literatureworldnewstopstories

82 രാജ്യങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത ….വായന ജീവിത ചര്യയാക്കി മാറ്റിയ പതിമൂന്നുകാരി

ഇന്ന് വായനാ ദിനം ആഘോഷിക്കപ്പെടുകയാണ്. പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് വായനയുടെ ലോകം മുറിയുമ്പോള്‍ ലോകരാജ്യങ്ങളേക്കുറിച്ചുള്ള എല്ലാ അറിവുകളെയും സ്വായത്തമാക്കിയ ഒരാളെ പരിചയപ്പെടാം. ആയിഷ എസ്ബഹാനി..! വിജ്ഞാനത്തിനും വിനോദത്തിനുമായുള്ള വായന ജീവിത ചര്യയാക്കി മാറ്റിയ പതിമൂന്നുകാരി. ഇതിനോടകം 82 രാജ്യങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത ആയിഷ പാകിസ്താനിലെ കറാച്ചി സ്വദേശിനിയാണ്.

യാത്രകള്‍, അറിവുകള്‍, വികാരങ്ങള്‍ എല്ലാം പങ്കുവയ്ക്കപ്പെടുന്ന പുസ്തകങ്ങളെ കൂട്ടുകൂട്ടിയ ഈ പെണ്‍കുട്ടി ആരാധിക്കുന്നത് ഓസ്‌ട്രേലിയന്‍ എഴുത്തുകാരിയായ ആന്‍ മോര്‍ഗനെയാണ്. വായന ദേശ രാഷ്ട്ര അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്ന ഒന്നാണ്. അത്തരം ഒരു വായനാ രീതി പിന്തുടരുന്ന എഴുത്തുകാരിയാണ് ആന്‍.

ഒരുവര്‍ഷത്തിനിടയില്‍ ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പുസ്തകങ്ങള്‍ വായിക്കുകയും അതിനെ അധികരിച്ച് റീഡിങ് ദ വേള്‍ഡ് ഓര്‍ ദ വോള്‍ഡ് ബിറ്റ്വീന്‍ ടു കവേഴ്‌സ് എന്ന പുസ്തക രചന നടത്തുകയും ചെയ്ത വ്യക്തിയാണ് ആന്‍. ആനില്‍നിന്നും പ്രോത്സാഹനം ഉള്‍ക്കൊണ്ടാണ് ആയിഷ ഓരോ രാജ്യത്തുനിന്നും ഓരോ പുസ്തകം വായിക്കുക എന്ന ആശയത്തിലേക്ക് എത്തുന്നത്. അതിനെക്കുറിച്ച് ആയിഷ പറയുന്നതിങ്ങനെ…

ബ്രിട്ടിഷ് അല്ലെങ്കില്‍ വടക്കേ അമേരിക്കന്‍ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഞാന്‍ വായിച്ചതില്‍ അധികമെന്നു തിരിച്ചറിയുന്നത് കഴിഞ്ഞ മാര്‍ച്ചിലാണ്. വായനയെ അങ്ങനെ പരിമിതപ്പെടുത്തേണ്ടന്നു വിചാരിച്ചിരിക്കുന്ന അവസരത്തിലാണ് ആനിനെക്കുറിച്ച് അറിയുന്നത്. പിന്നീട് മറ്റൊന്നുംചിന്തിക്കാതെ ആനിന്റെ വഴിയെനടക്കുകയായിരുന്നു. 197 രാജ്യങ്ങളിലെയും പുസ്തകങ്ങള്‍ വായിക്കുക എന്നതാണ് എന്റെ ആഗ്രഹം. ആസ്വദിച്ചു വായിക്കാനാണ് താത്പര്യം. അതുകൊണ്ട് സമയപരിധിയും നിശ്ചയിച്ചിട്ടില്ല. വായനയിലൂടെ ഓരോ രാജ്യത്തെയും അറിയുക.അതാണ് എന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള ആളുകളുമായ ആശയവിനിമയം നടത്താന്‍ സാധിക്കുന്നതിലൂടെ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ഒന്നിലേറെ കാര്യങ്ങള്‍ ഒരേസമയം ചെയ്യാനുള്ള പ്രാപ്തിയും എനിക്കുണ്ടായി. വേദനകളും കഷ്ടപ്പാടുകളും ദാരിദ്ര്യവും ഒക്കെ പ്രമേയമായ സൃഷ്ടികള്‍ വായിക്കുന്നതിലൂടെ കൂടുതല്‍ ദയവുള്ള വ്യക്തിയാകാനും എനിക്ക് സാധിക്കുന്നുണ്ട്” ഇത്രയും നാളത്തെ വായനകൊണ്ട് നേടിയത് ഇതാണെന്നു ആയിഷ അഭിമാനത്തോടെ പറയുന്നു.

ഓരോ രാജ്യങ്ങളില്‍ നിന്നുമുള്ള മികച്ച പുസ്തകങ്ങള്‍ ഏതൊക്കെ, വായനക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എന്നിവ സ്വീകരിക്കാനായി ഒരു ഫേസ്ബുക്ക് പേജും ഈ കൊച്ചുമിടുക്കി തുടങ്ങിയിട്ടുണ്ട്. സ്‌കൂള്‍വിട്ടു വന്ന ശേഷം രണ്ട് മുതല്‍ മൂന്നു മണിക്കൂറാണ് വായനക്കായി ആയിഷ ചിലവഴിക്കാറുള്ളത്. പുസ്തകം എത്രത്തോളം രസകരമാണെന്നതിനെ അനുസരിച്ച് വായനയുടെ സമയവും നീളും. എഴുത്തുകാരും പരിഭാഷകരും പ്രസാധകരും ഒക്കെ ആയിഷയ്ക്ക് പുസ്തകം അയക്കാറുണ്ടത്രേ.

(കടപ്പാട് www.dnaindia.com.)

shortlink

Post Your Comments

Related Articles


Back to top button