മലയാളസിനിമയില്‍ ഒരുകാലത്ത് പ്രമുഖരായിരുന്ന 39 നടിമാരുടെ ജീവിതം വരച്ചു കാട്ടുന്ന പുസ്തകമാണ് ചേലങ്ങാട്ട് ഗോപാല കൃഷ്ണന്‍ രചിച്ച അന്നത്തെ നായികമാര്‍. മലയാളസിനിമയിലെ ആദ്യ (ദുരന്ത) നായിക എന്ന പേരില്‍ എഴുതിയിരിക്കുന്ന പി.കെ.റോസിയെക്കുറിച്ചുള്ള കുറിപ്പു മുതല്‍ ആരംഭിക്കുന്ന അന്നത്തെ നായികമാര്‍ വെള്ളിത്തിരയിലെ മിന്നും താരങ്ങളുടെ ദുരന്ഹ പൂര്‍ണ്ണമായ ജീവിതമാണ് വരച്ചു കാട്ടുന്നത്.
നടിമാരുടെ ജീവിതം അവര്‍ അഭിനയിച്ച സിനിമകളേക്കാള്‍ ഉദ്വേഗഭരിതമായിരുന്നു . അത് തെളിയിക്കുന്നവയാണ് പല നടിമാരുടെയും ജീവചരിത്രക്കുറിപ്പുകള്‍. ഭൂരിഭാഗം നടിമാര്‍ക്കും ആരാധകര്‍ കരുതുന്നത് പോലെ നല്ല ജീവിതമായിരുന്നില്ല ലഭിച്ചത്. വിജയശ്രീ, ശോഭ, റാണിചന്ദ്ര, ശ്രീവിദ്യ, തുടങ്ങി ഇന്നത്തെ തലമുറയ്ക്ക് അല്പ പരിചയമുള്ളവരുടെ ദുരന്തകഥകളും ദേവകീഭായ്, ബി.എസ്.സരോജ, ശ്രീകല, ലളിത, രാഗിണി തുടങ്ങിയ മുന്‍കാല നടിമാരുടെ ജീവിതനാശവും ചേലങ്ങാട്ട് അന്നത്തെ നായികമാര്‍ എന്ന കൃതിയില്‍ പറയുന്നു.
ആദ്യ സിനിമയിലെ നായികയായ പി.കെ.റോസിയ്ക്ക് സമൂഹം ഏര്‍പ്പെടുത്തിയ ഭ്രഷ്ടാണ് ദുരന്തമായതെങ്കില്‍ രണ്ടാമത്തെ ചിത്രമായ മാര്‍ത്താണ്ഡവര്‍മ്മയിലെ നായിക ദേവകീഭായി പ്രണയത്തിനുവേണ്ടി ജീവിതം ത്യജിച്ചവളായിരുന്നു. നിര്‍മ്മാതാവ് സുന്ദര്‍ രാജിനെ പ്രണയിച്ച് വിവാഹം കഴിച്ച ദേവകീഭായി ഭര്‍ത്താവിന്റെ കഷ്ടപ്പാടുകളില്‍ ഒപ്പം നിന്ന് ഒടുവില്‍ അദ്ദേഹത്തിന്റെ മരണശേഷം കൂടുതല്‍ കഷ്ടതയിലായി ഒടുവില്‍ വിസ്മൃതിയില്‍ മറഞ്ഞു. വയറിളക്കത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരിച്ചു എന്ന പത്രവാര്‍ത്തയില്‍ ഒതുങ്ങിയ മിസ്സ് കുമാരിയുടെ ജീവിതം ഒരു ഞടുക്കത്തോടെയോ വായിച്ചുപോകാനാവൂ. സിനിമയ്ക്കു പിന്നിലെ സിനിമാക്കഥകള്‍ വ്യാപകമായിരിക്കുന്ന ഇക്കാലത്ത് അന്നത്തെ നായികമാര്‍ വെള്ളിത്തിരയിലെ സ്വപ്നനായികമാരുടെ ജീവിതം പച്ചയായി ആവിഷ്കരിക്കുന്നു.
Post Your Comments