indepthliteratureworldnews

അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് ആനയിച്ച എഴുത്തുകാരൻ: നാരായൻ വിടപറയുമ്പോൾ

മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ നോവലാണ് കൊച്ചരേത്തി

കേരളത്തിലെ ആദിവാസി സമൂഹമായ മലയരയൻമാരെക്കുറിച്ചു തുറന്നെഴുതിയ പ്രമുഖ സാഹിത്യകാരൻ നാരായൻ വിടവാങ്ങി. കോവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാരായന്റെ ആദ്യ നോവലാണ് കൊച്ചരേത്തി. മലയരയര്‍ വിഭാഗക്കാരനായ നാരായന്‍ തന്റെ ജനതയുടെ കഥകള്‍ പറഞ്ഞുകൊണ്ടാണ് വായനക്കാരുടെ മനസുകളില്‍ ഇടംപിടിച്ചത്.

ഇടുക്കി കടയാറ്റൂരില്‍ ചാലപ്പുറത്ത് രാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്തംബര്‍ 26-നായിരുന്നു ജനനം. തപാല്‍ വകുപ്പില്‍ ജോലി ചെയ്ത അദ്ദേഹം 1995-ല്‍ പോസ്റ്റ്മാസ്റ്റര്‍ പദവിയില്‍നിന്ന് സ്വയംവിരമിക്കുകയായിരുന്നു. തന്റെ അമ്പത്തിയെട്ടാം വയസ്സിലാണ് ആദ്യ നോവൽ അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്. കാടോരങ്ങളിലെ ആദിവാസികളെക്കുറിച്ചു ഭാവനയും ദുരൂഹതയും സമംചേർത്തു എഴുതിയാൽ ഗോത്രസാഹിത്യമായി എന്ന് ചിന്തിക്കുന്ന പൊതു ബോധത്തെ തന്റെ അക്ഷരങ്ങളിലൂടെ വെല്ലുവിളിച്ച എഴുത്തുകാരനാണ് നാരായൻ.

read also: പ്രണയത്തിന്റെ, പെണ്ണ് എഴുത്തിന്റെ രാജ്ഞി: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി

അക്ഷരങ്ങൾ പഠിക്കാൻ അല്ല, ഉച്ച ഭക്ഷണത്തിനു വേണ്ടി സ്‌കൂളിൽ പോയ ബാല്യകാലത്തെക്കുറിച്ചു പല അഭിമുഖങ്ങളിലും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. വിശപ്പായിരുന്നു ഇപ്പോഴും കൂട്ടുകാരൻ. അമ്മയുടെ മരണവും രണ്ടാം അമ്മയും അച്ഛനും സഹോദരങ്ങളും അടങ്ങുന്ന കുടുംബവും താൻ അറിയുന്ന തന്റെ സമുദായവും തന്നെയാണ് അദ്ദേഹത്തിന്റെ എഴുത്തിൽ നിറഞ്ഞു നിന്നത്. അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് ആനയിച്ച എഴുത്തുകാരൻ എന്ന് നാരായനെ വിശേഷിപ്പിക്കാം.

സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ആണ് നാരായൻ തന്റെ കഥകൾക്ക് പശ്ചാത്തലമാക്കിയത്. പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ കൊച്ചരേത്തി മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതം ആവിഷ്കരിച്ച ഊരാളിക്കുടി ചെങ്ങാറും കുട്ടാളും, വന്നല, നിസ്സഹായന്റെ നിലവിളി, ഈ വഴിയില്‍ ആളേറെയില്ല, പെലമറുത, ആരാണു തോല്‍ക്കുന്നവര്‍ എന്നിവയാണു പ്രധാന കൃതികള്‍. അബുദാബി ശക്തി അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ്, സ്വാമി ആനന്ദ തീര്‍ത്ഥ അവാര്‍ഡ് എന്നിവ അദ്ദേഹത്തിനു ലഭിച്ചു.

 

shortlink

Post Your Comments

Related Articles


Back to top button