കൊച്ചി- മുസിരിസ് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസ് സമുച്ചയത്തില്‍ എത്തിയാൽ കഴ്ചക്കാരന് പെട്ടെന്നൊരു ‘ശങ്ക’ വരാൻ സാധ്യതയുണ്ട്. സന്ദര്‍ശകരെ “വെട്ടിലാക്കുന്ന ” ഒരു കിടിലൻ പ്രതിഷ്ഠാപനമാണ് ദിയ മേത്ത ഭൂപൽ അവിടെ ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനങ്ങള്‍ കണ്ടുവരുമ്പോള്‍ അതാ തുറന്നിട്ട ഒരു ശുചി മുറി. തികച്ചും യാഥാർഥ്യത്തെ വെല്ലുന്ന രീതിയിലാണ് ദിയയുടെ കരവിരുത് ഇവിടെ പ്രകടമാക്കിയിരിക്കുന്നത്. ഇതിന്യേ ഏറ്റവും വലിയ പ്രത്യേകത ഇളം ആകാശനീല നിറത്തിലുള്ള ഈ മുറി വെറും കടലാസ് ചുരുട്ടിയാണ് ഇതുണ്ടാക്കിയിരിക്കുന്നതെന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും.
യഥാര്‍ഥ വലിപ്പത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റ്, ക്ലിനിക്കിലെ വെയ്റ്റിങ് റൂം, പുസ്തകശാല, വിമാനത്തിനുള്‍വശം എന്നിവയും ദിയ മേത്ത നിര്‍മിച്ചിട്ടുണ്ട്. “ബാത്ത്റൂം സെറ്റ്’എന്ന് പേരിട്ടിരിക്കുന്ന ഈ സൃഷ്ടി മാത്രമാണ് ബിനാലെ പ്രദര്‍ശനത്തിലുള്ളത്. പത്രക്കടലാസ്, മാസികകള്‍ എന്നിവയില്‍ നിന്ന് താളുകള്‍ കീറിയെടുത്ത് ചുരുട്ടിയാണ് നിര്‍മിതികള്‍ ദിയ സൃഷ്ടിക്കുന്നത്. വളരെ വലുപ്പമുള്ള നിര്‍മിതികള്‍ക്ക് മാസങ്ങളും വര്‍ഷങ്ങളുമെടുക്കുമെന്ന് ദിയ പറയുന്നു. സൃഷ്ടി പൂര്‍ണമായി കഴിഞ്ഞാല്‍ ഫോട്ടൊ പകര്‍ത്തിയതിനു ശേഷം അത് ഇളക്കി മാറ്റുകയെന്നതാണ് ദിയയുടെ രീതി.
എന്നാല്‍ ഫോട്ടൊ പകര്‍ത്തിക്കഴിഞ്ഞതിനു ശേഷം ദിയ ഒരു സൃഷ്ടി അതുപോലെ പ്രദര്‍ശനത്തിന് വയ്ക്കുന്നത് കൊച്ചി ബിനാലെയിലാണ്. ബാത്ത്റൂം എന്ന സൃഷ്ടിയുടെ ഭിത്തിയില്‍ ആകെ 3500 ടൈലുകളാണു തീര്‍ത്തിരിക്കുന്നത്. ഓരോ ടൈലും 350 കടലാസ് ചുരുളുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ബാത്ത്റൂമിന്‍റെ തറയില്‍ 250 ടൈലും മുകള്‍ഭിത്തിയില്‍ 138 ടൈലും ഉണ്ട്.
ഒന്നേകാല്‍ വര്‍ഷത്തെ പരിശ്രമത്തിലൂടെയാണ് ദിയ ഈ അമ്പരപ്പിക്കുന്ന പ്രതിഷ്ഠാപനം സൃഷ്ടിച്ചത്. ഒറ്റ നോട്ടത്തില്‍ പരന്ന പ്രതലമാണ് ബാത്ത്റൂമിനുള്ളത്. എന്നാല്‍ സൂക്ഷ്മമായ നോട്ടത്തില്‍ അതില്‍ വ്യത്യാസങ്ങള്‍ തോന്നാം. നിറം നീലയായി തോന്നുമെങ്കിലും അതില്‍ തന്നെ മങ്ങിയതും കടുപ്പമേറിയതുമുണ്ട്. ഇതെല്ലാം തന്‍റെ അനുഭവങ്ങളുടെ പ്രതിഫലനമാണെന്നാണ് ദിയ പറയുന്നത്.
ഫോട്ടൊ ജേണലിസം, ഡോക്യുമന്‍ററി, ഫാഷന്‍ ഫൊട്ടൊഗ്രാഫി എന്നിവയില്‍ ദിയ പ്രാവീണ്യം നേടിയിട്ടുള്ള ദിയ ഓരോ വ്യക്തിയുടെയും ദിനം തോറുമുള്ള ജീവിതത്തിലെ മാറ്റങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതാണ് തന്റെ സൃഷ്ടികളുടെ പ്രധാന പ്രചോദനമെന്നും ദിയ പറയുന്നു.
Post Your Comments