവര്‍ക്കുള്ള പങ്ക് നിസ്തുലം. ഇന്ന് കേരളത്തില്‍ ഒരു ഗായകനും അവകാശപ്പെടാനില്ലാത്ത അനുഭവങ്ങള്‍ക്കുടമയാണ് ഭാവഗീതങ്ങളുമായി നമ്മളെ അതിശയിപ്പിക്കുന്ന ഉംബായിയെന്ന് ഈ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ ബോധ്യമാകും.
യൌവനാരംഭംമുതല്‍ നടന്നുതീര്‍ത്ത ലഹരിയുടെ ഉന്മാദവഴികളെക്കുറിച്ചും ഒട്ടും മടിക്കാതെ തുറന്നുപറയുന്നുണ്ട് ഉംബായി. ബോംബെയില്‍ കപ്പലോട്ടക്കാരനാകാന്‍ പോയതിനെക്കുറിച്ചും അവിടെനിന്ന് ഉസ്താദ് മുജാവര്‍ അലി സാഹിബ്ബിന് ശിഷ്യപ്പെട്ട് തബല പഠിച്ചതിനെക്കുറിച്ചുമൊക്കെ ഉംബായി ആത്മകഥയില്‍ വാചാലനാകുന്നുണ്ട്. ലോറി ക്ളീനറായി പണിയെടുത്ത്, മത്സ്യസംസ്കരണ സ്ഥാപനത്തിന്റെ വണ്ടിയുടെ ഡ്രൈവറായി നാടുമുഴുവന്‍ അലഞ്ഞതിനെക്കുറിച്ച് എല്ലാം ഉംബായി വിശദീകരിക്കുമ്പോള്‍ നല്ല കലാകാരനെ സൃഷ്ടിക്കുന്നതില്‍ ജീവിതാനുഭവങ്ങള്‍ക്കും സാമൂഹിക സാഹചര്യങ്ങള്‍ക്കുമുള്ള പങ്ക് നമുക്ക് തിരിച്ചറിയാനാകും.
വായനയുടെ പുതിയ ശീലുകള്‍ നമുക്ക് മുന്നില്‍ തുറന്നു തരുന്ന ഒരു കൃതിയാണ് രാഗം ഭൈരവി. ജീവിത കഷ്ടപ്പാടിനു ഇടയിലും സംഗീതത്തെ മുറുകെ പിടിച്ച ഈ കലാകാരന് നടന്നു തീര്‍ത്ത വഴികള്‍ ഇനി ആര്‍ക്കും എത്താന്‍ പറ്റാത്ത ഉയരങ്ങളില്‍ എത്തിയിരിക്കുന്നു. പി ഇ ഹമീദ്, കെ. എം. ആര് മോഹന്‍ എന്നിവര്‍ തയ്യാറാക്കിയ രാഗം ഭൈരവി സംഗീത ആസ്വാദകര്‍ക്ക് മാത്രമല്ല ഓരോ വായനക്കാരനും ഇഷ്ടമാകുന്ന തരത്തില്‍ അതിഭാവുകങ്ങള്‍ ഒന്നുമില്ലാതെ ലളിതമായ ഭാഷയില്‍ ജീവിത കഥ പറയുന്ന ഒരു ഉത്തമ സാഹിത്യ സൃഷ്ടി തന്നെയാണ്.
Post Your Comments