കഥ by നിഷ അനില്‍കുമാര്‍
വാട്സ് ആപ്പില്‍ നിന്നും നേരെ ഫേസ് ബുക്കിലേക്ക് കയറിയിറങ്ങിയതിന്റെ ആലസ്യത്തില്‍ ക്കിടക്കയുടെ അരികോട് ചേര്‍ന്ന് കാലുകള്‍ കുറച്ചൊന്നു വളച്ചും നടുഭാഗം ചരിച്ചും കിടന്ന് അവള്‍ ചുണ്ടില്‍ അറിയാതെ പൊട്ടിവിരിഞ്ഞ ചിരിയമര്‍ത്തിക്കൊണ്ട് മയക്കത്തിലാണ്ടു. അപ്പോഴും നെറ്റ്വര്‍ക്ക് ഓഫ് ചെയ്തിടത്ത ഫോണിന്‍റെ ഏതെല്ലാമോ അതിര്രേഖകള്‍ ലംഘിച്ചുകൊണ്ട് ചിലര്ര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. അവളുടെ ശ്വാസഗതി ക്രമാനുഗതമായി ഉയരുകയും നേര്‍ത്ത മുരള്‍ച്ചയോടെയുള്ള താളമായി മുറിയില്‍ നിറയുകയും ചെയ്തു.
വാട്ട്സ് ആപ്പില്‍ വാന്ന ഒരു മെസ്സേജ്
പ്രിയേ, എന്റെ ലൈഫ് ശബ്ധമുഖരിതമായൊരു പള്ളിയിലെ ഏകാകിയാവാന്‍ കൊതിച്ച പ്രാത്ഥനക്കാരന്റേതു പോലെ ഭയാനകമാണ്. അവളുടെ കൂര്‍ക്കം വലി. ഹൊ…
അവള്‍:- എന്‍റെ ഭര്‍ത്താവോ അയാളുടെ സിഗരറ്റും സവാളയും മണക്കുന്ന ശ്വാസം മുഖത്തു തട്ടുമ്പോഴേ ഞാന്‍ ഛര്‍ദ്ദിക്കും. ഞങ്ങള്‍ക്കു ജനിച്ച കുഞ്ഞുങ്ങള്‍ ഛര്‍ദ്ദിയിലേക്ക് വഴുതി വീണ ദഹിക്കാത്ത ഭക്ഷണം പോലെയയതും ഇതുകൊണ്ട് തന്നെ.
അയാള്‍:- ഹൊ പ്രിയപ്പെട്ടവളെ, നിന്റെ മുഖം ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. എന്താണ് എന്റെ മുന്നില്‍ വെളിപ്പെടാത്തത്.
അവള്‍:- ആഗ്രഹമില്ലാഞ്ഞിട്ടല്ല കുട്ടാ. അറിയില്ലേ ഒട്ടും പുരോഗമന വാദിയല്ലാത്ത ഒരു കള്‍ച്ചര്‍ലെസ് ഫെല്ലോയാണ് എന്റെ ഭര്‍ത്താവെന്ന്. അരസികനായ ഒരു കഴുതയോടോപ്പമുള്ള ജീവിതത്തില്‍ ഇടയ്ക്കു ലഭിക്കുന്ന നക്ഷത്ര പ്രകാശം പോലുള്ള നിന്റെ കൂട്ട് എനിക്ക് നഷ്ട്ടപ്പെടുത്താന്‍ വയ്യ.
അയാള്‍:-എന്റെ ഭാര്യയും അതുപോലെതന്നെ. ഈ നൂറ്റാണ്ടില്‍ ജനിക്കേണ്ടവളെയല്ലാത്ത ഒരു കാണ്ടാമൃഗമാണ് ആ ജന്തു. കാട്ടുപോത്തിന്റെ മുരള്ച്ചപോലുള്ള അവളുടെ കൂര്‍ക്കംവലി എന്റെ സ്വപ്നഗലെപോലും ഭയത്തിലാഴ്ത്തുന്നു.
അവള്‍:- നമുക്കത് മറക്കാം. എനിക്കും നിനക്കുമിടയില്‍സുതാര്യമല്ലാത്ത എല്ലാ നിയമങ്ങളും ഒരിക്കല്‍ ഇല്ലാതാക്കും. നമുക്കും അടുത്ത ജന്മം അമേരിക്കയിലോ യൂറോപ്പിലോ ജനിക്കാം. ഈ കാട്ടുമലയാളികള്‍ക്കിടയില്‍നിന്നും രക്ഷപ്പെടുന്ന ദിവസമാണ് നമ്മുടെ യഥാര്‍ത്ഥ ജനനം .
അയാള്‍:- ശാരിക എത്ര നല്ലപേര്. ഞാന്‍ പണ്ട്പണ്ടേ സങ്കല്പ്പിച്ചു കൂട്ടിയിരുന്ന എന്റെ പ്രണയിനിയുടെ പേര്. എത്ര യാദൃശ്ചികമെന്ന് നോക്കൂ നിനക്ക് ഈ പേര് തന്നെ ലഭിച്ചത്.
അവള്‍:- പ്രിയന്‍ എനിക്ക് എന്നേക്കാള്‍ പ്രിയമാണ് നിന്റെ നാമത്തോടു. കേള്‍ക്കുമ്പോഴേ പ്രിയം തോന്നുന്ന എന്തോ ഒന്നില്ലേ അതില്‍. എന്റെ ശ്വാസത്താളത്തിനു പോലും ഇപ്പോഴീ ശബ്ദമാണ്. പ്രിയന്‍, പ്രിയന്‍…
അവളുടെ ചുണ്ടുകള്‍ ഉറക്കത്തിനിടയില്‍ ഇടയ്ക്കിടെ പിറുപിറുത്തുകൊണ്ടിരുന്നു. പ്രിയന്‍.. അപ്പോഴാണ് ഫോണ ശബ്ദിച്ചത്. നെറ്റ് വര്‍ക്കില്‍ കയറിപറ്റിയവര്‍ ഓടിയൊളിക്കുകയും അവളുടെ ഫോനില്‍നിന്നും ഒരു പ്രിയേ പ്രിയേ നിനക്കൊരു ഗാനം എന്നാ ശബ്ദം ഒഴുകിയെത്തുകയും ചെയ്തു.
അവള്‍ പാതി ആലസ്യത്തില്‍ എഴുന്നേറ്റിരുന്നു ഉദാസീനതയോടെ ഫോണെടുത്തു ചിരിയിലൂടെ ഒലിച്ചിറങ്ങിയ തുപ്പല്‍ ഇടം കൈയാല്‍ തുടച്ച് സാരിത്തലപ്പില്‍ തൂത്തുകൊണ്ട് ശബ്ദം മയപ്പെടുത്തി ഹലോ ചേട്ടാ എന്താ വൈകുന്നത് എന്ന് മധുരമായിചോദിക്കുകയും ചെയ്തു.
ഇന്നിത്തിരി വൈകും. കുറച്ചു ജോലി തീരാനുണ്ട്. രാത്രി തീര്‍ത്തുകൊടുക്കാമെന്ന് ഏറ്റുപോയി. നീ ഭക്ഷണം കഴിക്കാതിരിക്കരുത്. എന്നെ നോക്കണ്ട ഞാന്‍ പുറത്തൂന്നു കഴിച്ചോളാം. കുട്ടികള്‍ ഉറങ്ങിയോ?
ഇല്ല ചേട്ടാ അവര്‍ ടി വി കാണുന്നു.പിന്നെ രാത്രി ജോലിയൊക്കെ കൊള്ളാം. പക്ഷേ നോക്കീം കണ്ടും വേണം നില്ക്കാന്‍. കര്ണ്ടിലുള്ള കളിയാണെന്നറിയാല്ലോ. ന്‍റെ ഉള്ളില്‍ തീയാ.
എനിക്കൊന്നും വരില്ല മോളെ നിന്റെ പ്രാത്ഥനയുള്ളപ്പോ. ശരി എന്നാല്‍ നേരം കളയുന്നില്ല. വയ്ക്കട്ടെ.
അവള്‍ ഫോണ്‍ കട്ട് ചെയ്തു. എന്നിട്ട് നെറ്റ് ഓണ്‍ ചെയ്ത് സിം ചെയ്ഞ്ച് ചെയ്തു. വാട്സ് ആപ്പില്‍ മെസ്സെജുകളുണ്ടോ എന്ന് നോക്കി.
അവളുടെ മുഖം പ്രകാശിച്ചു.
പ്രിയപ്പെട്ടവളെ, ഈ രാത്രി മുഴുവന്‍ ഞാന്‍ നിന്നോടോപ്പമുണ്ട്. ബിസിനസ് ടുറിനായി ഞാന്‍ യാത്രയിലാണ്. എന്‍റെ യാത്രയില്‍ വരൂ ചേര്‍ന്നിരിക്കൂ. നിന്റെ പ്രിയന്‍.
അവളുടെ വിരലുകള്‍ ദൃതവേഗം ചലിച്ചു. ഞാനും ഇന്ന് ഫ്രീയാണ്. ഭര്‍ത്താവ് വകയിലുള്ള അമ്മാവന്‍ മരിച്ചതുകൊണ്ട് വീട്ടിലില്ല. ഹൊ എത്ര അത്ഭുതമാണ് നമ്മുടെ സമാനതകള്‍. കുട്ടികള്‍ ടി വി കണ്ടുകൊണ്ടു അവിടത്തന്നെ കിടന്ന് ഉറങ്ങുകയും അവള്‍ ഫോണ്‍ ചാര്‍ജു ചെയ്യാന്‍ ഇട്ടു കൊണ്ട് നിരന്തരം ചുവന്നു പരുവമായ വിരല്‍ത്തുമ്പുകള്‍ കൊണ്ട് ടൈപ്പ് ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു.
അതിരാവിലെ ഉറക്കകുറവിന്റെ ആലസ്യം പതിഞ്ഞ കണ്ണുകള്‍ ധൃതിപ്പെട്ടു വലിച്ചു തുറന്നുപിടിച്ചു അവള്‍ അടുക്കളയില്‍ കയറി ഉപ്പുമാവും ചായയും ഉണ്ടാക്കി.കൂടെ കഴിക്കാന്‍ ഞാലിപ്പുവന്‍ പഴങ്ങളെടുത്തു മേശയില്‍ കൊണ്ടുവച്ചു. കുട്ടികള്‍ സെറ്റിയില്‍ കിടന്നുറങ്ങുകയായിരുന്നു. തുടയില്‍ ഓരോ തല്ലു കൊടുത്ത് അവരെ എഴുന്നേല്‍പ്പിച്ചു പല്ലുതേക്കാന്‍ വിട്ടു.
ഇളയവന്‍ പേസ്റ്റെടുത്തു വായിലിട്ടു നുണഞ്ഞു തിന്നിട്ടു വായ കഴുകി വന്നു ടെബ്ലിലിരുന്നു അവളെ നോക്കി ചായ താമ്മേ എന്ന് കൊഞ്ചി.
കൊഞ്ചാണ്ട് നിക്ക് ചെക്കാ. ചായ കൂയാന്നു പറഞ്ഞാ അപ്പൊ തന്നെ എടുക്കാന്‍ പറ്റില്ല.അച്ഛന്‍ വരട്ടെ.
അവള്‍ ഫോണ്‍ എടുത്തു വാട്സ് ആപ്പില്‍ ഇങ്ങനെ ടൈപ്പ് ചെയ്തു.
പുരുഷാധിപത്യ വ്യവസ്ഥിതിയുടെ മരക്കഴകങ്ങളില്‍ നിലകൊള്ളുന്നതാണല്ലോ എല്ലാ കുടുംബ വ്യവസ്ഥിതികളും. ഞാനും അതിലൊരു ഘടകം മാത്രം. ഇന്നത്തെ അരാഷ്ട്രീയമായ ചുറ്റുപാടുകളും ഏത്രതന്നെ ആഭ്യസ്തവിദ്യരായിട്ടും നവീന ആശയങ്ങളില്‍ നിന്നും തന്‍റെ കുടുംബത്തെ മാത്രം ടാര്‍പ്പാളയിട്ട് പൊതിഞ്ഞു വയ്ക്കുന്ന ആണിന്റെ പരാജയം ഭയക്കുന്ന പ്രകടനങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്ന അനേകം സ്ത്രീകളിലൊരാള്‍. അങ്ങനെയല്ലാത്ത ഒരു പുരുഷനാകാന്‍ നിനയ്ക്ക് കഴിയുമെന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ നിന്‍റെ നനഞ്ഞു കുതിര്‍ന്ന മൌനങ്ങള്‍ക്ക്മേല്‍ എന്‍റെ പ്രണയം ചേര്‍ത്തുവച്ചത്. എന്തുചെയ്യാം ചില സ്ത്രീകളും നനഞ്ഞ കോഴികളെ പോലെയാണ്. നിന്‍റെ ഭാര്യ അങ്ങനെയായതില്‍ ഞാന്‍ ഭാഗ്യം കണ്ടെത്തി. ഞാന്‍ പറഞ്ഞു വന്നത് പൂര്‍ത്തിയാക്കട്ടെ. ആരസികനായ എന്‍റെ ഭര്‍ത്താവ് ഇപ്പോഴെത്തും. എന്റെ വിരസമായ ഒരു ദിനം കൂടി പിറന്നു വീഴുന്നു. നിനക്ക് എന്‍റെ ആശംസകള്‍. നിന്റെ താടകയില്‍ നിന്നും ഇന്നോരു ദിവസം രക്ഷപ്പെടാമല്ലോ…
അവള്‍ നെറ്റ ഓഫ് ചെയ്തുവച്ചു സിം ഊരിമാറ്റി അലമാരയില്‍ കൊണ്ട് പോയി ഭദ്രമായി വച്ചു.
പുറത്ത് ഗേറ്റുതുറക്കുന്ന ശബ്ദം കേട്ട് ആവള്‍ ഓടിച്ചെന്നു വാതില്‍ തുറന്നു.
അച്ഛാ എന്ന് വിളിച്ചുകൊണ്ടു മൂത്തമകന്‍ ബ്രഷും കയ്യില്‍ പിടിച്ചു ഓടിവന്നു. പോയ് പല്ല് തേക്കു ചെക്കാ അവാള്‍ ശാസിച്ചു. ഭര്‍ത്താവ് കയ്യിലിരുന്ന പൊതി അവള്‍ക്കു നേരെ നീട്ടി. കുറച്ചു പോത്തിറച്ചിയാണ്. ഉലര്‍ത്ത്.
അവാള്‍ പൊതി വാങ്ങി ആടുക്കളയില്‍വച്ചിട്ട് വീണ്ടും വന്നു അയാള്‍ക്കടുത്തിരുന്നു.
ക്ഷീണം ഉണ്ടോ? അവള്‍ ചോദിച്ചു
ഏയ് അത്രക്കൊന്നൂല. പാനിക്കാര് മൂന്നു പേരുണ്ടായിരുന്നു. അവര്‍ക്കീ മാസം കേറി താമസിക്കേണ്ടതാ. പെട്ടന്ന് തീര്‍ത്തു കൊടുക്കണം. ഇനിയുണ്ടു രാണ്ടു മൂന്നു ദിവസത്തെ പണി.
രാത്രീലോ?
ങാ രാത്രീം നിക്കേണ്ടി വന്നേക്കാം.
നിങ്ങള് ക്ഷീണിക്കും ദിനേശേട്ടാ. രാത്രിലെ പണിയൊന്നും നമ്മക്ക് വേണ്ട
അതൊന്നും പറഞ്ഞിട്ട് കാര്യംല്ല. കാശിനു കാശു തന്നെ വേണ്ടേ. അതുപോട്ടെ നീയിന്നലെ ഉറങ്ങില്ലേ?
എന്തോ ഉറക്കം വന്നില്ല. നിങ്ങളവിടെ പണിയെടുക്കുമ്പോ എനിക്കെങ്ങനാ ഒന്നുറങ്ങാന്‍ പറ്റന്നേ
എങ്കി പിന്നെ നീ കുറച്ചു നേരം കിടക്ക്
ഇനിയോ. ഒന്ന് പൊ മനുഷ്യ. ദേ വന്നു പല്ലുതേച്ചു ചായ കുടിക്ക്. ഉപ്പുമാവും പഴോമുണ്ട്. കുട്ട്യോള് നിങ്ങളെ നോക്കിയിരിക്കയാ അച്ഛന്‍ വരട്ടെന്നും പറഞ്ഞ്.
ഓ അത് മറന്നു ഞാന്‍ പല്ലു തേക്കട്ടെ.
എന്നാ കുളിയുംകൂടി നടത്തിക്കോ. അവള്‍ വിളിച്ചു പറഞ്ഞുകൊണ്ട് പോത്തിറച്ചിക്കടുത്തെക്ക് പോയി.
***
ഉപ്പുമാവ് കഴിച്ചുകൊണ്ടിരിക്കെ അയാള്‍ പറഞ്ഞു എന്‍റെ ഒപ്പം പണിയെടുക്കുന്ന ഒരുത്തന്‍റെ പെങ്ങള്‍ ഇന്നലെ സ്ഥലം വിട്ടു.
എന്നിട്ട്
കുട്ടികള്‍ വായും തുറന്നു അവരെ നോക്കിയിരുന്നു. അയാള്‍ വായില്‍ ഇരുന്ന ഭക്ഷണം ഇറക്കിയിട്ട് വെള്ളമെടുത്തു കുടിച്ചു. എന്നിട്ട് പറഞ്ഞു
എങ്ങട്ട് പോകാന്‍ ഏതോ ഒരുത്തന്‍റെ കൂടെ ഫോണിലൂടെയുള്ള പരിചയം എന്തായാലും ഇന്നലെ ഓള് മുങ്ങി. ഇനി മഷിയിട്ടാ കിട്ടൂല്ല.
ഹൊ! അവാള്‍ മൂക്കത്ത് വിരള്‍ വച്ചു. ഇങ്ങനേയും പെണ്ണുങ്ങള്‍. എന്തായാലും കൊള്ളാം.
ആട്ടെ ഓള് കെട്ടീതാ?
പിന്നല്ലാണ്ട്. മൂന്നു കുട്ട്യോളുണ്ട്. ഇളെതിനെയും ഏടുത്തോണ്ടാ പോയത്.
കൊണ്ട് പോയവാനോ?
ഓന്റെ കാര്യം അറീല്ല. ആര്‍ക്കും പരിചയമില്ലല്ലോ. എന്തായാലും ഓളൊരു കത്തെഴുതി വച്ചിരുന്നു.അതോണ്ട് തപ്പി നടക്കണ്ട. അല്ലെങ്കി ഇപ്പൊ ആറ്റിലും കിണറിലും തപ്പി കുറെപ്പേരു ക്ഷീണിചേനെ.
ഇങ്ങനേംണ്ടല്ലോ പെണ്ണുങ്ങള്‍. അല്ലെങ്കില്‍ ആപ്പും ബുക്കും ഒക്ക്കെ തട്ടിപ്പാ വീട്ടിലിരിക്കണപെണ്ണുങ്ങളെ അതില്‍കൂടി കേറ്റി ലോകായലോകം മുഴുവന്‍ കാണിക്കും. എന്നിട്ടോ കണ്ണ്‍മഞ്ഞളിച്ചു നിക്കുമ്പോ ഒറ്റ വീശല്‍. ദാ കിടക്കുന്നു ചട്ടീം കലോം.
എന്തായാലും നിങ്ങക്ക്കും എനിക്കുമൊന്നുംഅത്രേം പുരോഗമനമില്ലാതിരുന്നത് ഭാഗ്യം.
അതെയതെ. കരണ്ടിപണിയെടുക്കുമ്പോഴും എനിക്ക് നിന്റെ കാര്യമോര്‍ത്ത് ശ്രേദ്ധ തെറ്റൂലല്ലോ. എന്തായാലും ഞാനൊന്നു കിടക്കട്ടെ. നീയാ ഇറച്ചി ഉലത്തിവയ്ക്ക് ഉച്ചക്ക് ചോറുണ്ടിട്ട് വീണ്ടും പോകണം. അതിന്റെ ഇടക്ക് ആരുവന്നാലും എന്നെ വിളിക്കല്ലേ പൊന്നു ജലജെ.
ശരി. നിങ്ങള് കെടന്നോ പോത്തിറച്ചി തേങ്ങാകൊത്തിട്ടു ഉലര്‍ത്തട്ടെ.
അതെന്തുവേണേല്‍ ചെയ് എന്ന് പറഞ്ഞു കൊണ്ട് അയാള്‍ ക്കിടക്കയിലേക്ക് വീണു. ഉച്ചക്ക് ഊണും കഴിഞ്ഞ ഭര്‍ത്താവിറങ്ങിയതും അവള്‍ ഒളിച്ചു വച്ച സിം എടുത്തു ഇട്ടു. നെറ്റ ഓണ്‍ ചെയ്തതും തുടരെ മെസ്സേജുകളും ഫ്രെണ്ട് റിക്യെസ്റ്റ്കളും. അതെല്ലാം ഓടിച്ചു വായിച്ച ശേഷം അവള്‍ ഫേസ് ബുക്കില്‍ നിന്നും വാട്സ് ആപ്പിലേക്ക് കയറി.
അരക്ഷിതാവസ്ഥ നിറഞ്ഞ എന്‍റെ ഏകാന്ത ദിനങ്ങള്‍ വീണ്ടും തുടങ്ങുന്നു. നിന്‍റെ മൊഴികള്‍ എന്നെ തേടിവരും വരെ ഞാന്‍ ഏകാന്തതയില്‍ ഇരുന്നു സ്മരണകളെ താലോലിക്കും. നിനക്കും എനിക്കും സ്വതന്ത്രമായി വിഹാരിക്കാനുല്ലാ ആകാശം ഏതാണ്? ആതിനു ഏതെല്ലാമോ വിദേശ കമ്പനികള്‍ ആവിഷ്കരിച്ച യന്ത്രവത്കൃതമായ ഈ ആപ്പുകള്‍ അടങ്ങിയ സൂത്രമില്ലായിരുന്നുവെങ്കിലോ? ഹൊ എങ്കില്‍ ജീവിതം എത്രമാത്രം ഉദാസീനമാകുമായിരുന്നു.
ക്ലിം എന്ന ശബ്ദത്തോടെ അവളുടെ നേര്‍ക്ക് ആ സന്ദേശമെത്തി.
ഓ ഡിയര്‍. ഞാനിപ്പോള്‍ സിംഗ്ഗപ്പുരിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുമായുള്ള മീറ്റിംഗ് കഴിഞ്ഞു വരികയാണ്. ഈ നിമിഷം ഞാന്‍ നിന്നെ പട്ടി ഓര്‍ത്തതേയുള്ളൂ. ഇന്നും നിന്റെ സാമീപ്യമില്ലത്താ വിരസമായ ദിനമാവുമെന്നു ഭയന്നു. ഭാഗ്യം, നിന്റെ ഭര്‍ത്താവ് വന്നില്ലേ?
ഇല്ല അദ്ദേഹം ബന്ധു വീട്ടില്‍ തങ്ങി
വരൂ പ്രിയപ്പെട്ടവളെ നമുക്ക് ഭൂമിയിലെ ഏറ്റവും മനോഹരമായ സ്വര്‍ഗ്ഗം സൃഷ്ടിക്കാം.
വൈകുന്നേരം വരെ നെറ്റു വര്‍ക്കിന്റെ അനന്തസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ഉറക്കം വിട്ടു മാറാത്ത കണ്ണുകളോടെ അവളെഴുന്നേറ്റു ആടുക്കളയിലേക്ക് ചെന്നു. സിങ്കില്‍ പാത്രങ്ങള്‍ കഴുകാന്‍ കുന്നുകൂടി കിടക്കുന്നു. ഉച്ചക്ക് കഴിച്ച പോത്തിറച്ചിയുടെ അവശിഷ്ടങ്ങള്‍ പാത്രങ്ങളില്‍ പഴം പോലെ ഒട്ടിപിടിച്ചതു കണ്ടപ്പോഴെ ആവള്‍ക്കു മനംപിരട്ടലുണ്ടായി. ഇറച്ചി വേവിച്ച കുക്കര്‍ ചൂടുവെള്ളത്തില്‍ കുതിര്‍ത്താനിട്ടു അവള്‍ ആയാസത്തോടെ വിം എടുത്തു പാത്രങ്ങള്‍ തേക്കാന്‍ തുടങ്ങി.
അപ്പോഴാണ് മൂത്തമകന്‍ ടി വി യുടെ മുന്നില്‍ നിന്നും ക്ഷീണിച്ച കണ്ണുകള്‍ തിരിച്ചു അവളോട് വിളിച്ചു ചോദിച്ചത്
വൈകുന്നേരം ചായക്കെന്താമ്മേ?
ചായേം ഊണും. ഇത് മാത്രേള്ളു നിങ്ങക്ക് ചിന്ത. ഒരക്ഷരം പഠിക്കണ്ട. രാവിലെ മുതല്‍ ടി വിയുടെ മുന്‍പില്‍ ഇരുന്നോണ്ടാ മതി. മനുഷ്യന്‍റെ കഷ്ട്ടപ്പാട് പണിയെടുത്തു എന്‍റെ നടുവൊടിഞ്ഞു.
മകന്‍ അവളുടെ നേര്‍ക്ക് ഏതാനും നിമിഷം അന്തം വിട്ടു നോക്കി നിന്നു. പിന്നെ വീണ്ടും ടിവിയിലേക്ക് തിരിഞ്ഞതും അവള്‍ അടുക്കള തുടച്ച് വൃത്തിയാക്കി ചായക്കുള്ള വെള്ളം വച്ചു.
രാത്രി
അവള്‍:- പ്രിയപ്പെട്ടവനെ നിന്റെ തിരക്കുകള്‍ കഴിഞ്ഞോ? ഇന്നും ഞാന്‍ തനിച്ചാണ്. ഭര്‍ത്താവ് മരണവീട്ടില്‍തന്നെ. ഞാന്‍ ഇവിടെ തനിച്ചാണെന്ന യാതൊരു ഓര്‍മ്മയുമില്ലാതെ. ഓ നീ ഉണ്ടല്ലോ എന്നതുമാത്രമാണെന്റെ ധൈര്യം.
അയാള്‍:- ഞാന്‍ കാത്തിരിക്കുകയായിരുന്നു. പറയൂ നിന്‍റെ ഏകാന്ത വേദനകളിലേക്ക് ഞാനിതാ ഇറങ്ങിവരുന്നു.
അവര്‍ ലോകത്തിന്‍റെ രണ്ടുകോണിലിരുന്നു ഹൃദയത്തിന്‍റെ അടയാളങ്ങള്‍ രേഖപ്പെടുത്തവേ അയാളുടെ നേര്‍ക്ക് ഒരു സ്വിച്ച് ബോര്‍ഡുമായി വന്നു പണിക്കാരന്‍ പയ്യന്‍ ചോദിച്ചു.
ദിനേശേട്ടാ ഇതെവിട പിടിപ്പിക്കേണ്ടത്?
ഓ കുന്ത്രാണ്ടം. നിന്നെ കൊണ്ട് ഞാന്‍ തൊട്ടു എത്ര തവണ ഞാന്‍ പറഞ്ഞെടാ കഴുതേ അതാ വാഷ്ബയ്സിനു മുകളിലാണെന്ന്. കോവര്‍ കഴുത. മനുഷ്യനെ ഒന്നിനും സമ്മതിക്കില്ല. പൊ ന്‍റെ മുന്നീന്ന്
അവള്‍:- എന്ത് പറ്റി പ്രിയന്‍ നീ പോയോ, നിന്റെ സന്ദേശങ്ങള്‍ വൈകുന്നു.
അയാള്‍:- ഒന്നുമില്ല കുട്ടീ. ഞാന്‍ എ സി ഓഫാക്കാന്‍പോയതാണ്. തണുപ്പ സഹിക്കാന്‍ പറ്റുന്നില്ല.
പണിക്കാരന്‍ പയ്യന്‍ പിറുപിറുത്തു കൊണ്ട് അയാള്‍ കാണാതെ മുഖംകൊണ്ടു ഗോഷ്ടി കാട്ടി. ഇങ്ങേരുടെ ഒരു ചാറ്റിങ്. പെണ്ണുമ്പിള്ളെ വീട്ടിലൊറ്റക്ക് ആക്കിയിട്ട് ഈ കുന്ത്രാണ്ടോം ക്കൊണ്ടിരുന്ന മാതി. പാവം ആ ചേച്ചി അവിടെ കിടന്ന് ഇങ്ങേരെ യോര്‍ത്തു തീ തിന്നുമ്പം…… എന്നിട്ട് ഒടുക്കത്തെ ഭരണോം………….
Post Your Comments