പ്രശസ്ത കവി ഗൗഹര്‍ റാസയെ രാജ്യദ്രോഹിയാക്കി വ്യാജ വാര്‍ത്ത. റാസയെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന് സീ ന്യൂസിന് പിഴ വിധിച്ചു. ടെലിവിഷന്‍ സംപ്രേക്ഷണങ്ങള്‍ നിരീക്ഷിക്കുന്ന ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് സ്റ്റാന്‍ഡേര്‍ഡ്സ് അതോരിറ്റി (എന്‍ബിഎസ്‌എ) യാണ് സീ ന്യൂസിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷയും ക്ഷമാപണം നടത്താനും ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഫെബ്രുവരി 16ന് രാത്രി ഒമ്പത് മണിക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും ചാനല്‍ ക്ഷമാപണം നടത്തണം.
കഴിഞ്ഞ സെപ്തംബറില്‍ എന്‍ബിഎസ്‌എയുടെ ഉത്തരവില്‍ സീ ന്യൂസ് നല്‍കിയ വാര്‍ത്ത വസ്തുതകള്‍ വളച്ചൊടിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. ഗൗഹര്‍ റാസയെക്കുറിച്ച് ഏകപക്ഷീയവും വാര്‍ത്തയെന്ന് തോന്നിപ്പിക്കാന്‍ വസ്തുതകള്‍ വളച്ചൊടിക്കുകയുമാണ് സീ ന്യൂസ് ചെയ്തതെന്നും കണ്ടെത്തിയിരുന്നു. ഇതിനെതിരെ സീ ന്യൂസ് മാനേജ്മെന്റ് നല്‍കിയ റിവ്യൂ പെറ്റീഷന്‍ തള്ളിയാണ് എന്‍ബിഎസ്‌എ പിഴ ശിക്ഷ വിധിക്കുകയും ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തത്. കവി അശോക് വാജ്പേയ്, നടി ശര്‍മിള ടാഗോര്‍, ഗായിക ശുഭാ മുദ്ഗല്‍, എഴുത്തുകാരി സെയ്ദാ ഹമീദ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി.
Post Your Comments