ഒരു “പഴം”കഥ
ഹരികൃഷ്ണന്‍ ആര്‍ കര്‍ത്ത
“ആദ്യമായാണ് ഞാനധ്വാനിച്ചുണ്ടാക്കിയ കാശു കൊടുത്ത് പഴം വാങ്ങുന്നത്. വളരെക്കാലത്തിനു ശേഷമാണ് പഴം കഴിക്കാന്‍ പോകുന്നതു തന്നെ. നല്ല കണിക്കൊന്നമഞ്ഞയിലുള്ള നാടന്‍ ഞാലിപ്പൂവനാണ്”.
അമ്പലംറോഡിലെ തിരക്കില്‍ നിന്നൊഴിഞ്ഞ് പുന്നഗൈത്തെരുവിലേക്കുള്ള ഇടവഴിയിലേക്ക് കയറി ഒറ്റയ്ക്ക് നടക്കാന്‍ തുടങ്ങിയപ്പോഴേക്കും ഞാലിപ്പൂവനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വഴിമാറിപ്പോയി. അരസിച്ചെട്ടിയാരുടെ വീട്ടില്‍നിന്നും ഒഴുകിവന്ന പഴയ റിക്കാര്‍ഡിലെ സൌന്ദര്‍രാജന്‍റെ കരുത്തുറ്റ ശബ്ദത്തോടൊപ്പമായി മനസ്സിന്‍റെ സഞ്ചാരം. പത്തിരുപത് ചുവട് നടന്നില്ല, കൊമുദാക്കന്‍റെ വീട്ടിലെ കക്കൂസ്ടാങ്ക് പൊട്ടിയൊഴുകുന്ന രൂക്ഷഗന്ധം. നടത്തത്തിനു വേഗം കൂട്ടി, കറുപ്പുച്ചാമിയുടെ മസാലവടക്കടയുടെ ഓരം ചേര്‍ന്ന്‍ തെരുവിന്‍റെ വഴിയിലേക്ക് കയറി.
വീണ്ടും ഞാലിപ്പൂവന്‍ മനസ്സിലേക്കോടിയെത്തി. ഞാലിപ്പൂവന്‍ മാത്രമല്ല വാഴപ്പഴം മൊത്തത്തില്‍ ബാല്യകാലത്തെ ഒരു വലിയ ഓര്‍മ്മയാണ്. ചെറുപ്പത്തിലേ സംഭവിച്ച അനാഥത്വത്തില്‍ നിന്നും താങ്ങും തണലും തന്ന് രക്ഷിച്ച കുഞ്ഞായാനമ്മാവന്‍റെയും ചെറുവാതി മുത്തശിയുടേയും ഓര്‍മ്മ. ഒരേസമയം സുഖമുള്ളതും വേദനപ്പിക്കുന്നതുമായ ഓര്‍മ്മ.
അച്ഛന്‍ കാശ്മീരില്‍ വച്ച് തീവ്രവാദികളോടും, അമ്മ അകാലത്തില്‍ പിടിപെട്ട ക്ഷയരോഗത്തോടും ഏറ്റുമുട്ടി മരണത്തിനു കീഴടങ്ങിയ ശേഷം കുഞ്ഞായനമ്മാവനാണ് കീഴാറ്റുകരയിലെ അമ്പാട്ടുമുറ്റം തറവാട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടു വന്നത്. കൂട്ടിക്കൊണ്ടു വരിക മാത്രമല്ല ചെയ്തത്, മകനെപ്പോലെ സ്നേഹിച്ചു. സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു.
കുഞ്ഞായനമ്മാവാന്‍ ഒറ്റാംതടിയാണ്, ഇപ്പോള്‍. അമ്മാവന്‍റെ കല്യാണമൊക്കെ കഴിഞ്ഞതാണ്. പക്ഷെ കല്യാണത്തിന്‍റെ പതിനഞ്ചാം പക്കം അമ്മാവന്‍റെ വേളി ഒരു കീഴ്ജാതിക്കാരന്‍റെ കൂടെ ഒളിച്ചോടിപ്പോയി. മൂന്നാം ക്ലാസില്‍ വച്ച് കണക്കു പഠിപ്പിക്കുന്ന ഗീവര്‍ഗീസ് മാഷാണ് ആ വിവരം ആദ്യമായി എനിക്കു കൈമാറിയത്.
ഒരു ചോദ്യത്തിന് ഉത്തരം നല്‍കി ഇരിക്കാന്‍ ഭാവിച്ച എന്നോട് മാഷ് ചോദിച്ചു, “നീയാ അമ്പാട്ടുമുറ്റത്തെ നാരായണപിള്ളേടെ മരുമോനല്ലേ?”
അതെയെന്ന്‍ തലയാട്ടിയത്, വായില്‍ക്കിടന്ന മുറുക്കാന്‍ തുപ്പാന്‍ പുറത്തേക്കു പോയ മാഷ് കണ്ടില്ല. പക്ഷേ തിരികെ വന്ന് ഒറ്റച്ചോദ്യമായിരുന്നു, “പിള്ളേടെ ഒളിച്ചോടിപ്പോയ ഭാര്യേടെ വിവരം വല്ലോം ഒണ്ടോ?”
മാഷെന്നെ കളിയാക്കിയതാണെന്നും, ക്ലാസ്സു മുഴുവന്‍ ചിരിയിലമര്‍ന്നതെന്തിനാണെന്നും അന്ന് മനസ്സിലായില്ല.
ബാല്യകാലസ്മരണകള്‍ ഇത്രയുമായപ്പോള്‍ തെരുവിന്‍റെ ഉള്‍വഴികളില്‍ക്കൂടി നടന്ന്‍ താമസിക്കുന്ന കുടുസ്സുമുറിയുടെ വാതില്‍ക്കലെത്തി. അകത്തുകയറി വേഷമൊക്കെ മാറ്റി ഞാലിപ്പൂവന്‍ പൊതിയുമെടുത്ത് നിലത്തു വിരിച്ച പായയിലേക്കിരുന്നു. ഒപ്പമുള്ള മൊയ്തീന്‍ നാട്ടില്‍ പോയിരിക്കുന്നു. അവനുണ്ടെങ്കില്‍ വൈകിട്ട് ചോറും മീന്‍വറ്റിച്ചതുമാണ്. ഇന്ന്‍ അവനില്ലാത്തതുകൊണ്ട് പഴം കഴിച്ച് കിടക്കണം. ഇവിടെ വന്നതിനുശേഷം ആദ്യമായാണ് ഇങ്ങനെ.
ആദ്യത്തെ ഞാലിപ്പൂവന്‍ തൊലിയുരിഞ്ഞു കഴിക്കുന്നതിനിടെ മനസ് വീണ്ടും അമ്പാട്ടുമുറ്റം തറവാടിന്‍റെ മുറ്റത്തേക്കു ചെന്നു. അവിടെ ചെറുവാതി മുത്തശിയുണ്ട്. അമ്മയുടെ അമ്മയാണ്. കാര്‍ത്ത്യായാനി എന്നാണ് ശരിക്കുള്ള നാമധേയം. “ചെറുവാതി” എന്ന പേരു വരാന്‍ കാരണം ഈയുള്ളവനാണ്.
മകളുടെ അകാലത്തിലുള്ള മരണത്തിനു ശേഷം കുറേക്കാലം വിഷാദത്തിലായിരുന്നു മുത്തശി. ഞാന്‍ തറവാട്ടില്‍ സ്ഥിരതാമസം തുടങ്ങിയകാലത്ത് മുത്തശിക്ക് ഇടയ്ക്കിടെ ചെറിയ ബാധശല്യം ഉണ്ടാകും. മരിച്ചുപോയ മകള്‍ സ്വപ്നത്തില്‍ വന്നു എന്നുപറഞ്ഞായിരിക്കും ബാധയിളകുന്നത്.
“അവളെ ഞാന്‍ കണ്ടു. എന്‍റെ മോള് എന്നെക്കാണാന്‍ വന്നു. എന്‍റെ ഉണ്ണിയെ നല്ലോണം നോക്യോണം ന്ന്‍ പറയാനാ അവള് വന്നത്”.
ഇങ്ങനെയൊക്കെയാണ് ബാധയിളകിയാല്‍ മുത്തശിയുടെ പറച്ചിലുകള്‍. പിന്നെ ദിവസം മുഴുവന്‍ തറവാടിലൂടെ ആര്‍ത്തുംപേര്‍ത്തും പറഞ്ഞുകൊണ്ട് നടക്കും. എന്നെക്കണ്ടാല്‍ അടുത്തുവിളിച്ച് ലാളിക്കും. പലഹാരങ്ങള്‍ ഉള്ളത് നിര്‍ബന്ധിച്ച് തീറ്റിക്കും. വെയിലാറുന്ന സമയമാകുമ്പോഴേക്കും മുത്തശി സാധാരണനിലയിലേക്കു വരും. മുത്തശിയുടെ അനുജത്തി ഭവാനി അക്കാലത്ത് അമ്പാട്ടുമുറ്റത്ത് കൂടെക്കൂടെ വന്നിരുന്നു. കുറ്റ്യാടിയിലുള്ള മകളോടൊപ്പമാണ് ഭവാനിമുത്തശിയുടെ താമസം. മകളുമായി ഒന്നുംരണ്ടും പറഞ്ഞു പിണങ്ങുമ്പോഴാണ് അമ്പാട്ടുമുറ്റത്തേക്കുള്ള വരവ്. കീഴാറ്റുകരത്തേവരെ ഏഴു ദിവസം കുളിച്ചു തൊഴാംന്ന്‍ നേര്‍ച്ചയുണ്ടെന്നും പറഞ്ഞായിരിക്കും വരവ്. വഴക്കിന്‍റെ കാഠിന്യം അനുസരിച്ച് കുളിച്ചുതൊഴല്‍ ഏഴിന്‍റെ പെരുക്കങ്ങളാകും.
അമ്പാട്ടുമുറ്റം മധുരത്തിന്‍റെ തറവാടാണ്. ചെറുവാതി മുത്തശിയും കുഞ്ഞായാനമ്മാവനും നല്ല മധുരപ്രിയരാണ്. അടുക്കളയിലെ ഭരണികളില്‍ എപ്പോഴും ഉണ്ണിയപ്പമോ, ശര്‍ക്കരവരട്ടി ഉപ്പേരിയോ, ചക്ക വരട്ടിയതോ, എള്ളുണ്ടയോ ഒക്കെയുണ്ടാകും. പോരാത്തതിന് കുഞ്ഞായനമ്മാവന്‍റെ വാഴകൃഷിയും. നല്ല അധ്വാനിയായ അമ്മാവന് ഏറ്റവും താല്‍പര്യം വാഴകൃഷിയോടാണ്. അമ്പാട്ടുമുറ്റത്തെ തറവാടിന്‍റെ പകുതിയിലധികവും വിവിധതരത്തിലുള്ള വാഴകള്‍ നട്ടുനനച്ചു വളര്‍ത്തുന്നത് അമ്മാവന്‍റെ ഒരു തപസ്യയാണ്.
അമ്പാട്ടുമുറ്റത്ത് നൂറ് കുലയുണ്ടായാല്‍ അതില്‍ തൊണ്ണൂറും തറവാട്ടിലുള്ളവര്‍ തന്നെ അകത്താക്കും എന്ന്‍ അക്കാലത്ത് നാട്ടിലൊക്കെ ഒരു പറച്ചിലുണ്ടായിരുന്നു. അതില്‍ തീരെ വാസ്തവമില്ലായിരുന്നു എന്നുപറയാന്‍ കഴിയില്ല. ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ ഞാലിപ്പൂവന്‍റെ പടല പകുതിയും തീര്‍ന്നു. ഇത്തിരി വെള്ളം സംഘടിപ്പിക്കാത്തത് അബദ്ധമായി എന്നു തോന്നി. സാരമില്ല, തൊട്ടപ്പുറത്തെ മുരുകേശന്‍റെ കിണറ്റില്‍ നിന്നെടുക്കാം.
അസമയത്ത് വെള്ളമെടുക്കാന്‍ സമ്മതിച്ച മുരുകേശനോട് കുശലവും പറഞ്ഞ് വെള്ളവുമായി തിരികെയെത്തിയപ്പോഴേക്കും ഒരുകാര്യം മനസ്സിലായി. പതിവായി ചോറും മീന്‍വറ്റിച്ചതും കഴിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ഒരു പടല ഞാലിപ്പൂവന്‍ മുഴുവന്‍ അകത്താക്കിയാലും വിശപ്പെന്ന വില്ലന്‍ കേട്ടടങ്ങാന്‍ പോകുന്നില്ല. എങ്കില്‍പ്പിന്നെ മുഴുവന്‍ അകത്താക്കുക തന്നെ. ഒന്നുരണ്ടു വലിയ കവിള്‍ വെള്ളം കുടിച്ചിറക്കി വീണ്ടും ഞാലിപ്പൂവന്‍റെ മുമ്പിലേക്കിരുന്നു.
നല്ല നാടന്‍ ഞാലിപ്പൂവന്‍റെ തേന്‍മധുരം നാവിലെ രസമുകുളങ്ങളെ ത്രസിപ്പിച്ചുകൊണ്ട് അന്നനാളത്തിലൂടെ ഇറങ്ങിയപ്പോഴേക്കും അമ്പാട്ടുമുറ്റത്തിന്‍റെ ഓര്‍മ്മമധുരം മനസ്സില്‍ നിറഞ്ഞു.
പറഞ്ഞു കൊണ്ടിരുന്നത് ചെറുവാതി മുത്തശിയുടെ ആ പേരിനെക്കുറിച്ചാണല്ലോ. ഭവാനി മുത്തശിയും കൂടി അമ്പാട്ടുമുറ്റത്തുണ്ടെങ്കില്‍ പിന്നെയൊരു മേളമാണ്.
“ഉണ്ണ്യേ, കുഞ്ഞായനോട് പറഞ്ഞിട്ട് ചന്തേല് ചെന്ന്‍ ഇത്തിരി മധുരനുറുക്ക് വാങ്ങി വര്വോ?” ചെറുവാതി മുത്തശി ചോദിക്കും.
“ഉണ്ണിക്കുട്ടാ, കുറ്റ്യാടീലെങ്ങും നല്ല നെയ്യപ്പം കിട്ടാന്‍ കൂടിയില്ല. ഉണ്ടേലും അവള് വാങ്ങിതരില്യ തന്നെ. നീ കുഞ്ഞായനോട് പറഞ്ഞ് ചായപ്പീടികേന്ന്‍ മുത്തശിക്ക് വാങ്ങിതര്വോ?” ഭവാനി മുത്തശി.
അങ്ങനെ അങ്ങാടീല്‍പ്പോയി മധുരനുറുക്കോ, പഴംപൊരിയോ, ബോണ്ടയോ, നെയ്യപ്പമോ, സുഖിയനോ ഒക്കെ വാങ്ങാനുള്ള അപേക്ഷകള്‍ വരും. എല്ലാത്തിനും കുഞ്ഞായന്‍റെ അനുവാദം വേണം.
എന്തിനാണെന്നോ, കുഞ്ഞായനോട് പറഞ്ഞാല്‍ കുഞ്ഞായന്‍റെ വകയും ചില വഹകള്‍ വാങ്ങാനുള്ളവയുടെ പട്ടികയില്‍ കയറും.
“ഏതു മുത്തശിക്കാടാ ഉണ്ണീ ഇപ്പോ സുഖിയന്‍ വേണ്ടത്?” വാഴത്തോട്ടത്തില്‍ നിന്ന്‍ അമ്മാവന്‍ ചോദിക്കും. ചിലപ്പോ അമ്മാവന്‍ കഴിക്കാനായി കരുതിവച്ചിരിക്കുന്ന പഴങ്ങളില്‍ ഒന്ന്‍ എനിക്കും തരും.
“നെയ്യപ്പമോ? നിനക്കല്ലേടാ?” ഇങ്ങനെ പോകും അമ്മാവന്‍റെ ചോദ്യങ്ങള്‍.
അങ്ങനെ ഏതു മുത്തശി എന്ന ചോദ്യം വന്നപ്പോഴാണ്, എപ്പോഴും “ഹരിനാമം” ചൊല്ലുന്ന ഭവാനി മുത്തശി “ഹരിനാമം” മുത്തശിയും, ഞാന്‍ അമ്പാട്ടുമുറ്റത്തു വന്ന കാലം മുതല്‍ ചെറിയ ബാധശല്യം ഉണ്ടാകാറുള്ള മുത്തശി “ചെറുബാധ” മുത്തശിയും ആയത്.
“ചെറുബാധ” ചുണ്ടില്‍ തത്തിക്കളിച്ച് കാലക്രമത്തില്‍ “ചെറുവാതി” ആയി.
“ഹരിനാമം മുത്തശി പറഞ്ഞിട്ടാ” അല്ലെങ്കില്‍ “അയ്യോ എനിക്കല്ല കുഞ്ഞായനമ്മാവാ, ചെറുവാതി മുത്തശിക്കാ” ഞാന്‍ മറുപടി പറയും.
“ഉം, ശരി. മേശവലിപ്പീന്ന്‍ രൂപായെടുത്ത് മേടിച്ചോടാ. അഞ്ചാറ് എലയടേം കൂടെ മേടിച്ചോ. വാസൂട്ടന്‍റെ കടേക്കാണും.”
വാഴപ്പഴം എന്നുവച്ചാല്‍ അമ്പാട്ടുമുറ്റംകാര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. വാഴപ്പഴം തിന്നുന്നതില്‍ ചെറുവാതി മുത്തശിയും കുഞ്ഞായനമ്മാവനും തമ്മില്‍ ഒരു മത്സരം തന്നെ പതിവായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയുടെ കാലത്ത് നിലവില്‍ വന്നതിനാല്‍ അമ്പാട്ടുമുറ്റം തറവാടിന് വലിപ്പം ഇത്തിരി കൂടുതലാണ്. തറവാടിലെ അസംഖ്യം മുറികളില്‍ പലതിലേയും അലമാരകളില്‍ നിന്നും ഭരണികളില്‍ നിന്നും ഒളിച്ചു വച്ചിരിക്കുന്ന പഴക്കൂട്ടം കണ്ടെത്താം. കുഞ്ഞായനമ്മാവാന്‍ കാണാതെ ചെറുവാതി മുത്തശി ഒളിച്ചു വയ്ക്കുന്നതാണ്, അങ്ങനെ ഒളിച്ചു വയ്ക്കേണ്ട സാഹചര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല താനും. ആവശ്യത്തിലധികം പഴം കൃഷിയിലൂടെ കിട്ടിയിരുന്നതു കൊണ്ട് കുഞ്ഞായനമ്മാവാന്‍ അതത്ര കാര്യമാക്കിയില്ല.
പക്ഷേ, ഞാന്‍ പത്താംക്ലാസിലെത്തിയപ്പോഴേക്കും അമ്പാട്ടുമുറ്റത്തെ സാഹചര്യങ്ങള്‍ ഒരുപാടു മാറിയിരുന്നു. തേവരെ കുളിച്ചു തൊഴാന്‍ ഹരിനാമം മുത്തശി ഇനിവരില്ല. തലേവര്‍ഷം കുറ്റ്യാടിയിലെ മകളുടെ വീട്ടില്‍ വച്ച് ഹരിനാമം മുത്തശി എന്നെന്നേക്കുമായി തേവരുടെ അടുക്കലേക്ക് പോയിരുന്നു. കൃഷികൊണ്ട് മാത്രം കാലക്ഷേപം കഴിയാതെ വന്നപ്പോള്‍, ഒറ്റയ്ക്കും പെട്ടയ്ക്കുമായി അമ്പാട്ടുമുറ്റത്തെ ഭൂമി മുഴുവന്‍ പലേ ആവശ്യങ്ങള്‍ക്കായി കുഞ്ഞായനമ്മാവാന്‍ വിറ്റിരുന്നു. ഒരോഹരി കുറ്റ്യാടിയിലെ ഹരിനാമം മുത്തശിയുടെ മകള്‍ക്കും കൊടുക്കേണ്ടി വന്നു. ഒടുവില്‍ അമ്പാട്ടുമുറ്റം തറവാടും മുറ്റവും കഷ്ടി ഒരേക്കറും ബാക്കിയായി.
അമ്മാവന് കൃഷിയില്‍ പണ്ടേപോലെ ഉത്സാഹമില്ല. തറവാട്ടില്‍ പണ്ടേപോലെ സന്തോഷമില്ല. അമ്മാവന്‍ ഇപ്പോള്‍ ചന്തയില്‍ ഒരു പീടികയില്‍ പണിക്കു പോകുന്നുണ്ട്. കളത്തില്‍ മാധവനുണ്ണിയുടെ പലചരക്കുകടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍. മാധവനുണ്ണി നാട്ടിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റാണ്. മാധവനുണ്ണിയുടെ കൂടെയായപ്പോള്‍ അമ്മാവനും ചെറിയൊരു കമ്മ്യൂണിസ്റ്റായി. തറവാട്ടിലെ കാര്യങ്ങള്‍ അമ്മാവന് പീടികയില്‍ നിന്നുകിട്ടുന്ന പണം കൊണ്ട് കഴിയണം. പത്താംക്ലാസ് കഴിഞ്ഞാല്‍ എന്‍റെ തുടര്‍ന്നുള്ള പഠനം ഒരു പ്രഹേളികയായി നില്‍ക്കുന്നു.
കാര്യങ്ങള്‍ ഞെരുക്കത്തിലാണെങ്കിലും അമ്മാവന്‍റെയും മുത്തശിയുടേയും മധുരപ്രിയത്തിന് യാതൊരു കുറവും വന്നില്ല. പണ്ടത്തെ അത്രയും ധാരാളിത്തം ഇല്ലാത്തതുകൊണ്ട് അതിത്തിരി കൂടുകയും ചെയ്തു. രണ്ടുപേരും തമ്മില്‍ വഴക്കും പതിവായി. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന കാശിന് അമ്മാവന്‍ വാങ്ങിവരുന്ന വാഴപ്പഴത്തിനു വേണ്ടിയാണ് കലഹം പലപ്പോഴും കലശലാകുന്നത്.
ഒരിക്കല്‍, വീതംവച്ച പഴത്തിന്‍റെ എണ്ണത്തില്‍ കുറവുവന്നു എന്നു പറഞ്ഞ് മുത്തശി രണ്ടു ദിവസം പട്ടിണി കിടക്കുക വരെ ചെയ്തു. പതിവായി, വൈകുന്നേരങ്ങളിലെ പഴം വീതംവയ്പ്പ് വലിയ വഴക്കിലേക്ക് എത്തുന്നത് സഹിക്കാന്‍ കഴിയാതെ ഞാന്‍ തറവാട്ടില്‍ കയറുന്ന സമയം പരിഷ്കരിച്ച് രാത്രിയിലേക്കാക്കി. ബീഡി, സിഗരറ്റ്, കള്ള് മുതലായവ വൈകുന്നേരങ്ങളിലെ കൂട്ടുകാരോടൊപ്പം കൂട്ടായെത്തി. അമ്മാവനും മുത്തശിയും മറ്റേതോ ലോകത്തായിരുന്നു. അവര്‍ ഇതൊന്നും ശ്രദ്ധിച്ചതേയില്ല. അക്കാലത്ത് നിന്നതാണ് എന്‍റെ പഴംതീറ്റ, അപ്പോഴാണ് ഒരുകാര്യം ശ്രദ്ധിച്ചത്. വെള്ളം കുടിച്ചിരുന്നതില്‍പ്പിന്നെ ഒരു പഴം പോലും കഴിച്ചില്ല. ഓര്‍മ്മകളുടെ മധുരം കുറഞ്ഞതു മൂലമാകാം. ഒരെണ്ണം ഇരിഞ്ഞെടുത്ത് പതിയെ കഴിച്ചു. വായില്‍ വല്ലാത്ത ചവര്‍പ്പ്. മനസ്സിലെ ഓര്‍മ്മകളുടെ കയ്പ്പ് നാവിലേക്കൂറിയാതാണോ? പഴം പേടാണ്. അത് പുറത്തേക്കെറിഞ്ഞു കളഞ്ഞു.
പേട്പെട്ട പഴത്തില്‍ക്കടിക്കുമ്പോള്‍ നാവില്‍ നിറയുന്ന കയ്പ്പിന്‍റെ അനുഭവമായിരുന്നു അമ്പാട്ടുമുറ്റത്ത് പിന്നീട്. വഴക്കുമൂക്കുമ്പോള്‍ രണ്ടു പേരും അമ്പാട്ടുമുറ്റത്തിന്‍റെ ക്ഷയത്തിന്‍റെ കുറ്റവും അങ്ങോട്ടുമിങ്ങോട്ടും ചാര്‍ത്താന്‍ തുടങ്ങിയിരുന്നു.
മാധവനുണ്ണിയുടെ നേത്രുത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു മെഡിക്കല്‍ക്യാമ്പില്‍ അന്നൊരിക്കല്‍ ഞങ്ങള്‍ പങ്കെടുത്തു. സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അത്. അവിടെ വച്ച് അമ്മാവന്‍റെയും മുത്തശിയുടേയും രക്തവും മറ്റും പരിശോധിക്കാനെടുത്തു. തീരെ ഇഷ്ടപ്പെടാതെയാണ് മുത്തശി തിരികെ അമ്പാട്ടുമുറ്റത്തെത്തിയത്.
“പഞ്ചാരേടെ സൂക്കേടൊണ്ടേല്‍ മധുരം കഴിക്കാന്‍ പറ്റില്യത്രേ. ഹും, ഇത്ര വയസ്സായി നിക്ക്, ഇനിയല്ലേ പഞ്ചാര”
മുത്തശി ഇങ്ങനെ പറഞ്ഞെങ്കിലും അന്നു മുഴുവന്‍ ഒരുതരം ആധിയിലാണ് കഴിച്ചു കൂട്ടിയത്. തറവാട്ടില്‍ അവശേഷിച്ചിരുന്ന മധുരമുള്ള വസ്തുക്കളായ പഞ്ചസാര, കരിപ്പെട്ടി, കല്‍ക്കണ്ടം ഇവയൊക്കെ കൂടെക്കൂടെ എടുത്തു തിന്നുകൊണ്ടിരുന്നു. വൈകിട്ട് അമ്മാവന്‍ വന്നപ്പോഴേക്കും മുത്തശിയുടെ ആധി മാനത്തെത്തി.
“എന്തായി കുഞ്ഞായാ, പഞ്ചാര ഇല്ലല്ലോ അല്ലേ?”
അമ്മാവന്‍ ഒരു നിമിഷം ആലോചിക്കുന്നതു പോലെ നിന്നു.
“ഉണ്ട്. അമ്മയ്ക്കിനി മധുരം പാടില്ല. ഇതിന്‍റെ നീരെടുത്ത് ദിവസോം കുടിക്കണം.”
ചന്തയില്‍ നിന്നു വാങ്ങിവന്ന പാവയ്ക്കയുടെ പൊതി കുഞ്ഞായനമ്മാവന്‍ മുത്തശിക്കു കൈമാറി. പൊതിയില്‍ ഒന്നു നോക്കുക പോലും ചെയ്യാതെ മുത്തശി അകത്തേക്കു പോയി. അന്നു പട്ടിണിസമരം കിടന്നു. അന്നാദ്യമായി കുഞ്ഞായനമ്മാവന്‍ എന്‍റെ കയ്യില്‍ നിന്ന് ഒരു ബീഡി വാങ്ങി വലിച്ചു. എനിക്കീ ശീലങ്ങളൊക്കെയുണ്ടെന്ന്‍ അമ്മാവന് അറിയാമെന്ന് എനിക്കന്നാണ് മനസ്സിലായത്. മധുരം നിഷിദ്ധമാണെന്ന്‍ അറിഞ്ഞതില്‍പ്പിന്നെ മുത്തശി പുതിയൊരാളായി. പണ്ടത്തെ ചെറുബാധ ഇത്തിരി വലുതായി ബാധിച്ച പ്രേതം പോലെ.
അമ്മാവന്‍ വീട്ടിലേയ്ക്ക് മധുരം കൊണ്ടുവരാതെയായി. മധുരം കഴിക്കാന്‍ കഴിയാതെ, പ്രേത്യേകിച്ച് വാഴപ്പഴം, മുത്തശി മരിച്ചു ജീവിച്ചു. ശര്‍ക്കര, പഞ്ചസാര മുതലായവ തിന്നുന്നത് മുത്തശി രഹസ്യമായി തുടര്‍ന്നു. കീഴാറ്റുകര തേവരുടെ നേര്‍ച്ചപ്പായസം തരംകിട്ടുമ്പോഴൊക്കെ ഒരു വാശിയോടെ അകത്താക്കി.
വീട്ടിലേക്കു മധുരം കൊണ്ടുവരുന്നത് നിര്‍ത്തിയിട്ട് കുഞ്ഞായനമ്മാവന്‍ ചായപ്പീടികയില്‍ നിന്നും മറ്റും യഥേഷ്ടം മധുരം അകത്താക്കാന്‍ തുടങ്ങി. ക്ലാസ്സ് കഴിഞ്ഞ് ചന്തയിലൂടെ വരുന്ന പലദിവസങ്ങളിലും രായപ്പന്‍റെയോ വാസൂട്ടന്‍റെയോ ചായക്കടയിലിരുന്ന്‍ അമ്മാവന്‍ മധുരപലഹാരങ്ങള്‍ ആര്‍ത്തിയോടെ തിന്നുന്നത് കണ്ടു. പണ്ടേപ്പോലെ എന്നെ ഇപ്പോള്‍ സല്‍ക്കരിക്കാറില്ല. എന്‍റെ കൂട്ടുകെട്ടുകളും ആ സമയത്ത് പുതിയ മാനങ്ങള്‍ കൈവരിച്ചിരുന്നു. ചില വിദേശ ലഹരിപാനീയങ്ങളുടെ രുചിയൊക്കെ ഞാന്‍ അറിഞ്ഞു തുടങ്ങിയിരുന്നു.
മാധവനുണ്ണിയുടെ കടയില്‍ വില്പനയ്ക്കായി വച്ചിരുന്ന പഴക്കുലയില്‍ നിന്ന്‍ കൂടെക്കൂടെ ഇരിഞ്ഞു തിന്നുന്നത് കണ്ട് അയാള്‍ അമ്മാവനെ ശാസിച്ചു എന്നും അറിയാനിടയായി.
ഇതൊക്കെയാണെങ്കിലും പ്രമേഹരോഗിയായ ചെറുവാതി മുത്തശി, മധുരം രഹസ്യത്തില്‍ അകത്താക്കി, ഒരുകുഴപ്പവുമില്ലാതെ നടന്നു കാര്യങ്ങള്‍ ചെയ്തു. പണ്ടത്തെ ചിരികളികള്‍ ഒന്നുമില്ല എന്നേയുള്ളൂ. കുഞ്ഞായനമ്മാവനാകട്ടെ നാള്‍ക്കുനാള്‍ ക്ഷീണിച്ചു വന്നു.
ഈയിടെയായി ദാഹവും മറ്റും കലശലാണ്. മേല്കടയുന്നു എന്ന്‍ പറഞ്ഞ് തൈലം തേച്ച് ചൂട് വയ്ക്കുന്നത് പുതിയ ശീലമായി. അതിനായി വൈകുന്നേരങ്ങളില്‍ എനിക്ക് അമ്പാട്ടുമുറ്റത്ത് ഹാജര്‍ വയ്ക്കേണ്ടി വന്നു.
മാധവനുണ്ണിയുടെ കടയിലെ അഞ്ചു കിലോയുടെ കട്ടി കാലില്‍ വീണ് അമ്മാവന്‍റെ വലതുകാലില്‍ സാരമായ ഒരു പരിക്കുപറ്റി. മുറിവെണ്ണയിട്ട് കെട്ടിവച്ച് നടന്നിട്ടൊന്നും പരിക്ക് ഭേദമായില്ല. ആശുപത്രിയില്‍ പോകാന്‍ അമ്മാവന്‍ കൂട്ടാക്കുന്നുമില്ല. ദിവസം ചെല്ലുംതോറും പഴുത്തുവരുന്ന മുറിവും കെട്ടിവച്ച്, ക്ഷീണിച്ചവശനായ നിലയില്‍ അമ്മാവന്‍ വലിഞ്ഞു വലിഞ്ഞു നടന്നുപോകുന്ന രംഗം എന്നെ അന്നൊക്കെ വല്ലാതെ വേദനിപ്പിച്ചു.
ഒരുദിവസം ക്ലാസിലിരിക്കെ ഹെഡ്മാഷ് എന്നെ വിളിപ്പിച്ചു.
“നെന്‍റെ അമ്മാവന്‍ വാസൂട്ടന്‍റെ ചായപ്പീടികേല് തലകറങ്ങി വീണൂന്ന്‍. ആസ്പത്രീല് കൊണ്ടുപോയിട്ടൊണ്ട്. നീയങ്ങട് ചെല്ല്.”
കേട്ടപാതി ഒറ്റപ്പാച്ചിലായിരുന്നു. സഹപാഠി ഉമ്മറിന്‍റെ സൈക്കിളും ചവിട്ടി ആശുപത്രിയിലെത്തിയപ്പോള്‍ അവിടെ എല്ലാത്തിനും മാധവനുണ്ണിയും കൂട്ടരുമുണ്ട്. എന്നെക്കണ്ട മാത്രയില്‍ മാധവനുണ്ണി പറഞ്ഞു:
“നിന്‍റെ അമ്മാവന്‍ എന്തൊരു പഹയനാ? ഒടുക്കത്തെ ഷുഗറും വച്ചോണ്ടാ അവനീ കൂത്തെല്ലാം ആടിയേ? അവന്‍റെ കാലു മുറിക്കാതെ രക്ഷയില്ലെന്നാ ഡോക്ടറു പറയുന്നത്.”
അപ്പോള്‍ കാര്യങ്ങളെല്ലാം വ്യക്തമായി. വാഴപ്പഴം തീറ്റയുടെ മത്സരവേദിയില്‍ നിന്ന്‍ മുത്തശിയെ ഒഴിവാക്കാനായി അമ്മാവന്‍ മെനഞ്ഞ തന്ത്രമായിരുന്നു എല്ലാം. യഥാര്‍ത്ഥത്തില്‍ “പഞ്ചാരയുടെ സൂക്കേട്” അമ്മാവനായിരുന്നു. ഇക്കണ്ട കാലമത്രയും മധുരത്തില്‍ ആറാടി നടന്നിട്ടും ചെറുവാതി മുത്തശിയുടെ നാലയലത്ത് പോലും പ്രമേഹം എത്തിയിരുന്നില്ല. പ്രമേഹം മുത്തശിക്കാണെന്ന്‍ കള്ളം പറഞ്ഞ അമ്മാവന്‍ തുടര്‍ന്ന്‍ മധുരംകൊണ്ട് ഒരു കൂത്താട്ടം തന്നെ നടത്തി, രണ്ടും കല്‍പിച്ച്. പക്ഷെ കാലില്‍ പറ്റിയ പരിക്ക് ആ ആട്ടത്തിന്‍റെ കലാശം വേഗത്തിലാക്കി.
മൂന്നാഴ്ച അമ്മാവന്‍ ആശുപത്രിയില്‍ കഴിഞ്ഞു. വലതുകാല്‍ മുട്ടിനു താഴെ വച്ച് മുറിച്ചു മാറ്റപ്പെട്ടു. ഇനിമുതല്‍ എല്ലാ ദിവസവും “ഇന്‍സുലിന്‍” കുത്തണം. മധരം ദര്‍ശിക്കാന്‍ പോലും പാടില്ലാന്നുള്ള ഡോക്ടറിന്‍റെ വിലക്കും.
ആശുപത്രിയില്‍ നിന്ന്‍ ഡിസ്ചാര്‍ജായി അമ്പാട്ടുമുറ്റത്തെത്തിയ ദിവസം. തറവാടിന്‍റെ തിണ്ണയിലെ ചാരുകസേരയിലേക്ക് അമ്മാവനെ എടുത്തിരുത്തിയ ശേഷം മാധവനുണ്ണിയും കൂട്ടരും യാത്ര പറഞ്ഞു പോയി. അവര്‍ പോയ ശേഷം അമ്മാവന്‍ എന്നെ വിളിച്ചു. മുണ്ടിന്‍റെ മടിക്കുത്തില്‍ നിന്നും ഇരുപതിന്‍റെ ഒരു നോട്ട് എടുത്ത് കയ്യില്‍ തന്നു. തുടര്‍ന്ന്‍ ക്ഷീണിച്ച സ്വരത്തില്‍ പറഞ്ഞു:
“ഉണ്ണ്യേ, ചന്തേല് പോയി ഈ കാശിന് നല്ല പൂവന്‍പഴം വാങ്ങി വാ”
അവസാനത്തെ ഞാലിപ്പൂവനും കഴിച്ച ശേഷം അതിന്‍റെ തൊലി തിരികെ കടലാസുപൊതിയിലേക്ക് നിക്ഷേപിക്കുമ്പോള്‍ എന്‍റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. അന്നമ്മാവാന്‍ തന്ന ഇരുപതുരൂപാ നോട്ട് കൈനീട്ടി വാങ്ങിയപ്പോള്‍ വിറച്ചതു പോലെ….
ഇന്നിനി ഉറക്കം വരില്ല. കോളനിയുടെ വെളിയിലെ ഓവുചാലിന്‍റെ ഓരംപറ്റി നടന്നാല്‍ റയില്‍വേ സ്റ്റേഷനിലെത്താം. അവിടെ വല്ല തട്ടുകടയും കാണും. അവിടെപ്പോയി എന്തെങ്കിലും കഴിക്കാം എന്നു തീരുമാനിച്ച് ഇറങ്ങി നടന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കഴിച്ച ഞാലിപ്പൂവന്‍റെ തേന്മധുരം അപ്പോഴും വായില്‍ കിനിഞ്ഞു നിന്നു, മനസ്സില്‍ ഓര്‍മ്മകളുടെ കയ്പ്പും….
Post Your Comments