literatureworldnews

‘തേന്‍’ സമ്മാനിച്ച മധുരം… പ്രിയ എ.എസിന്റെ വായനാക്കുറിപ്പ്‌

കുഞ്ഞുങ്ങള്‍ക്ക്‌ കഥ പറഞ്ഞു കൊടുത്ത് ഉറക്കുന്ന അമ്മമാര്‍ എല്ലാരുടെയും ആഗ്രഹമാണ്. എനിക്കുമങ്ങനെയുള്ള ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു. പറഞ്ഞു തന്ന കഥകള്‍ സത്യമാണോ എന്നൊന്നും അറിയില്ലെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചും നമ്മുടെ ആഗ്രഹങ്ങള്‍ പറഞ്ഞും കഥയെ വഴിതിരിച്ചു വിടാറുണ്ട്. വളര്‍ന്നപ്പോള്‍ നഷ്ടമായ ആ അനുഭവത്തെ വീണ്ടും ഓര്‍മിപ്പിക്കുകയാണ് പ്രിയ കഥാകാരി പ്രിയ എ എസിന്‍റെ ഒരു കുറിപ്പ്. സക്കറിയയുടെ കഥ തേന്‍ വായിച്ച ഒരു അനുഭവവും മകനും താനുമായുള്ള രാത്രികളിലെ കഥ വിശേഷങ്ങളും മനോഹരമായി പങ്കുവയ്ക്കുന്ന കുറിപ്പ്. കുഞ്ഞുണ്ണിക്ക് കഥകള്‍ പറഞ്ഞു കൊടുക്കുന്ന രാത്രികള്‍, കഥയുണ്ടാക്കുന്ന അമ്മ മനസ്സ്….. കഥ പറഞ്ഞില്ലേല്‍ പിണങ്ങുന്ന കുഞ്ഞ്….

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

തേന്‍
രാത്രിനേരം , കഥനേരമാണ് .
ചിലപ്പോഴൊക്കെ അടിനേരവും.
അപ്പോള്‍ മനസ്സിലേക്ക് കടന്നുവരുന്ന ഏതോ വാക്കിന്റെ തുമ്പില്‍പ്പിടിച്ച് ,യാതൊരു മുന്നാലോചനയുമില്ലാതെ ഞാന്‍ കഷ്ടപ്പെട്ട് പരത്തിവലുതാക്കുന്ന ചപ്പാത്തിയുരുളക്കഥയിലേക്ക് കുഞ്ഞുണ്ണിയും അവന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തുരുതുരാ കടന്നുവരുമ്പോള്‍ ഞാന്‍ തിളയ്ക്കും . ‘പതിനൊന്നുകൊല്ലമായി എല്ലാരാത്രി
യിലും കഥ തട്ടിക്കൂട്ടുകയാണ് കഷ്ടപ്പെട്ട്, അതിനെടേല് ഇങ്ങനെവേണം,അങ്ങനെവേണം എന്നൊക്കെപ്പറഞ്ഞാല് എങ്ങനെയാ ? എന്നാപ്പിന്നെ നീ തന്നെ പറയ് ബാക്കി.’

ഞാന്‍ പിണങ്ങി തിരിഞ്ഞുകിടക്കും . ദേഷ്യത്തിന്റെ പത്തി നീര്‍ത്തി അവനും തിരിഞ്ഞുകിടക്കും .പിന്നെ എപ്പോഴോ ഞങ്ങള്‍ ഒത്തുതീര്‍പ്പാവും .കൂട്ടുകൂടി ഒരു ഭാഗം അവന്‍,ബാക്കി ഭാഗം ഞാന്‍ എന്ന് ഞങ്ങളാക്കഥയെയും പിണക്കത്തെയും മെരുക്കിയെടുക്കും. ചിലപ്പോ മുന്നോട്ട് പോകാന്‍ ഒരു വഴിയും ഇല്ലാതെ എന്റെ കഥപറച്ചില്‍ , നിന്നേടത്തുതന്നെ കറങ്ങിത്തിരിയും. അപ്പോള്‍ ഞാന്‍ , അവന്റെ സഹായമഭ്യര്‍ത്ഥിക്കും . ചിലപ്പോള്‍ ‘കഥയായ കഥയൊക്കെ കുഞ്ഞുണ്ണീമമ്മേം കൂടി മഹാശല്യമായിത്തീര്‍ന്നിരിക്കുന്നു ,വാ,വാ എന്നു വിളിയാണ് സദാ അമ്മേം മകനും കൂടി , ഞങ്ങലെ ഒന്നുറങ്ങാനും കൂടി സമ്മതിക്കുന്നില്ല’ എന്നു പറഞ്ഞ് കഥയായ കഥകളൊക്കെ പിണങ്ങിച്ചാടിത്തുള്ളി ഇറങ്ങിപ്പോയകഥവരെ വരെ ഞങ്ങള്‍ക്ക് കഥയാകും . സങ്കടവഴിയിലേക്കാണ് കഥ പോകുന്നതെന്നുതോന്നിയാല്‍ കുഞ്ഞുണ്ണി അതിന്റെ ചുക്കാന്‍ പിടിക്കല്‍ , ചാടിക്കയറി സ്വയമേറ്റെടുത്ത് അവനിഷ്ടമുള്ള സന്തോഷത്തിട്ടില്‍ കൊണ്ടുചെന്ന് അതിനെ നങ്കൂരമിടീക്കും .

എഴുതാന്‍ എഴുന്നേറ്റിരിക്കാന്‍പോലുമാകാതായ ഒന്നരവര്‍ഷക്കാലത്ത് കുഞ്ഞുണ്ണിക്കു പറഞ്ഞുകൊടുത്ത തട്ടിക്കൂട്ടുകഥകള്‍ മാത്രമായിരുന്നു കഥയുമായുള്ള ഏകബന്ധം. വരുതിവിട്ട് പോയി പരിധിക്കപ്പുറമെങ്ങാണ്ട് മേഞ്ഞുനടക്കുന്ന അക്ഷരങ്ങളെ വീണ്ടും പാട്ടിലാക്കാന്‍ (അതോ കഥയിലാക്കാനോ!) അവശേഷിക്കുന്ന ഏകവഴി രണ്ടുവയസ്സുകാര്‍ക്കുവേണ്ടി അതിലളിതമായി പഴങ്കഥകള്‍ എഴുതാന്‍ നോക്കലാവും എന്ന തോന്നലോടെ , എഴുന്നേറ്റിരിക്കാറായപ്പോള്‍ കുറച്ചുമാസം മുമ്പ് ഒന്നുപയറ്റിനോക്കി.
മുന്നില്‍ വന്നത് മുക്കുവനും ഭൂതവുമാണ് .പക്ഷേ അവരുടെ കഥ , എന്റെ പിടിവിട്ട് പുനരാഖ്യാനത്തിന്റെ വലിപ്പത്തിലേക്ക് കുടത്തില്‍നിന്ന് ആകാശത്തിലേക്കെന്നപോലെ പടര്‍ന്നുകയറി . അത് വായിച്ചു കേള്‍പ്പിച്ചപ്പോള്‍ കുഞ്ഞുണ്ണി പറഞ്ഞു ,’ഭൂതത്തിനെ വീണ്ടും കുടത്തിലടച്ച് മുക്കുവന്‍ കടലിലെറിയുന്ന അവസാനം വേണ്ട.’ ‘സന്തോഷമുള്ള കഥയാക്കി എഴുത്’ എന്ന് നിര്‍ദ്ദേശവും തന്ന് ആറാം ക്‌ളാസുകാരന്‍ സ്‌ക്കൂളിലേക്കുപോയി. ഭൂതവഴികള്‍ ഉഴുതുമറിച്ച് കഥ മാറ്റിയെഴുതി ഞാനവനെ സംതൃപ്തനാക്കി.

കുറേക്കാലം മുമ്പ് ഞാനവന് പറഞ്ഞുകൊടുത്ത ഒരു നിധിക്കഥയുണ്ട്. ‘ അതെനിക്കൊരുപാടിഷ്ടമാണ് ,അമ്മയോടെഴുതി വയ്ക്കാന്‍ പറഞ്ഞിട്ട് എന്താ കേള്‍ക്കാത്തത് ‘ എന്നവന്‍ എന്നെ സ്ഥിരം വഴക്കുപറയാറുണ്ട്. അതെഴുതിനോക്കീട്ടുതന്നെ ബാക്കികാര്യം എന്നുവിചാരിച്ച് പിന്നെ അതെഴുതാനിരുന്നുനോക്കി.. വായിച്ചുകേള്‍പ്പിച്ചപ്പോള്‍ ‘ഇങ്ങനെയല്ല അമ്മ പറഞ്ഞത് അന്ന്’ എന്നവന്‍ തിരുത്തലുകള്‍ ചൊരിഞ്ഞിട്ടു.. ‘കഥയ്ക്കുള്ളിലെ കഥയായി പറയുന്ന ആ കഥ…അത് കൈംപ്‌ളിക്കേറ്റഡ് അല്ലേ , കുട്ടികള്‍ക്ക് പെട്ടെന്ന് മനസ്സിലാവുമോ’ എന്നു ഞാന്‍ ആകുലയായപ്പോള്‍ അവന്‍ ചോദിച്ചു , ‘അപ്പോ പിന്നെങ്ങനാ ആളുകള്‍ ആരാച്ചാര്‍ വായിക്കുന്നത് ? ‘
മിണ്ടിതിരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

‘ശ്രദ്ധിച്ചുവായിക്കുന്നകുട്ടികള്‍ക്ക് എന്തും മനസ്സിലാവും’ എന്നു കൂടി അവന്‍ കൂട്ടിച്ചേര്‍ത്തു.
ഞാനിരുന്ന് എന്നെക്കൊണ്ടാവുംപോലെ ആ കഥ , അവന്‍ പറഞ്ഞമട്ടില്‍ എഴുതിത്തീര്‍ത്തു. ആ രണ്ടുകഥകളും ‘തളിരി’ല്‍ വന്നു.കുട്ടികള്‍ക്ക് ആ ഉഴുതുമറിക്കല്‍-കഥകള്‍ മനസ്സിലായോ എന്തോ …!
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ‘മധുരച്ചൂരലും’ ‘ചോക്കുപൊടി’യും രാവിലെ സ്‌ക്കൂളില്‍പ്പോകും മുമ്പ് കുഞ്ഞുണ്ണി തിരക്കിട്ട് വായിക്കുന്നതുകാണാം. ബാക്കിയൊന്നും അവനുള്ളതല്ല എന്നാണ് അവന്റെ വിചാരം.

പക്ഷേ കഴിഞ്ഞ മദ്ധ്യവേനലവധിക്കാലത്ത് , എരമല്ലൂരിലെ ദീവാനില്‍ ചാരിക്കിടന്ന് പല്ലുപോലും തേക്കാതെ മാതൃഭൂമി ആഴ്ചപ്പതിപ്പുനിവര്‍ത്തി വച്ച് ഒരു കഥ വായിക്കുന്നതുകണ്ടു, . എന്നിട്ട് ‘അമ്മ വായിച്ചോ’ എന്നൊരു ചോദ്യവും. ഞാന്‍ കൗതുകത്തോടെ എത്തിനോക്കി. എം മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യാണ്. ദേവപ്രകാശിന്റെ വരകളാണ് അവനെ കഥയിലേക്ക് പിടിച്ചെടുത്തെന്ന് അവന് മനസ്സിലായി.
ഞാന്‍ വായിച്ചുകൊടുത്ത ‘കുടനന്നാക്കുന്ന ചോയി’ കേട്ടശേഷം ‘അച്ചാറിന്റെ ആരാ അമ്മേ ഈ ലാച്ചാറ് ‘ ( ദാരിദ്ര്യത്തിന് ചോയിപ്പുസ്തകത്തില്‍ മുകുന്ദന്‍ ഉപയോദിക്കുന്ന വാക്ക്)എന്നവന്‍ ഉണ്ണാനിരിക്കുമ്പോള്‍ ചോദിക്കുന്ന കാലവും കൂടിയായിരുന്നു അത്..പിന്നെ ലുലുമാളില്‍ പോയപ്പോഴൊക്കെ ഞങ്ങള്‍ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യെ ഓര്‍ത്തു. ‘നിന്നെ ഞാന്‍ ഗുരുവായൂര് കൊണ്ടുപോകാം’ എന്ന് അയാള്‍ പറഞ്ഞപ്പോള്‍ ‘വേണ്ട,ലുലുമാളില്‍ കൊണ്ടുപോയാല്‍ മതി’ എന്നു പറയുന്ന അവള്‍ ഞങ്ങെള ചിരിപ്പിച്ചു.
അതിനും മുമ്പാണെന്നു തോന്നുന്നു സി എസ് ചന്ദികയുടെ ‘എന്റെ പച്ചക്കരിമ്പേ ‘എന്ന കഥ മാതൃഭൂമിആഴ്ച്ചപ്പതിപ്പില്‍ വന്നത്. ‘അമ്മേ ഇത് വായിച്ചോട്ടെ’ എന്നു ചോദിച്ച് അവന്‍ വായിക്കുന്നതു കണ്ടു .വായിക്കാന്‍ എന്റെ അനുവാദം എന്തിനാ എന്നു ചോദിക്കുമ്പോള്‍ത്തന്നെ , ഷരീഫിന്റെ വരകളിലേക്കാണ് കുട്ടി വീണുപോയതെന്ന് മനസ്സിലായി.

പിന്നെ ഈ നവംബറില്‍ മാതൃഭൂമിആഴ്ചപ്പതിപ്പില്‍ സക്കറിയയുടെ ‘തേന്‍’ . ‘രാവിലെ പഠിക്കാനുള്ള രണ്ടക്ഷരം വായിക്കാതെ ഹാരിപോര്‍ട്ടര്‍ വായിക്കുന്നതു ശരിയല്ല’ എന്നു കാര്യവിവരമുള്ള ഒരമ്മയുടെ ഗൗരവത്തിലേക്കു വലംകാല്‍വച്ചുപ്രവേശിക്കാന്‍ ഒരുങ്ങുമ്പോഴാണ് കണ്ടത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ‘സക്കറിയാക്കരടി’യാണ് കുഞ്ഞുണ്ണിയുടെ കൈയിലെ താരം എന്ന്. നാക്കിറങ്ങിപ്പോയി. ദേവപ്രകാശിന്റെ കരടി അതിന്റെ സ്‌നേഹക്കണ്ണുകള്‍ കൊണ്ട് എന്നെയും നോക്കി.സ്‌ക്കൂള്‍ വാന്‍ വന്നു അവനത് വായിച്ചുതീരുംമുമ്പേ..’തേനി’ല്‍ മനസ്സിട്ട് അവന്‍ ഓടിപ്പോയി.

അന്നു വൈകുന്നേരം ‘ആ കഥ ഒന്നു പറഞ്ഞുതായേ’ എന്ന് ഞാന്‍ ചിണുങ്ങിയപ്പോള്‍ അവന്‍ , പ്രിയ എ എസായി കണ്ണ് വലുതാക്കി പറഞ്ഞു,’പറഞ്ഞാലൊന്നും ശരിയാവില്ല.വായിച്ചുമനസ്സിലാക്കേണ്ട കഥയാണ്’ .ഞാന്‍ തത്ക്കാലം കുഞ്ഞുണ്ണിയായി സ്ഥലം വിട്ടു.
രണ്ടാഴ്ചമുമ്പാണ് ഞാനാ തേന്‍കഥ വായിക്കുന്നത്. അത് വായിച്ചപ്പോള്‍ എനിക്ക് എന്റെയും എന്റെ അനിയന്‍ ദിപുവിന്റെയും പഴയ റഷ്യന്‍കുട്ടിപ്പുസ്തകത്തിലെ കരടിയെക്കാണണമെന്നുതോന്നി.ഞങ്ങള്‍ കുത്തി വരച്ച ,നിറമില്ലാത്തിടത്ത് നിറം കൊടുത്തിട്ടുള്ള ,ഇപ്പോള്‍ ബൈന്‍ഡ് ചെയ്തുവച്ചിരിക്കുന്ന ആ പുസ്തകത്തിലെ കരടിയെ ഞാനെടുത്ത് കുറേനേരം കണ്ണുംമഴിച്ച് നോക്കിയിരുന്നു.( പുസ്തകത്തിന്റെ തലക്കെട്ടും എഴുതിയ ആളുടെയും വിവര്‍ത്തകന്റെയും പേരുമുള്ള ഭാഗങ്ങള്‍ പുസ്തകത്തില്‍ നിന്ന് പ്രത്യക്ഷമായിരിക്കുന്നു ഉപയോഗക്കൂടുതല്‍ കൊണ്ട്. അതേ മട്ടിലുള്ള ചിത്രങ്ങളുള്ള മറ്റൊരു പുസ്തകമുണ്ട് കൈയില്‍. അലേക്‌സേയ് ലാപ്‌ത്യേവ് എഴുതിയ കുട്ടികള്‍ .വിവര്‍ത്തകന്‍ ഗോപാലകൃഷ്ണന്‍.പല ജന്തുജാലങ്ങളുടെ കുട്ടികളുടെ കുറുമ്പുകള്‍ . ഇതേ മട്ടില്‍ രണ്ടുവരിക്കവിത, കൂറ്റന്‍ പടം എന്ന മട്ടിലാണതിലും . കെട്ടും മട്ടും പറയുന്നു ലാപ്‌ത്യേവ് തന്നെ ഇതിന്റെയും ഉത്പത്തിക്കാരന്‍ എന്ന് ..,ഗോപാലകൃഷ്ണന്‍ തന്നെ ഇതിന്റെയും വിവര്‍ത്തകന്‍ എന്ന് … )

ഈ റഷ്യന്‍ ചിത്രങ്ങളാണ് എനിക്ക് വരയിഷ്ടം തന്നത് . ഇവരെ എത്രയെത്രമണിക്കൂറുകള്‍ അനങ്ങാതിരുന്ന്‌നോക്കിയിട്ടുണ്ട് !ഇവരാണ് ഭാവനയുടെ അടിത്തറക്കല്ലുകളില്‍ ചിലത്… രണ്ടുവരിക്കവിതകളില്‍ നിന്ന് ഞാന്‍ മെനഞ്ഞ കഥകള്‍ക്ക് നോവലോളം വലിപ്പമുണ്ടായിരുന്നു . ഈ വരികള്‍ എത്ര ഉച്ചത്തില്‍ പാടിനടന്നിട്ടുണ്ട് ദിപു അവന്റെ പരപര ഒച്ചയില്‍ !ഈ ചിത്രത്തിലെ താഴോട്ടുകുനിഞ്ഞുകിടക്കുന്ന നീലപ്പൂക്കള്‍ , അമ്മാവന്‍ ഫാബ്രിക്‌പെയിന്റുകൊണ്ട് വരച്ചുചേര്‍ത്ത കുഞ്ഞുഫ്രോക്കിട്ട് ഞാന്‍ നടന്ന കാലം ‘നോക്കെന്നെ’ എന്നു ചിരിച്ചുകളിച്ച് മുന്നില്‍വന്നു നിന്നപ്പോള്‍ ഞാന്‍ ഇത്തിരിക്കുഞ്ഞത്തിയായി..മനസ്സുമുഴുവന്‍ തേന്‍ പോലെ സ്‌നേഹമൂറി .

കുഞ്ഞുണ്ണിയുടെ ആദ്യ പുസ്തകം , സക്കറിയ വിവര്‍ത്തനം ചെയ്ത ഒരു മഹാശ്വേതാപസ്തകമാണ് .’ദ വൈ വൈ ഗേള്‍’. ‘ഒരു എന്തിനെന്തിനുപെണ്‍കുട്ടി.’ 2005 സ്പ്റ്റംബറില്‍ ജനിച്ച അവന് 2005 നവംബറില്‍ അവന്റെ അമ്മാവന്‍ വാങ്ങിയ പുസ്തകം . എന്തിനാണ് ഇത്ര ചെറിയ കുട്ടിക്ക് ഇങ്ങനെയൊരു പുസ്തകം എന്ന് ഞങ്ങളാരും ആലോചിച്ചില്ല. അന്നുമുതല്‍ അവന് അതിലെ ‘മൊയ്‌ന’ കൂട്ടുകാരിയായി. അവളുടെ മീനാകൃതിയിലെ ചോദ്യമുള്ള താള്‍ , ഞാന്‍ നിവര്‍ത്തുവച്ചതിലേക്ക് കുഞ്ഞുണ്ണി നീന്തിക്കയറി അതിലെ മീനിനെ മാന്തിക്കെയിലെടുക്കാന്‍നോക്കുമ്പോഴൊക്കെ , അത്തരം പടമുള്ള പുസ്തകങ്ങള്‍ വിവര്‍ത്തനരൂപത്തിലല്ലാതെ മലയാളിത്തത്തോടെ പിച്ചവയ്ക്കുന്നത് ഞാന്‍ സ്വപ്‌നം കണ്ടു.

പതിനൊന്നുവയസ്സിലേക്കെത്തുന്നതിനിടെ എത്രയോ തവണ , why do u behave like a why why girl എന്നവനെന്നോട് ചോദിച്ചു കഴിഞ്ഞു! ഞാനവനോട് ‘നീയെന്തിനാ ഇങ്ങനെ വൈ വൈ ബോയ് ആകുന്നത്’ എന്ന് അസ്വസ്ഥതയോടെ ചോദിച്ചിട്ടുള്ളതും പലതവണ..
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘ശന്തനുവിന്റെ പക്ഷികള്‍’ എന്ന സക്കറിയാപുസ്തകം ആദ്യം കുഞ്ഞുണ്ണി ഉപേക്ഷിച്ചു , ‘എനിക്കൊന്നും മനസ്സിലാകുന്നില്ല’ എന്നു പറഞ്ഞ്. ഞാന്‍ അതില്‍ ഇടപെട്ടതേയില്ല..കുട്ടികള്‍ കഥാപാത്രങ്ങളായ മുതിര്‍ന്ന കഥകളായിരുന്നു അതില്‍. ഒന്നുരണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പിന്നൊരു ദിവസം അതേ പുസ്തകം എടുത്ത് കണ്ണില്‍ തിളക്കത്തോടെ അവന്‍ പറഞ്ഞു, ‘എനിക്ക് ഒരുപാടിഷ്ടമാണ് ഈ പുസ്തകം.’ അപ്പോഴും ഞാന്‍ ഒന്നും പറഞ്ഞില്ല.
കുട്ടികളെ ‘അയാള്‍’ എന്നു വിളിക്കുന്ന മൂന്നുപേര്‍ -സക്കറിയയും ലീലാവതിറ്റീച്ചറും ക്‌ളിന്റിന്റെ അച്ഛനും എന്നുമാത്രം ഞാന്‍ മനസ്സിലോര്‍ത്തു.

‘തേന്‍’ വായിച്ചശേഷമുള്ള രാത്രിയില്‍ കഥനേരത്ത് ‘തേന്‍ വായിച്ചു , കേട്ടോ’ എന്ന് ഞാനവനോട് പറഞ്ഞു. . സക്കറിയാക്കഥകളിലെ കുട്ടികളെയെന്നപോലെതന്നെ ‘അയാള്‍’ എന്നാണ് സക്കറിയ കരടിയെയും പറഞ്ഞിരിരിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ ചിരിച്ചു. ‘ആ കരടിയുടെ കണ്ണ് എനിക്കെന്തിഷ്ടമായെന്നോ,നോക്കിനോക്കിയിരിക്കാന്‍ തോന്നും , എനിക്കതിനെ കല്യാണം കഴിക്കാന്‍ തോന്നി ‘എന്ന് ഞാനവനോട് പറഞ്ഞത് അവന്‍ കേട്ടില്ല എന്ന് തോന്നി. തേന്‍പാളികള്‍ അടുക്കിവച്ച് കരടി കാത്തുനിന്നതിനെക്കുറിച്ചാണ് അവന്‍ പറഞ്ഞത്. ‘ഏറ്റവും അവസാനത്തെ പാളികളിലൊക്കെ മണ്ണുപുരണ്ടുകാണില്ലേ’ എന്നവന്‍ ചോദിച്ചു. ‘ഇലകള്‍ നിരത്തിയിട്ട് അതിന്റെ മുകളിലായിരിക്കും കരടി തേന്‍പാളികള്‍ നിരത്തിയിട്ടുണ്ടാവുക’ എന്ന് വൃത്തിക്കാരി-ഞാന്‍ പറഞ്ഞു.
അവന്‍ എന്നോട് ചോദിച്ചു , ‘അമ്മയാണ് ആ തേന്‍പാളികള്‍ കണ്ടിരുന്നതെങ്കിലോ, അപ്പോ അമ്മ എന്തു ചെയ്‌തേനെ ?’ ‘കുറച്ച് കുഞ്ഞുണ്ണിക്കൈടുത്ത് വയ്ക്കും ,ബാക്കി ഞാന്‍ നക്കിത്തേര്‍ത്തി ശാപ്പിടും’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘ഹമ്പടി കേമീ,കൊതിച്ചീ ‘എന്നൊക്കെ അവനെന്നെ വിളിച്ചു.

‘തേന്‍ പാളി എടുക്കാന്‍ അവസാനമായി വന്നത് ഒരാണ്‍കുട്ടിയായിരുന്നെങ്കിലോ’ എന്നാണ് പിന്നെയവന്‍ ചോദിച്ചത്. ഉത്തരം തപ്പാന്‍ ഇടം കിട്ടാതെ ഞാന്‍ പരുങ്ങിയത് മനസ്സിലായില്ല അവന്.
അവന്‍ പെട്ടെന്നുതന്നെ അടുത്ത ചോദ്യത്തിലേക്കു കടന്നു,’തേനെടുക്കാന്‍ അവസാനം വന്നത് കല്യാണം കഴിച്ച ഒരു പെണ്ണായിരുന്നെങ്കിലോ ?’ ‘എന്നാപ്പിന്നെ അവളപ്പോത്തന്നെ കരടിയുടെ സ്‌നേഹക്കണ്ണില്‍ നോക്കി അവന്റെ കൂടെ പൊറുക്കാന്‍ തുടങ്ങിയേനെ എന്നു ഞാന്‍ ചിരിച്ചു. ‘ഞാന്‍ കല്യാണം കഴിച്ചതാണ് എന്നു പറഞ്ഞ് ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചുപോകുന്ന പെണ്ണു മതി അങ്ങനെയാണെങ്കിലാണ് കഥയ്ക്ക് happy end ഉണ്ടാവുക’ എന്ന് അവന്‍ പറഞ്ഞു. ‘അപ്പോള്‍ കരടിയുടെ കാര്യമോ?കൂട്ടുകിട്ടാതെ അവന്‍ unhappy ആവില്ലേ’ എന്നു ഞാന്‍ ചോദിച്ചില്ല. എനിക്കറിയാം അമ്മയും അച്ഛനും നടുക്ക്് അവരും – അതാണ് കുട്ടികളുടെ സന്തോഷം..
പിന്നെ അല്പനേരം നിശബ്ദനായി കുഞ്ഞുണ്ണി പറഞ്ഞു.. ‘എന്തെല്ലാം സാദ്ധ്യതകളാണ് അല്ലേ ഒരു കഥയില്‍.. ‘ ഇരുട്ടായതുകൊണ്ട് എനിക്കവന്റെ മുഖം കാണാനാകുമായിരുന്നില്ല. അവന്റെ വാചകത്തിന്റെ ആഴം എന്നെ അത്ഭുതപ്പെടുത്തി. എന്റെ അത്ഭുതം , ഇരുട്ടില്‍ അവനും കാണാന്‍ പറ്റിക്കാണില്ല…
‘ജീവിതത്തിലും ഒരുപാട് സാദ്ധ്യതകളുണ്ട്’ എന്നു ഞാന്‍ മെല്ലെ അവനോട് പറഞ്ഞു. ‘ജീവിതമല്ല കഥ,കഥയല്ല ജീവിതം’ എന്നൊക്കെ അവന്‍ തിരിച്ചുപറഞ്ഞു.
‘എല്ലാക്കഥകളും ജീവിതത്തില്‍ നിന്നാണ് ഉണ്ടാകുന്നത് ‘എന്നു ഞാനും പറഞ്ഞു. ‘വലിയ തത്വശാസ്ത്രങ്ങളൊന്നും പറയണ്ട’ എന്നവന്‍ ചൂടായി. ‘തനിക്ക് തത്വം പറയാമല്ലേ, എനിക്ക് പറഞ്ഞുകൂട, അല്ലേ ‘എന്ന് ഞാനവനോടും ചൂടായി. അതേത്തുടര്‍ന്ന് , ‘കെട്ടിപ്പിടിക്കണ്ട’ എന്ന് പിണക്കക്കുഞ്ഞുണ്ണി എന്നോട് പറഞ്ഞു .
എപ്പോഴോ പിന്നെയും ഞങ്ങള്‍ കൂട്ടായി.’അമ്മക്കുട്ടീ ,ഒന്ന് കെട്ടിപ്പിടിച്ചേ’ എന്നവന്‍ പറഞ്ഞപ്പോള്‍ ‘താനല്ലേ ഇത്തിരിനേരം മുമ്പ് കെട്ടിപ്പിടിക്കുന്നതില്‍ നിന്ന് എന്നെ വിലക്കിയത് ‘ എന്നു ചോദിച്ചു ഞാന്‍. അപ്പോള്‍ സക്കറിയാക്കഥയിലെ അയാളെപ്പോലെ അവന്‍ പറഞ്ഞു. ‘കുറച്ചുനേരം ചുമ്മാകിടക്കുമ്പോള്‍ തന്റെ കൈയിലേക്ക് അമ്മയിസം അങ്ങനെ വന്നോണ്ടിരിക്കും .അമ്മയിസം നിറഞ്ഞ പരുവത്തില് പിന്നെ താന്‍ എന്നെ കെട്ടിപ്പിടിക്കുമ്പോ എന്തുരസാന്നോ..’
അത് സോഷ്യല്‍സ്റ്റഡീസ് പുസ്തകത്തിലെ എന്തോ ഇസത്തില്‍ നിന്നാണ് ‘അമ്മയിസം’ വന്നതെന്നെനിക്കുമനസ്സിലായി.
അങ്ങനെയങ്ങനെ അവനുറങ്ങിപ്പോയി.

‘നിന്റെ ഇഷ്ടത്തിനനുസരിച്ച് കഥയെ തിരിച്ചുവിടാന്‍ എന്റെ കൈയിലെന്താ വല്ല ഉപകരണവുമുണ്ടോ, എന്നാപ്പിന്നെ നിനക്കിഷ്ടമുള്ളതുപോലെ നീ തന്നെ കഥ പറഞ്ഞ് നീ തന്നെ അതു കേട്ട് ഉറങ്ങിയാല്‍പ്പോരേ , ഈ കുഞ്ഞുണ്ണി കല്‍പ്പിക്കണ വഴിയേ വരാനൊന്നും പറ്റില്ല എന്നു പറഞ്ഞ് ഞാമ്പറയാന്‍ തുടങ്ങിയ കഥ ,ദേ എങ്ങാണ്ടേക്ക് ഓടിപ്പോയി മുഖം വീര്‍പ്പിച്ച്’ എന്നൊക്കെ ബഹളമയമായി അടിപിടിപൂരമായിത്തീരാറുള്ള കഥാവേളകള്‍ അവന് കഥയിലെ സാദ്ധ്യതകളെക്കുറിച്ച് പറഞ്ഞുകൊടുത്തിരിക്കുന്നല്ലോ എന്നോര്‍ത്ത് ഉറക്കം വരാതെ ഞാന്‍ കിടന്നു.

‘എന്തെല്ലാം സാദ്ധ്യതകളാണ് ‘എന്ന വാചകം മുഴങ്ങിക്കൊണ്ടേയിരുന്നു ചുറ്റിലും .
ഓഫീസിലിരിക്കുമ്പോഴും പലദിവസങ്ങളിലും മനസ്സ് ആ വാചകത്തിലേക്ക് പോയി. അതെ കഥയ്ക്കും ജീവിതത്തിനും എന്തെല്ലാം സാദ്ധ്യതകളാണ്. ..! ആരുപയോഗിക്കുന്നു അതെല്ലാം. എന്നോര്‍ത്ത് ഞെട്ടുകയും മൂകയായിപ്പോവുകയും ചെയ്തുകൊണ്ടേയിരിക്കുന്നു ഞാനിപ്പോഴും.

വലുതാകേണ്ടായിരുന്നു എന്നതോന്നലോടെ ഞാനാ റഷ്യന്‍പുസ്തകത്തിലെ രണ്ടുവരിപ്പാട്ടും അതിനൊപ്പമുള്ള പടവും തുറന്നുപിടിച്ച് പിന്നെയുള്ള ദിവസങ്ങളില്‍ പലതവണ പലമൂലകളില്‍ പോയിരുന്നു. അപ്പോള്‍ ഞാന്‍ വീണ്ടുമോര്‍ത്തു, വി ആര്‍ സുധീഷിന്റെ കുറുക്കന്‍മാഷ് വായിച്ച് കുഞ്ഞുണ്ണി ഓടി വന്ന് ഒരുദിവസം പറഞ്ഞു, ‘ഇതിലെ കുറുക്കന്റെ നില്‍പ്പ് നോക്കമ്മേ.., എന്തു കുസൃതിയാ ഇവന്റെ നില്‍പ്പില്… ഇനി നമ്മള് കുട്ടികള്‍ക്കായി പുസ്തകം എഴുതുമ്പോഴ് ഈ ദേവപ്രകാശിനെക്കൊണ്ട് വരപ്പിച്ചാമതി നമ്മക്ക് .അമ്മ സമ്മതിച്ചോ..? ‘ഞാന്‍ തലകുലുക്കി..
എന്തെല്ലാം സാദ്ധ്യതകളാണ് ജീവിതം,കഥ,കുട്ടികളുടെ പുസ്തകത്തിലെ വരകള്‍ ഒക്കെ നന്നായി കൊണ്ടുപോകാന്‍…പക്ഷേ ആര്‍ക്കാണ് അതിനൊക്കെ സാവകാശം കുഞ്ഞുണ്ണീ…

shortlink

Post Your Comments

Related Articles


Back to top button