ഫേസ് ബുക്ക് ഹൃദയ ബന്ധങ്ങളുടെ ഇടമെന്നു വിശേഷിപ്പിക്കപ്പെടുമ്പോള്‍ അത്തരം ഒരു സൗഹൃദം അവിടെയില്ലെന്നു തുറന്നു പറയുകയാണ് കവി റഫീക്ക് അഹമ്മദ്. ‘അവനവന് കടമ്ബയാണ് ഫെയ്സ്ബുക്ക്. നമ്മള് വളരെ ഉന്നതരാണ് എന്ന് കരുതിയവരുടെ ഒക്കെ മനസ്സിന്റെ ഇടുക്കം അതില്‍ കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്. ഹൃദയബന്ധങ്ങള്‍ക്കുള്ള ഒരു സാധനമായിട്ട് എനിക്ക് ഫെയ്സ്ബുക്ക് തോന്നിയിട്ടില്ല. തെറി പറഞ്ഞ് ആളാവുകയാണ് പലരും.’ എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തില്‍ റഫീക്ക് അഹമ്മദ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ റഫീക്കിന്റെ ഈ അഭിപ്രായത്തോട് പലരും വിയോജിപ്പ് പ്രകടിപ്പിച്ചു. ഫെയ്സ്ബുക്കിനെ കുറിച്ചു പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് ലഭിച്ച ചില പ്രതികരണങ്ങള്‍ തന്നില്‍ നിഗൂഢമായ ഒരു ചിരി ഉളവാക്കുന്നുവെന്ന് റഫീക്ക് അഹമ്മദ് പറയുന്നു. അതേസമയം ചില പ്രതികരണങ്ങള്‍ തന്നെ നൈരാശ്യത്തിലേക്ക് തള്ളിയിടുന്നതായും അദ്ദേഹം ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മാതൃഭൂമിയില്‍ വന്ന എന്റെ അഭിമുഖത്തില്‍ ഫെയ്സ്ബുക്കിനെക്കുറിച്ച് ഞാന്‍ പറഞ്ഞ ചില അഭിപ്രായങ്ങളില്‍ എന്റെ ചില സുഹൃത്തുക്കള്‍ പ്രകോപിതരായതായി കണ്ടു. വര്‍ഷങ്ങളായി ഫെയ്സ്ബുക്കിന്റെ ഉപയോക്താവാണ് ഞാന്‍. പറഞ്ഞത് ശരി വെക്കുന്ന വിധത്തിലാണ് ചില പ്രതികരണങ്ങള്‍ എങ്കിലും എന്നത് നിഗൂഢമായ ഒരു ചിരി എന്നില്‍ ഉളവാക്കുന്നുവെങ്കിലും വലിയ ചില നൈരാശ്യങ്ങളിലേക്ക് തള്ളി വിടുകയും ചെയ്യുന്നു. നോക്കൂ. ചിലര്‍ക്ക് അത് മതവികാരം പോലെ വ്രണപ്പെട്ടു. ചിലര്‍, ഞാന്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളിലേക്ക് പോയി (ഫെയ്സ്ബുക്ക് കവിതകളെക്കുറിച്ചോ സാഹിത്യത്തെക്കുറിച്ചോ ഞാന്‍ ഒരക്ഷരം പറഞ്ഞിരുന്നില്ല.)
ചിലര്‍ നവ സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകളും സവിശേഷതകളും എന്നെ പഠിപ്പിച്ചു. ചിലര്‍ വ്യക്തിപരമായി അപഹസിച്ചു. വസ്തുതകളെ സംയമനത്തോടെ, മുന്‍വിധികളില്ലാതെ സമീപിക്കുക എന്നതാണ് അഭിജ്ഞതയുടെ ലക്ഷണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതല്ലെങ്കില്‍ വര്‍ഷങ്ങള്‍ പാഴാക്കി നമ്മള് നേടിയ ബിരുദങ്ങള്‍ക്കും ഡോക്ടറേറ്റുകള്‍ക്കും മറ്റും എന്ത് അര്‍ത്ഥമാണ് ഉള്ളത്?
ഫെയ്സ്ബുക്കിലെ പോസ്റ്റുകള്‍ ശ്രദ്ധിക്കുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുള്ളത് അവയില്‍ പലതും നമ്മുടെ Frutsrations, അഹങ്കാരം, പര പീഡന രതി, ആള്‍ക്കൂട്ട മൃഗീയത, ഹിംസാത്മകത, അസൂയ, നേരില്ലായ്മ, ജാതി ഗര്‍വ്വ്, അസഹിഷ്ണുത അങ്ങനെ പലതും എത്ര സഹതാപാര്‍ഹമായി വെളിപ്പെടുത്തുന്നു എന്നതാണ്. ഇതൊക്കെയും നിത്യജീവിതത്തില്‍ ഉള്ളതാണല്ലൊ എന്നും മറച്ചു വെയ്ക്കുന്നത് കാപട്യമാണല്ലൊ എന്ന് വാദിക്കാം. വരേണ്യത, കുലീനത തുടങ്ങിയ ദുഷ്പ്രഭുത്വ മനോഭാവങ്ങളുടെ മുഖത്ത് കുത്തുന്ന തെറിയുടെ ചൂട്ടാണ് നവസാമൂഹ്യ മാധ്യമങ്ങള്‍ എന്ന് സര്‍വതന്ത്ര സ്വതന്ത്രരാവാ.. വലിയ ഒരു പരിധി വരെ ഇത് ശരിയാണ്.
പക്ഷെ പലപ്പോഴും ജ്ഞാനത്തിന്റെയും സാങ്കേതിക ശാസ്ത്ര സംവിധാനങ്ങളുടെയും വികാസത്തിനനുസൃതമായി നമ്മുടെ മനസ്സിന് വികാസമുണ്ടാവേണ്ടതല്ലെ? പെരുമാറ്റങ്ങള്‍ സംസ്കരിക്കപ്പെടേണ്ടതല്ലെ എന്നു മാത്രമാണ് എന്റെ മറുചോദ്യം. നവ സാമൂഹ്യ മാധ്യമങ്ങളെ എങ്ങനെ ആത്മോത്കര്ഷപരമായി, സൗന്ദര്യാത്മകമായി, സര്‍വ്വോപരി സ്നേഹ സൗഹാര്ദങ്ങള്ക്കുള്ള ഇടമായി ഉപയോഗിക്കാം എന്ന് മലയാളി പഠിച്ചു വരുന്നേ ഉള്ളു.
വലിയ സാധ്യതകള്‍ ഉള്ള, ഈ ജനാധിപത്യ തുറസ്സ്, ആശയ വിനിമയത്തിന്റെ ഈ നൂതന പൊതുവിടം കക്കൂസ് ചുവരെഴുത്തുകള്‍ക്കുള്ള ഒന്നായി മാറുന്നതില്‍ എനിക്ക് ഉള്ള അനിഷ്ടം എന്റെ ആശയപ്രകാശനാവകാശ പ്രകാരം പ്രകടിപ്പിച്ചു എന്നേ ഉള്ളു. താത്വികവും സൈദ്ധാന്തികവുമായ ആഭിചാര വിദ്യകളിലൂടെ ഏത് സംസ്കാര ശൂന്യതയെയും, സാമൂഹ്യ വിരുദ്ധതയെയും മഹത്തരമായി അവതരിപ്പിക്കാനാവും. അതിലുള്ള മിടുക്കിനെ അംഗീകരിച്ചു കൊണ്ടു തന്നെ, ഞാന്‍ എന്റെ എളിയ അഭിപ്രായങ്ങളില്‍ നിലയുറപ്പിക്കുകയും ഫെയ്സ്ബുക്കില്‍ തുടരുകയും ചെയ്യും.
നന്ദി.
Post Your Comments