ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ കാണാതായ ചിത്രം ഫ്രാന്‍സില്‍ കണ്ടെത്തി. ഡാവിഞ്ചിയുടെ പ്രശസ്തമായ രചനകളിലൊന്നായ സെയ്ന്റ് സെബാസ്റ്റ്യന്റെ ചിത്രമാണ് ഫ്രാന്‍സിലെ പ്രവിശ്യാ ഡോക്ടറുടെ കടലാസുകള്‍ക്കിടയില്‍നിന്ന് കണ്ടെടുത്തത്. ചിത്രത്തിന് 1.58 കോടി ഡോളര്‍(107 കോടിയിലേറെ രൂപ) വിലമതിപ്പുണ്ട്. അസാധാരണ കണ്ടെത്തലെന്നാണ് പെയിന്റിങ് കണ്ടെത്തിയതിനെ പാരീസിലെ താജന്‍ ലേലകേന്ദ്രം വിശേഷിപ്പിച്ചത്.
കണ്ടെത്തിയത് ഡാവിഞ്ചിയുടെ രചന തന്നെയാണെന്ന് ചിത്രകലാവിദഗ്ധന്‍ പാട്രിക് ഡെ ബെയ്‌സര്‍, ഡാവിഞ്ചി ചിത്രങ്ങളുടെ വിദഗ്ധനും ന്യൂയോര്‍ക്ക് മെട്രോപോളിറ്റന്‍ മ്യൂസിയം ക്യൂറേറ്ററുമായ കാര്‍മെന്‍ സി. ബംബാക്ക് എന്നിവര്‍ സ്ഥിരീകരിച്ചതായും താജന്‍ അറിയിച്ചു. ഇരുപതുകളുടെ അവസാനത്തിലോ മുപ്പതാംവയസ്സിന്റെ ആദ്യത്തിലോഡാവിഞ്ചി വരച്ചതാകാം സെയിന്റ് സെബാസ്റ്റ്യന്റെ ചിത്രമെന്നാണ് കരുതുന്നത്. ചിത്രം പരിശോധനയ്ക്കായി കിട്ടിയപ്പോള്‍ 15ാം നൂറ്റാണ്ടിലെ ഫ്‌ളോറെന്‍ന്റൈന്‍ ചിത്രകാരന്മാരില്‍ ആരുടെയോ രചനയാണ് ഇതെന്നായിരുന്നു കരുതിയത്.
എന്നാല്‍, പെയിന്റിങ്ങിന്റെ പിറകില്‍ വെളിച്ചത്തെക്കുറിച്ചുള്ള ചില ശാസ്ത്രീയ പരീക്ഷണങ്ങളുടെ രേഖകളും അതിനൊപ്പം പിന്നിലേക്കെഴുതിയ രീതിയും ശ്രദ്ധയില്‍പ്പെട്ടു. ഇത്തരത്തില്‍ പിന്നിലേക്കുള്ള രീതിയിലായിരുന്നു ഡാവിഞ്ചി എഴുതിയിരുന്നത്. കണ്ണാടി ഉപയോഗിച്ചുമാത്രമേ അദ്ദേഹത്തിന്റെ എഴുത്തുകള്‍ വായിക്കാന്‍ കഴിഞ്ഞിരുന്നുള്ളുവെന്നും ബെയ്‌സര്‍ പറഞ്ഞു. കൂടാതെ, സെയിന്റ് സെബാസ്റ്റ്യന്‍ ചിത്രത്തില്‍ വിശുദ്ധന്റെ തലമുടി വലത്തുനിന്നും ഇടത്തേക്ക് പാറുന്ന രീതിയിലാണ് വരച്ചിട്ടുള്ളത്. ഇടംകൈ ഉപയോഗിക്കുന്നവരാണ് ഇത്തരത്തില്‍ വരയ്ക്കുക. അതോടെ ചിത്രം ഡാവിഞ്ചിയുടേതുതന്നെയെന്ന് ഉറപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments