ഗുവാഹത്തി: പോപ് ഗായകവും കവിയുമായ ബോബ് ഡിലന് ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ നൽകിയ സ്വീഡിഷ് അക്കാഡമിയുടെ തീരുമാനം തെറ്റാണെന്ന് ഇംഗ്ളീഷ്-ഇന്ത്യൻ സാഹിത്യത്തിലെ പ്രമുഖനായ റസ്കിൻ ബോണ്ട്. ഈ പുരസ്കാരം ലഭിച്ചിട്ടുള്ള വിഖ്യാത എഴുത്തുകാരെ അധിക്ഷേപിക്കുന്നതായിരുന്നു ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നോർത് ഈസ്റ്റ് സാഹിത്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം ഡിലനെ നല്ല സംഗീതജ്ഞനായി കാണുന്നു. എന്നാല്‍ സാഹിത്യത്തിനുള്ള പുരസ്കാരം നല്‍കിയത് ശരിയായില്ല എന്നും അഭിപ്രായപ്പെട്ടു. മറ്റേതെങ്കിലും വിഭാഗത്തിലായിരുന്നു അദ്ദേഹത്തെ ഉൾപ്പെടുത്തേണ്ടിയിരുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരനല്ലാത്ത ഒരാൾക്ക് സാഹിത്യകാരന് നല്കുന്ന പരാമോന്നത ബഹുമതി നല്‍കിയത് ഇതുവരെ നോബൽ പുരസ്കാരം സ്വീകരിച്ച സാഹിത്യകാരന്മാരെയും സാഹിത്യകാരികളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോബൽ കമ്മിറ്റി പലപ്പോഴും ഇത്തരത്തിൽ ശരിയല്ലാത്ത തീരുമാനം കൈകൊള്ളാറുണ്ട്. അക്കാര്യത്തിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയാറില്ലെന്നും പദ്മവിഭൂഷൺ ജേതാവായ ബോണ്ട് പറഞ്ഞു. 500 ചെറുകഥകളും ലേഖനങ്ങളും കുട്ടികൾക്കായി 50 പുസ്തകങ്ങളും എഴുതിയിട്ടുള്ള റസ്കിൻ ബോണ്ട് ഇംഗ്ളീഷ്-ഇന്ത്യൻ സാഹിത്യത്തിലെ പ്രമുഖനാണ്.
ബോബ് ഡിലന് നോബല്‍ പുരസ്കാരം നല്‍കിയത് ശരിയല്ലെന്ന് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. കൂടാതെ പുരസ്കാരം ലഭിച്ചതിനെ കുറിച്ച് പ്രതികരിക്കാന്‍ ബോബ് തയ്യാറാകാത്തതും വിമര്‍ശങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Post Your Comments