literatureworldshort story

ഒരു തമാശകഥ

story/      Sandeep chandran

 

രാവിലെ മുതല്‍ നല്ല ചൂടുള്ള ദിവസമായിരുന്നു അന്ന്. വൈകുന്നേരം ഓഫീസില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയപ്പോഴേക്കും പകലുമുഴുവന്‍ അനുഭവിച്ച ചൂടിനു ഒരു ആശ്വാസമെന്നോണം ഭൂമിയെ തണുപ്പിച്ചുകൊണ്ട് ചെറിയൊരു മഴ പെയ്യാന്‍ തുടങ്ങി. ഓഫീസിനു പുറത്തേക്കിറങ്ങിയപ്പോള്‍ ആകാശം മുഴുവന്‍ ഇരുണ്ടുകൂടിയിരുന്നു. പിന്നെ പുതുമഴ പെയ്യുമ്പോഴുണ്ടാകുന്ന മണ്ണിന്‍റെ മണം. കുട്ടികാലത്ത് ചെയ്തിരുന്ന പോലെ ഉടുപ്പെല്ലാം ഊരിയെറിഞ്ഞു മഴയത്തിറങ്ങി ഒന്ന് കുളിച്ചാലോ എന്ന് തോന്നി മനസില്‍. ചുറ്റുപാടെല്ലാം മറന്നുകൊണ്ട് ആ മഴയെ നോക്കി ആ മണവും ആസ്വദിച്ചു എന്തൊക്കെയോ ഓര്‍ത്ത്‌ കുറച്ചു നേരമങ്ങനെ നിന്നു.

“അയ്യോ! റെയിന്‍ കോട്ടെടുത്തില്ലേ സാറേ ? ഈ മഴ ഇപ്പൊ ഒന്നും മാറുമെന്നു തോന്നുന്നില്ല. സാറിനു കുറെ ദൂരം പോകേണ്ടതല്ലേ ? “

പെട്ടന്നുള്ള ഒരു ചോദ്യം കേട്ടു തിരിഞ്ഞു നോക്കിയപ്പോ ഓഫീസിലെ സെക്യൂരിറ്റി ചേട്ടന്‍ ആയിരുന്നു.

” ഉം! ഉണ്ട് ചേട്ടാ.. കോട്ട് വണ്ടിയുടെ സീറ്റിനടിയില്‍ ഉണ്ട്”

” കോട്ട് ഞാന്‍ എടുത്തു തരണോ സാറേ ??”

” വേണ്ട ചേട്ടാ.. എനിക്ക് ഈ മഴ കൊള്ളാന്‍ ഒരു ആഗ്രഹം”

” വേണ്ട സാറേ.. ഈ മഴ കൊള്ളുന്നത്‌ അത്ര നല്ലതല്ല”

സെക്യൂരിറ്റി ചേട്ടന്‍ പോയതോടെ പതിയെ ചെന്ന് ബൈക്ക് എടുത്തു. വാച്ചും മൊബൈലും പേഴ്സും ഒരു പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞു വണ്ടിയില്‍ വച്ചു. മഴകൊള്ളാനും ആ തണുപ്പ് കിട്ടാനും മോഹിച്ചു റെയിന്‍കോട്ട് ഒഴിവാക്കി. ഓഫീസിന്‍റെ ഗേറ്റ് അടുത്തപ്പോഴേക്കും “ഇവന് വട്ടുണ്ടോ” എന്ന ഭാവത്തില്‍ ഒരു ചിരിയോടെയായിരുന്നു സെക്യൂരിറ്റി ചേട്ടന്‍ ഗേറ്റ് തുറന്നു തന്നത്. പുതുമഴയുടെ മണവും കുളിരും വെള്ളം കണ്ണില്‍ വീഴുമ്പോഴുണ്ടാകുന്ന കണ്ണിന്‍റെ ചവര്‍പ്പും എല്ലാം നന്നായി ആസ്വദിച്ചു പതിയെ വീട്ടിലേക്കു യാത്ര തിരിച്ചു.

വീടെത്തുന്നതിനു മുന്നേയുള്ള ഒരു ജങ്ഷന്‍ എത്തിയപ്പോ അവിടെ ഒരു ആള്‍കൂട്ടം കണ്ടു. നേരം ഇരുട്ടിയിരുന്നെങ്കിലും അപ്പോഴും മഴ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. ആള്‍കൂട്ടം കണ്ടതോടെ അതെന്താണെന്ന് അറിയാനുള്ള ഒരു ആകാംഷ. ബൈക്ക് റോഡ്‌ സൈഡില്‍ ഒതുക്കി വച്ചിട്ട് ആ ആള്‍കൂട്ടത്തെ ലക്ഷ്യമാക്കി നടന്നു.

ആ കൂട്ടത്തില്‍ ആദ്യം കണ്ട ഒരാളോട് ചോദിച്ചു, “എന്താ ചേട്ടാ സംഭവം ??”

അയാള്‍ എന്തോ പറഞ്ഞിട്ട് പോയി. അയാള്‍ ഒരു ബംഗാളിയായിരുന്നു.

അവിടത്തെ സംസാരങ്ങള്‍ ഒന്നു ശ്രദ്ധിച്ചപ്പോ ആ ആള്‍കൂട്ടത്തിനു നടുവില്‍ നിന്നു ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. പലരെയും തട്ടിമാറ്റി ആ ആള്‍കൂട്ടത്തിനു നടുവിലെത്താന്‍ ശ്രമിച്ചു.

“തല്ലല്ലേ സേട്ടാ… തല്ലല്ലേ സേട്ടാ… വിട്ടേക്ക് സേട്ടാ”

ഓരോ നിമിഷവും അവളുടെ നിലവിളിയുടെ ശബ്ദമുയരുന്നതായി തൊന്നി. ആ നിലവിളിയില്‍ നിന്നും അവളൊരു തമിഴത്തിക്കുട്ടി ആണെന്ന് മനസിലായി. അങ്ങനെ കുറെ പേരെ തള്ളിമാറ്റി അവസാനം അവളുടെ മുന്നിലെത്തി.

ഒട്ടും പ്രതീക്ഷിക്കാതിരുന്നൊരു കാഴ്ചയായിരുന്നു അവിടെ കണ്ടത്. ഏകദേശം ഇരുപതിനാല് വയസു തോന്നിക്കുന്ന ഒരു തമിഴത്തികുട്ടി. എന്തോ പരിക്കുപറ്റിയിട്ട് തലയില്‍ വലിയൊരു കെട്ടുണ്ട്. ഇടത്തെ കൈ ഓടിഞ്ഞതുകൊണ്ടാവണം, കൈ പ്ലാസ്റ്റെര്‍ ഇട്ടു മടക്കി കഴുത്തില്‍ തൂക്കിയിരിക്കുന്നു. വലതു കൈയ്യില്‍ ആറുമാസത്തോളം പ്രായമുള്ള ഒരു ആണ്‍കുട്ടി ഇരിക്കുന്നു.. ആ കുഞ്ഞിന്‍റെയും കൈയ്യില്‍ കെട്ടുകളുണ്ട്. ഇടതുവശത്ത്‌ അവളുടെ ചുരിദാറില്‍ തൂങ്ങിനിന്നു നിലവിളിക്കുന്ന രണ്ടോ-മൂന്നോ വയസുള്ള ഒരു പെണ്‍കുട്ടിയെയും കണ്ടു. കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ലെങ്കിലും ഈ കുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് മനസുപറഞ്ഞുകൊണ്ടിരുന്നു.

അവളെ ആരും ഉപദ്രവിക്കുന്നില്ല. പിന്നെ എന്തിനാണ് ഇവള്‍ ഇങ്ങനെ “തല്ലല്ലേ സേട്ടാ” എന്നും പറഞ്ഞു നിലവിളിക്കുന്നത് എന്നാലോചിച്ചു. അടുത്തു നിന്ന ഒരു പരിചിതമുഖത്തിനോട് കാര്യം തിരക്കി.

” ഇത് ഇന്നത്തെ പത്രത്തില്‍ വന്ന കേസ് ആണ് ബായ്. ഇവര് ഇവിടെ അടുത്താ വാടകയ്ക്ക് തമാസിക്കുന്നത്. അവനെ ഇപ്പൊ നാട്ടുകാര് കൂടി പിടിച്ചതാ.. ഇത്രയൊക്കെ ചെയ്തിട്ടും ഒരു കൂസലുമില്ലാതെ നിക്കണ കണ്ടില്ലേ കള്ള പന്നി!!”

ഇത്രയും പറഞ്ഞുകൊണ്ട് അയാള്‍ അവിടെ നിന്ന ഒരാളുടെ മുഖത്തിട്ടു ഒരെണ്ണം പൊട്ടിച്ചു. അപ്പോ ആ പെണ്‍കുട്ടി വീണ്ടും നിലവിളിച്ചു… ” തല്ലല്ലേ സേട്ടാ” അപ്പോഴാണ്‌ തല്ലുകൊണ്ട ആ പയ്യനെ ശ്രദ്ധിക്കുന്നത്. ഒരു ഇരുപത്തിയാറു വയസു തോന്നിക്കുന്ന ഒരു തമിഴന്‍ പയ്യന്‍. ഇവനെ ആളുകള്‍ തല്ലുമ്പോഴാണ് ആ പെണ്‍കുട്ടി കരയുന്നത്.

ആറുമാസം പ്രായമുള്ള കുട്ടിയേയും ഭാര്യയേയും പട്ടികയ്ക്ക് അടിച്ചു കൊല്ലാന്‍ നോക്കിയിട്ടു അടുത്ത വീട്ടുകാര്‍ വന്നപ്പോഴേക്കും ഓടി രക്ഷപെട്ട ഒരു തമിഴ്നാട് സ്വദേശിയും കുടുംബത്തെയും കുറിച്ച് രാവിലെ പത്രത്തില്‍ വായിച്ചത് അന്നേരമാണ് സത്യത്തില്‍ ഓര്‍മ വന്നത്. ആ പെണ്‍കുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ച ഇയാള്‍ ദിവസവും രാത്രി മദ്യപിച്ചു വീട്ടില്‍ വന്നു ഭാര്യയെയും പിഞ്ചുകുഞ്ഞിനേയും ഉപദ്രവിക്കുമായിരുന്നുവത്രേ!

സംഭവം അറിഞ്ഞു വരുന്നവരെല്ലാം അവനിട്ട് രണ്ടടി കൊടുത്തിട്ടേ പോകുന്നുള്ളൂ. പലരും തല്ലുന്നത് കാര്യം പോലും അറിയാതെയാണ്. അവനിട്ട് കിട്ടുന്ന ഓരോ അടിയുടെയും വേദന അവള്‍ക്കായിരുന്നു. ഓരോ അടിയിലും അവള്‍ നിലവിളിച്ചുകൊണ്ടിരുന്നു…

“തല്ലല്ലേ സേട്ടാ… തല്ലല്ലേ സേട്ടാ… വിട്ടേക്ക് സേട്ടാ”

അവിടെ നിന്ന ഒരു പ്രായമായ ചേട്ടന്‍ ആ തമിഴനെ നോക്കി പറയുന്നുണ്ടായിരുന്നു…

” നോക്കെടാ —-മോനെ. നീ ഇത്രയൊക്കെ അവളെ ചെയ്തിട്ടും നിനക്ക് വേദനിക്കുമ്പോള്‍ കരയാന്‍ അവളെ ഉള്ളു. അതാടാ —– മോനെ സ്നേഹം. നീയൊന്നും അത് അര്‍ഹിക്കുന്നില്ല.”

ആ ബഹളത്തിനിടയില്‍ ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് ഒരു പോലീസ് ജീപ്പ് വന്നു അവനെയും കൊണ്ടുപോയി.

തിരികെയെത്തി ബൈക്കെടുത്തപ്പോഴെക്കും വീണ്ടും മഴ തുടങ്ങിയിരുന്നു. പിന്നീട് വീട്ടില്‍ എത്തും വരെ മനസ്സില്‍ പഴയൊരു സഹപ്രവര്‍ത്തകന്റെ ഓര്‍മകളായിരുന്നു… തന്‍റെ ഭാര്യയെയും മകളെയും ഒരുപാട് സ്നേഹിച്ചിരുന്ന ഒരു പഴയ സഹപ്രവര്ത്തകന്റെ ഓര്‍മ. അദ്ദേഹത്തിന്‍റെ മുഖം അവസാനമായി കണ്ടത് രണ്ടുവര്‍ഷം മുന്നേയുള്ള ഒരു ദിനപത്രത്തിന്‍റെ ഫ്രന്റ്‌ പെജിലായിരുന്നു.. ” ഭാര്യയും കാമുകനും കൂടി ഭര്‍ത്താവിനെ കൊലപ്പെടുത്തി” എന്ന തലക്കെട്ടില്‍.

അല്ലേലും മനുഷ്യസ്നേഹം എന്നത് ഒരു വലിയ തമാശയാണല്ലോ! അര്‍ഹിക്കുന്നവര്‍ക്കുന്നവര്‍ക്കും കൊതിക്കുന്നവര്‍ക്കും അത് കിട്ടുകയുമില്ല, അര്‍ഹത ഇല്ലാതിരുന്നിട്ടു പോലും കിട്ടുന്നവര്‍ അതിന്‍റെ വില തിരിച്ചറിയാറുമില്ല.

 

shortlink

Post Your Comments

Related Articles


Back to top button