ശ്രീപാർവ്വതി
മറ്റു പൂക്കളെ പോലെ ആകൃതി വന്നതല്ലെങ്കിൽ
റോസയിലെ ആ ചുവന്ന പൂവിനെ അടർത്തിയെറിയാമോ
അത് നിങ്ങൾക്ക് ഗന്ധം നൽകുന്നുണ്ടല്ലോ…കാലം പറയുന്നതല്ല കവിത
കവി എഴുതുന്നതും അടയാളപ്പെടുത്തുന്നതുമാണ്
കാലത്തിന്റെ നിർവചനം
കാലത്തെ കവിതയായ് കുറിയ്ക്കുമ്പോൾ
അത് കവിയുടെ മനസ്സിന്റെ വെളിപ്പെടുത്തലുമാകുന്നുവോ ..
സ്നേഹവും പുഴയും പൂക്കളും കാലം തമസ്കരിക്കുമ്പൊഴും
കവിയ്ക്കുള്ളിൽ നൂറായിരം മോഹത്തോടെ അതിങ്ങനെ
വിടരാൻ വെമ്പി നില്ക്കുന്നുണ്ടാകും.
എന്നാൽ…
ഗന്ധം നോക്കാതെ പൂവടർത്തുന്ന നിരൂപകർക്കായി
അവർ പാടുന്നു …
മനുഷ്യനെയും, ശരീരത്തെയും കുറിച്ച്…
വിഹ്വലതകളെ കുറിച്ച്
കാലത്തെയും കുറിച്ച്…
എന്നാൽ ഉള്ളിലിരുന്നു അരൂപിയായി ആത്മാവ് തേങ്ങുന്നുണ്ട്..
എവിടെ നിന്നോ ഉള്ളിലേയ്ക്ക് വീശുന്ന കാറ്റിനെ
കുറിച്ച എഴുതാൻ ആകാത്തതിനാൽ…
സ്നേഹത്തിന്റെ തണുപ്പിനെ കുറിച്ച്
എഴുതാൻ പറ്റാത്തതിനാൽ…
അപ്പോൾ… കവി എന്നത് കാലമായി പരിണമിയ്ക്കുന്നു
കാലം കവിയായ് മാറപ്പെടുന്നുമില്ല…
വൈരുദ്ധ്യങ്ങൾ കവിയായ് പിറക്കുന്നു
കാലത്തിലേയ്ക്ക് സ്വയം വിട്ടു കൊടുക്കാൻ
ആക്രോശിയ്ക്കുന്ന നിരൂപക പ്രതിഭയ്ക്കായ്…
Post Your Comments