![](https://www.eastcoastdaily.com/literature/wp-content/uploads/2017/10/oct-15.jpg)
ഭാരതത്തിന്റെ മിസ്സൈല്‍ മനുഷ്യന് എന്ന് അനൗദ്യോഗികമായി വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജന്മവാര്ഷിക ദിനമാണ് ഒക്ടോബര്‍ 15. അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം 1931 ഒക്ടോബര്‍ 15നു തമിഴ്നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്. പ്രഗല്ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ് അദ്ദേഹം.
രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളില്‍ കലാം ഉദ്യോഗസ്ഥനായിരുന്നു. മിസ്സൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്താന് ഭാരതത്തിന്റെ മിസ്സൈല്‍ മനുഷ്യന് എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കുന്നത്
2002ല്‍ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ഡോര്‍ എന്നിങ്ങനെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുപ്പതോളം സര്‍വ്വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്, 1997ല്‍ ഭാരത രത്നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചത്.
തികച്ചും സാധാരണ ചുറ്റുപാടില്‍ നിന്നുള്ള കലാമിന്റെ ഉയര്‍ച്ചയുടേയും വ്യക്തിപരവും ഔദ്യോഗികവുമായ പോരാട്ടങ്ങളുടേയും കഥപങ്കുവയ്ക്കുന്ന അദ്ദേഹത്തിന്റെ ആത്മകഥയാണ് വിങ്സ് ഓഫ് ഫയര്‍. അരുണ്‍ തിവാരിയുടെ സഹായത്തോടെ ഡോ അബ്ദുല്‍ കലാം ഇംഗ്ലീഷ് ഭാഷയില്‍ രചിച്ച ഈ പുസ്തകം അഗ്നിച്ചിറകുകള്‍ എന്നാ പേരില്‍ മലയാള പരിഭാഷ പുറത്തിറങ്ങിയിട്ടുണ്ട്.
ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയ്ക്ക് അതിപ്രഗത്ഭ രാജ്യങ്ങളിലൊന്നാവാന്‍ നാന്ദി കുറിച്ച എസ്എല്‍വി-3 ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെയും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട പ്രതിരോധ ശക്തിയുടെ തലത്തിലേക്ക് രാജ്യത്തെ ഉയര്‍ത്തിയ മിസൈലുകളുടെ നിര്‍മ്മാണത്തിലും നേതൃത്വം നല്കിയ കലാമിന്റെ ജീവിതാനുഭവങ്ങള്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രചോദനവും ആവേശകരവുമാണ്. 1999ല്‍ പുറത്തിറങ്ങിയ വിങ്സ് ഓഫ് ഫയറിന്റെ പരിഭാഷകള്‍ ഗുജറാത്തി, തെലുങ്ക്, തമിഴ്, ഒറിയ, മറാത്തി, മലയാളം മുതലായ ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ചൈനീസ്, കൊറിയന്‍ തുടങ്ങിയ വിദേശ ഭാഷകളിലും ഉണ്ടായിട്ടുണ്ട്.
Post Your Comments