literatureworldshort story

ലീലാ ട്രൂപ്

കഥ

ലീലാ ട്രൂപ്

 

by സജിനി എസ്

 

മാറാടീലെ ഏഞ്ചല്‍ മാത്യുവിന് തെക്ക് എങ്ങാണ്ട്ന്നു ഒരു കല്യാണ ആലോചന വന്നപ്പോഴാണ് ഞങ്ങളുടെ നാടക ട്രൂപ് ഒന്നാടി ഉലാഞ്ഞത്. അതുവരെ  ഏഞ്ചല്‍ മാത്യു തകര്‍ത്താടിയിരുന്ന സ്റ്റേജിന്റെ താഴെ  പൊടിപിടിച്ചു കിടന്നിരുന്ന ഡസ്ക് വൃത്തിയാക്കി ഞങ്ങള്‍ കുറച്ചു കഥാപാത്രങ്ങള്‍ ഇരുന്നു കുറെയേറെ നെടുവീര്‍പ്പുകള്‍ കൂട്ടിമുട്ടിച്ചു.

എന്ത് പറയാന്‍? പറയാനുള്ളതൊക്കെ തൊണ്ടക്കുഴിയിലും നെഞ്ചിലുമൊക്കെ പൊടിക്കാറ്റുപോലെ ചുറ്റിചുറ്റി അലഞ്ഞു.

ഞങ്ങടെ ലീലാ നാടക ട്രൂപിലെ പ്രധാന നടിയാണീ ഏഞ്ചല്‍ മാത്യു. ട്രൂപ്പിന്റ്റെ പേരുകാരി ലീലയുടെ കഥ പിന്നാലെ വരും. ഏഞ്ചല്‍ മാത്യുവിനെ കുറിച്ച് പറയാണെങ്കില്‍, പ്രേമോം കാമോംക്കെ ആവളഭിനായിച്ചാലെ ഒരിതോള്ളൂ. അവളുടെ ശരിക്കനും ഉള്ള പേര് ലില്ലിക്കുട്ടി മാത്യുന്നാന്നാ മാറാടിന്നു കളി കാണാമന്ന ചെല അച്ചായന്‍മാരൊക്കെ രഹസ്യമായി പറഞ്ഞെ.

ഞങ്ങടെ ട്രൂപ്പിലെ അമ്മച്ചി നടി ലളിതചേച്ചി കഥപറച്ചില്‍ ഏറ്റെടുത്തു. പുള്ളിക്കാരി ട്രൂപ്പ് ഉണ്ടാക്കിയ കഥയാ പറയാമ്പോന്നെ, ഇനി.

ആദ്യം ഇതെന്റെ മൊതലാളി ഒരു സിനിമാ തീയേറ്റാറ ഇട്ടേ. ലീലാ ടാക്കീസ്. ലീലെടെ കഥ കയ്യോടെ പറഞ്ഞില്ലെങ്കി ശരിയാകൂല.

ലീല ഒരു മണലുവാരലുകാരിയായിരുന്നു. ആണുങ്ങള്‍ക്കൊപ്പം പൊഴേല് മുങ്ങി മണല് വരും. മണല് കൊട്ടേം തലേ വച്ചു വരണ ആ വരവൊന്നു കാണണം.

അങ്ങനെ മണല് വാരി വാരി മൊതലാളീനെ കേര്യങ്ങു പ്രേമിച്ചു പെണ്ണ്.

മൊതലാളീടെ ലോറീലോട്ടാണല്ലോ ലീല മനാല് വരി വരി നെറയ്ക്കണേ.

പ്രേമോന്നു വച്ചാ മുടിഞ്ഞ പ്രേമം.

അങ്ങേരുടെ മനസ്സീന്നു അവള് മണല് വാരണപോലെ എന്തൊക്കയോ വാരിയെടുത്തു.

മനുഷ്യരല്ലേ. മനസ്സീന്നും കരളീന്നുമൊക്കെ എന്തൊക്കെയാ കുഴിച്ചെടുക്കണേന്നു ആര്‍ക്ക്കേലും പറയാമ്പറ്റോ.

ഇയാളിതെന്തു കണ്ടിട്ടാന്നു ചിലരൊക്കെ രഹസ്യം രഹസ്യായി ചോദിച്ചു.

എന്തായാലും മൊതലാളിക്കു പൊഴ പോലെ പ്രേമായി ലീലോട്.

അങ്ങനെ ചോവ്വത്തിപെണ്ണായ ലീലേനെ പള്ളീചേര്‍ത്തു മൊതാലാളി കെട്ടി ഇങ്ങു കൊണ്ടൊന്നു തറവാട്ടിലോട്ട്. പോരെ പുകില്. ചോവോന്മാരും മാപ്പിളമാരും തമ്മി പള്ളിമുക്കിലും ശവപ്പറമ്പിലും പൊഴേടെ തീരത്തും വച്ചൊക്കെ വഴക്കോട് വഴക്ക്. തമ്മിത്തല്ലി ഒന്ന് രണ്ടെണ്ണമോക്കെ തീര്‍ന്നു. ഈ മനുഷേന്മാരുടെ ഒരു കാര്യേ. ഒര് കാര്യോല്ലാണ്ട് കുത്തിച്ചാകും.

ലീലെടെ അമ്മ കുഴഞ്ഞു വീണു കെടപ്പിലുമായി. ചങ്ക് പോട്ടീന്ന പറേണെ.

എന്തായാലും മൊതലാളീടെ വീട്ടില് പിന്നീടു വച്ചടിവച്ച് ഒയര്ച്ചായ്രുന്നു.

ലോറീടെ എണ്ണം കൂടി. പണിക്കാര് വരെ മൊതലാളിമാരായി. പശുതൊഴുത്തു കണ്ടാത്തന്നെ ഒര് വല്യ വീടിന്‍റെത്രേം.

മണല് വരി നടന്നോള് സപ്രമഞ്ച കട്ടിമ്മലായി ഒറക്കം.

പെണ്ണായി ജനിച്ച ഇങ്ങനെ വേണം.

ലളിതചേച്ചി പറഞ്ഞ് പറഞ്ഞ് എങ്ങാണ്ടൊക്കെ പോകുന്നത് കണ്ടു ഞങ്ങള്‍ അവരുടെ തോളില്‍ പിടിച്ചു കുലുക്കി.

ചേച്ചി , നമ്മള് പറഞ്ഞോണ്ടിരുന്നെ ലീലാ ടാക്കീസുണ്ടായ കഥയാന്നെ.

ഞങ്ങള്‍ കഥയുടെ ഗതിമാറ്റിവിടാന്‍ ശ്രമിച്ചത് അവര്‍ക്കിഷ്ടായില്ല.

അത് തന്നേടാ പിള്ളാരെ പറഞ്ഞു വരണത്.

ലീലെടെ കഥ പറയാന്തോടങ്ങാ വെള്ളോഴ്കണപോലെയാ.

പണ്ടത്തെ പിള്ളാരുടെ പ്രേമല്ലേ. അതങ്ങനെ ഒഴുകും നീളത്തില്‍.

ഈ ലീലെടെ  പേര് തന്ന്യ സിനിമാ ടാക്കിസിനും ഇട്ടത്.

ലീലാ ടാക്കീസിനു മാറ്റിനീടെ പാട്ട് കേട്ടാപിന്നെ നാട്ടിലെ ചെറുപ്പക്കാര്‍ക്കൊന്നും ഇരിക്കപ്പോറുതില്ല.

വീട്ടീന്ന് തേങ്ങയോ കോഴിമുട്ടയോ ഒക്കെ കട്ടെടുക്കും. എന്നിട്ട് കടവിലെ ചന്തേ ചെന്നു കിട്ടണ വെലക്ക് വിക്കും.

എന്ത് കിട്ട്യാലും വാങ്ങാനിരിക്കണ ചിങ്കാരി പെണ്ണുങ്ങളല്ലേ ചന്ത മുഴ്വന്‍. അവര്‍ കൊടുക്കണ പൈസയും കൊണ്ട് ഓടും ഈ ചെക്കന്മാരോക്കെ ലീലാ ടാക്കീസിലേക്ക്. ഷീലെടെ കണ്ണ് പെടപ്പിക്കലും നസീറിന്‍റെ മരം ചുറ്റലും കള്ളിപെണ്ണേ വിളിയുമൊക്കെ കണ്ടു പ്രേമമങ്ങോട്ടു മൂത്ത് മൂത്ത് തളര്‍ന്നിരുന്നു സിനിമാ കാണും. ഉമ്മര്‍ വന്നു കണ്ണുരുട്ടി കാണിച്ചു പെണ്ണിനെ പിടിക്കാനായി ബ്ലൌസും മുടിയുമൊക്കെ വലിച്ചു പറിയ്ക്കാനെങ്ങാനും തൊടങ്ങിയാല്‍ തിയേറ്ററിലെ ഇരുട്ടിനെ കീറിപ്പറിക്കണ ഊളിയിടല്‍ കര്‍ട്ടനും തൊളച്ചു കയറിയങ്ങു പോകും. ചെല കൊല്ലത്തിപെണ്ണുങ്ങളൊക്കെ ഇരുന്ന ഇരിപ്പില്‍ ചൂളമടിക്കണ കാഴ്ചയൊന്നു  കാണണം.

ഓ………. അതൊക്കെ അന്തകാലം

ഇപ്പളീ പെണ്ണുങ്ങളെ കേറിപ്പിടിക്കണ ഭാഗോംക്കെ സിനിമേല് വരുമ്പം ആളോള് കണ്ണടച്ച് രസിക്കില്ലേ. കലികാലം. അല്ലാണ്ടെന്താ പറയണേ.

ഓ മറന്നു. നമ്മുടെ നാടക ട്രൂപ്പ് തന്നെ നമ്മക്ക് പ്രദാനം.

ലീലാ ടാക്കീസില്‍ എത്ര കളിയാരുന്നു ഒരു ദെവസം.

അതല്ലേ നമ്മടെ പണ്ടത്തെ അറവ്കാരന്‍ തോമെടെ മകന്‍ കുഞ്ഞൂഞ്ഞു ഗള്‍ഫീന്നു വന്നു പുത്തന്‍ പണക്കാരനായപ്പം തന്നെ ലീലാ ടാക്കീസ് കണ്ണ് വെച്ചത്. പൊന്നും വെലയ്ക്കു കുഞ്ഞൂഞ്ഞത് വാങ്ങേം ചെയ്തു.

അങ്ങനെയാ അറ്റ്‌ പൊളിചേച്ച് കല്യാണ മണ്ടപോം കള്ള് വിക്കണ കടേം ഒക്കെ അടുത്തടുത്തങ്ങ് പണിതെ.

ലീലാ ടാക്കീസില്‍ നീലപ്പടം ഇട്ട് കൊച്ചു പിള്ളാരെ വഴി തെറ്റിക്കണന്ന് കണ്ടിട്ടാ വെലക്കങ്ങ്  മേടിച്ചു സിനിമാ കാഴ്ച നിര്‍ത്തിച്ചെന്നാ കുഞ്ഞൂഞ്ഞ് അവന്റെ കൂട്ടുകാരോടൊപ്പം പറഞ്ഞേന്ന് ഒരു വര്‍ത്താനം ഒണ്ടു നാട്ടില്‍.

അത് ശര്യോന്നുമല്ല. അതുവരെ അക്ഷമയോടെ കേട്ടുകൊണ്ടിരുന്ന ശശീന്ദ്രന്‍ അല്‍പ്പം ദേഷ്യത്തോടെ കഥപറച്ചിലിനെ തടസ്സപ്പെടുത്തി.

ഓ കുഞ്ഞൂഞ്ഞ് അത്രാ നല്ല പില്ലയോന്നും ചമയണ്ട.

അയാടെ കൊട്ടാരം പോലത്തെ വീട്ടില് ഒരു കൊച്ചു സിനിമാ കൊട്ടക തന്നെയുണ്ട്‌. അയാള് എന്തോക്കെ കാണുന്നുണ്ടെന്ന് ആര്‍ക്കറിയാം.

പെണ്ണുങ്ങളെ കാണുമ്പം ഉള്ള നോട്ടം കണ്ടാ അറിയാം ആള് വശപെശകാന്നു.

അയാള് വീട്ടിലിരുന്നാ ചീത്ത സിനിമോക്കെ  കാണണെ.

അതോര്‍ത്തപ്പോള്‍ തന്നെ ശശീന്ദ്രന് കുളിര് കോരി. ദേഹമാകെ നീലരാശി  പടരുന്നതായി തോന്നി.  അയാളുടെ ഞരമ്പുകള്‍ കാമത്തിലെക്ക് വേരുകള്‍ ആഴ്ത്തി നിന്നു. അയാള്‍ തുടര്‍ന്നു. ഈ കുഞ്ഞൂഞ്ഞിന്റെ വീട്ടില്‍ ബാറും കുളിക്കാന്‍ നീന്തല്‍കൊളോക്കെ ഉണ്ടെന്നാ പരേണെ. മുറീക്കടെ ഒക്കെ നിലാവ് വിരിച്ച പോലുള്ള വെട്ടോം രാവിലത്തെ മഞ്ഞിന്റെ കുളിരും ആത്രേ. ഇതൊന്നും നമക്കൊന്നും കാണാന്‍ പറ്റൂല.

മനുഷ്യരുടെ അത്രേം വലിപ്പോല്ല മൂന്നാല് പട്ടികളാ വീടിനു കാവല്‍.

പിന്നെങ്ങനെ കേറും.

കൊട്ടാരം പോലത്തെ കാറൊക്കെ കേറണെ കാണാം.

ശശീന്ദ്രന്റെ ഇടപെടലുകളെ ഒരു കൈത്തോടുവെട്ടി ലളിതചേച്ചി.

വലിച്ചെടുത്തിരുന്നു.

ലളിതചേച്ചി ആത്യന്തികമായ ഘട്ടമെന്ന നിലയില്‍ ഒരു നെടുവീര്‍പ്പ് അയച്ച് തുടര്‍ന്നു. ഓ മറന്നു ഇതിനിടെല് നമ്മടെ മൊതലാളിയുടെ ലീല മരിച്ചു പോയീട്ടോ.

എല്ല് തേഞ്ഞുപോകണ അസുഹാര്‍ന്നു.

മണല് വരി വരുമ്പം തണുത്തു കോച്ചിവലിചിരിക്കാറുള്ളത് പോലെ ദേഹോക്കെ വലിഞ്ഞു മുറുകി ലീല ശവപ്പെട്ടീല് കിടന്നു.

നെഞ്ചേല് പൂവൊക്കെ വച്ചു നെറ്റില് വെള്ളലേസോക്കെ വച്ച്, അങ്ങനെ ചോവ്വത്തി ലീല പള്ളിപ്പറമ്പില് പോയി, കുരിശേല് വന്നിരിക്കാറുള്ള പ്രാവ് കൂട്ടങ്ങളെയും നോക്കി കണ്ണുകള്‍ തുറന്നു തന്നെ കിടന്നു.

അന്ന് തൊടങ്ങീതാ മൊതലാളീടെ താഴ്ച.

അപ്പഴാ ഈ നാടക ട്രൂപ്പ് തല്ലിക്കൂട്ടിയെ. ലീലാ ട്രൂപ്പ്

അത് ദേ ഇപ്പൊ ഇങ്ങനേം ആയി.

മൊതലാളീടെ സിനിമാ കൊട്ടക കുഞ്ഞൂഞ്ഞ് കൊണ്ടോയ പോലെ ഇപ്പോം ലീലാ നാടക ട്രൂപ്പും നിക്കാമ്പോണ്.

ഏഞ്ചല്‍ മാത്യു പോയാ എങ്ങനെ കളി നടക്കും.

ട്രൂപ്പിന്റെ ഇടപാട് തീരും.

ഈ ഏഞ്ചല്‍ മാത്യു ഓരോന്നെന്നര കലാകാരിയാ. ലളിതചേച്ചിയേ കേട്ടിരുന്ന ഞങ്ങള്‍ കൂട്ടത്തോടെ പറഞ്ഞു.

ഏഞ്ചല്‍ മാത്യുവിന് നാടക കളിയുടെ  കഥയൊന്നും കേക്കേണ്ട. അതൊക്കെ അപ്പഴപ്പഴ് തോന്നണപോലെ ഉണ്ടാകും.

എന്തിനാ ഒരു കഥ എന്നാ പുള്ളിക്കാരീടെ ചോദ്യം.

കഥകളങ്ങനെ ജീവിതത്തിന് ചുറ്റും അനുഭവങ്ങടെ പശെ കെടന്നു ഒട്ടിപ്പിടിക്കൊല്ലേ

ഇങ്ങനൊക്കെ ആലോചിച്ചു ഞങ്ങള്‍ ട്രൂപ്പിലെ പലപല കഥാപാത്രങ്ങള്‍ തലകുത്തി മറിയവേ, മൊതലാളീടെ രാക്ഷസ ബുദ്ധിയുണര്‍ന്നു.

മൊതലാളീ പതിവിലും കവിഞ്ഞു വാചാലനായി.

നമ്മക്ക് നമ്മടെ ട്രൂപ്പാ വല്ത്. കളിയാ വല്ത്.

നമ്മള്‍ ഈ ഏഞ്ചല്‍ മത്യൂനെ എങ്ങട്ടും വിടണില്ല. നമക്കീ ലീല ട്രൂപിനു ആകാശം മുട്ടെ ഒരു ചുറ്റ് മതില് കെട്ടാം. ആ മതിലിനും ഉള്ളില്‍ ഏഞ്ചല്‍ മാത്യുവിന്‍റെ കിടപ്പ് മുറിക്കു ചുറ്റിലും വേറൊരു മതില്. അതിനുള്ളിലിരുന്ന്‍ ഏഞ്ചല്‍ മാത്യു കഥയെഴുതണ്. കളിത്തട്ടേല് കേറണ്.പിന്നേം അവക്ക് മത്രോള്ള മതിലിനുള്ളിലേക്ക് പോണു.

ഒക്കെത്തിന്റെയും താഴ് എന്റെ കൈല്.

ഓ ഈ മൊതലാളീടെ ഓട്ക്കത്തെ ഒര് ബുദ്ധി.

ഞങ്ങള്‍ അടുത്ത കളിക്കുള്ള പരിശീലനം തുടങ്ങുവാന്‍ പോകുന്നു. ഏഞ്ചല്‍ മാത്യു എന്ന പറവയുടെ പ്യൂപ്പയ്ക്കുമേല്‍ ഞങ്ങളും ഞങ്ങളുടെ മൊതാലാളീം സങ്കല്‍പ്പ സമാധിയിലേര്‍പ്പെട്ടു കൊണ്ടേയിരുന്നു.

shortlink

Post Your Comments

Related Articles


Back to top button