literatureworldnews

ലോക മാതൃഭാഷാ ദിനത്തില്‍ മലയാളികള്‍ മറന്നവര്‍

ആറു മലയാളിക്ക് നൂറു മലയാളം ഉള്ള കേരളത്തില്‍ മാതൃഭാഷാ ദിനം സ്കൂള്‍ കോളേജ് തലത്തില്‍ ഒരു ചടങ്ങ് മാത്രമായി മാറുകയാണ്.

ഇന്ന് ലോകം മാതൃഭാഷാ ദിനം ആഘോഷിക്കുകയാണ്. ബംഗ്ലാദേശില്‍ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാനദിനത്തിന് അന്തര്‍ദ്ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരമായാണ് ഈ ദിനം ഓര്‍മ്മിക്കപ്പെടുന്നത്. ലോകത്തുള്ള ഏഴായിരത്തോളം ഭാഷകളില്‍ പകുതിയോളം ഇന്ന് നാമാവശേഷമായികൊണ്ടിരിക്കുകയാണ്. ലോകത്തിലെ മാതൃഭാഷകള്‍ പ്രത്യേകിച്ച് ന്യൂനപക്ഷത്തിന്റെ ഭാഷകള്‍ അംഗീകരിക്കുന്നതിനും പ്രയോഗക്ഷമമാക്കുന്നതിനുമായി 2000 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി യുനസ്‌കോ ആചരിക്കുന്നു.

1952 ഫെബ്രുവരി 21-ന് ബംഗാളി ഭാഷാപ്രസ്ഥാനത്തിന്റെ പ്രതിഷേധ സമരത്തിനെ അടിച്ചമര്‍ത്താന്‍ നടത്തിയ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശില്‍ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്. ഭാഷാ സാംസ്‌കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് യുനെസ്‌കോ ലോക മാതൃഭാഷാദിനം വര്‍ഷംതോറും ആചരിക്കുന്നത്. ആറു മലയാളിക്ക് നൂറു മലയാളം ഉള്ള കേരളത്തില്‍ മാതൃഭാഷാ ദിനം സ്കൂള്‍ കോളേജ് തലത്തില്‍ ഒരു ചടങ്ങ് മാത്രമായി മാറുകയാണ്.

നമ്മള്‍ സംസാരിക്കുന്ന, അച്ചടികളിലൂടെയും അല്ലാതെയും വ്യവഹരിക്കുന്ന മലയാള ഭാഷയെ ഇന്നത്തെ രീതിയില്‍ കൊണ്ട് വന്ന സാംസ്കാരിക നവോത്ഥാന നായകന്മാരെ മലയാളികള്‍ മറക്കുന്നു. കൈക്കൂലി എണ്ണി തിട്ടപ്പെടുത്താന്‍ നോട്ട് എണ്ണല്‍ മെഷീന്‍ വാങ്ങുന്നവര്‍ക്ക് പോലും സര്‍ക്കാര്‍ ചിലവില്‍ പ്രതിമകള്‍ സ്ഥാപിച്ചു മഹത്വവത്കരിക്കുമ്പോള്‍ മലയാളത്തെ പഠിപ്പിക്കാനുള്ള ഭാഷയായി മാറ്റിയവരെ നമ്മള്‍ മറന്നു. തിരുവിതാംകൂര്‍ കോളേജ് എന്നറിയപ്പെട്ടിരുന്ന യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപകന്‍ കൂടിയായ എ.ആര്‍. രാജരാജവര്‍മ്മ, പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയ കേരളവര്‍മ്മ വലിയ കോയിതമ്പുരാന്‍ തുടങ്ങിയവരെ മലയാളികള്‍ക്ക് അറിയാന്‍ ഒരു പ്രതിമയും വേണ്ട…

ഭാഷാ ഭേദത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളത്തില്‍ പദങ്ങളുടെ അര്‍ഥം മനസിലാക്കാന്‍ ഉപയോഗിക്കുന്ന ശബ്ദതാരാവലി തയാറാക്കിയ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയെ മലയാളികള്‍ ഓര്‍ക്കുമോ? 2200-ൽ പരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കായി ഇന്നും കണക്കാക്കപ്പെടുന്നു. ഇരുപത് വർഷം കൊണ്ട് പൂർത്തീകരിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യപതിപ്പിന്റെ ആദ്യലക്കം 1917-ലാണ് പുറത്തിറങ്ങിയത്. സ്വാർത്ഥലാഭങ്ങളില്ലാതെ ഭാഷയ്ക്കുവേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞുവെക്കാൻ സന്നദ്ധത പ്രകടിപ്പിച്ച വ്യക്തിയാണ് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള.

താൻ നിഘണ്ടുവിലെഴുതിയ ‘സുഖം’ എന്ന വാക്ക് ജീവിതത്തിൽ അനുഭവിച്ചിട്ടില്ലെന്നു ശ്രീകണ്ഠേശ്വരം ആമുഖത്തില്‍ കുറിക്കുന്നുണ്ട്. താജ്മഹൽ നിർമിക്കാനെടുത്തത് 20 വർഷമാണ്. അതുണ്ടാക്കിയ ഷാജഹാൻ ചക്രവർത്തിയെക്കുറിച്ച് എല്ലാ മലയാളിക്കും അറിയാം. എന്നാല്‍ സ്വജീവിതത്തിന്റെ ഇരുപതു വര്‍ഷം കൊടുത്ത് ഭാഷയെ സ്നേഹിച്ച ശ്രീകണ്ഠേശ്വരത്തെ മലയാളികള്‍ കാണാതെ പോകുന്നു. അദ്ദേഹത്തിനും ഒരു പ്രതിമയും ഇല്ല ഒരു ചെയറുമില്ല… എന്തിനു പറയുന്നു ഇതിഹാസമാകുന്ന മൂന്നു നോവലുകള്‍ രചിച്ചു ഭാഷയില്‍ ചക്രവര്‍ത്തിയായി വിലസുന്ന സി വി രാമന്‍പിള്ളയ്ക്കും ഇല്ല ഒരു സ്മാരകം.

ശ്രേഷ്ഠഭാഷയാക്കാന്‍ ഭാഷയുടെ പഴക്കം തേടിയവരും മലയാള ഭാഷയിലും സാഹിത്യത്തിലും ഇന്നും പഠനങ്ങള്‍ നടത്തുന്നവരും ഇതൊന്നും ഓര്‍ക്കുന്നില്ല. എല്ലാരും ആഘോഷിക്കുന്നു നമ്മളും കൂടുന്നു എന്നതിനപ്പുറം മലയാളത്തിന്റെ മഹത്വത്തെയും അതിനായി പ്രയത്നിച്ച ഭാഷാനവോത്ഥാനക്കാരെയും കുറിച്ച് ആരും ചിന്തിക്കുന്നില്ല…

shortlink

Post Your Comments

Related Articles


Back to top button