രാവിന്റെ മൂന്നാം യാമത്തില്‍, ഗാനഗന്ധവ്വന്റെ സ്വര മാധുരിയില്‍ പതിനെട്ടു മലകള്‍ക്കും മുകളില്‍ ശബരിമലയില്‍ വാഴും ശ്രീ അയ്യനെ ഉറക്കും താരാട്ട് പാട്ടാണ് ഹരിവരാസനം വിശ്വമോഹനം…….. ശബരിമല മണ്ഡല കാല പൂജകള്‍ അരംഭിച്ചിരിക്കുന്ന ഈ കാലത്ത് ഹരിവരാസനവുമായി ബന്ധപെട്ട് വീണ്ടും വിവാദങ്ങള്‍ ഉണ്ടാകുകയാണ്. നവതി പൂര്‍ത്തിയായ ഹരിവരാസനത്തിന്‍റെ രചയിതാവിനെയും സംഗീതത്തെയും സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ തുടക്കമായിട്ട് കാലമായി.
ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായത്തില്‍ കമ്പക്കുടി കുളത്തൂര്‍ അയ്യരാണ് ഈ ഗാനത്തിന്റെ രചയിതാവ്. 1963 ല്‍ പരിഷ്കരിച്ച പതിപ്പായി തിരുവനന്തപുരത്തെ ജയചന്ദ്ര ബുക്സ് ഡിപ്പോ പ്രസിദ്ധീകരിച്ച കീര്‍ത്തന സമാഹരണത്തില്‍ ഹരിഹരാത്മജാഷ്ടകം എന്ന തലക്കെട്ടോടുകൂട്ടി ഹരിവരാസനം ചേര്‍ത്തിട്ടുണ്ട്. ഈ കൃതിയുടെ സമ്പാദകന്‍ കമ്പക്കുടി കുളത്തൂര്‍ അയ്യരാണ്. അതിനാലാണ് ദേവസ്വം ബോര്‍ഡ് ഈ കൃതിയുടെ കര്‍തൃത്വം കുളത്തൂര്‍ അയ്യര്‍ക്കു നല്‍കുന്നത്.
എന്നാല്‍ ഈ ഗാനം രചിച്ചത് കോന്നകത്ത് ജാനകിയമ്മ ആണെന്ന വാദവുമായി അവരുടെ മകള്‍ ബാലാമണിയമ്മ രംഗത്ത് വന്നു. അമ്മ എഴുതിയതെന്നു അവകാശപ്പെടുന്ന കീര്‍ത്തനത്തിന്റെ കൈയെഴുത്തു പ്രതിയുമായാണ് ബാലാമണിയമ്മ ഹര്‍ജി നല്‍കിയത്. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശിവരാമിന്റെ സഹോദരിയാണ് ജാനകിയമ്മ. ശബരിമലയിലെ പൂജാരിയും അവസാനത്തെ വെളിച്ചപ്പാടും ആയിരുന്ന അനന്തകൃഷ്ണന്‍ അയ്യരാണ് ഇവരുടെ പിതാവ്. സംസ്കൃത പണ്ഡിതനായ അച്ഛന്‍ മകള്‍ക് ചെറുപ്പത്തിലെ കാവ്യരചനയ്ക്കുള്ള വഴികള്‍ തുറന്നു കൊടുത്തിരുന്നു. ധര്‍മ്മശാസ്താ സ്ത്രോത്രകദംബം ഉള്‍പെടെ നിരവധി കീര്‍ത്തനങ്ങള്‍ ജാനകിയമ്മ രചിച്ചിട്ടുണ്ട്.
1923 ല്‍ തന്‍റെ മുപ്പതാം വയസ്സില്‍ ആണ് ജാനകിയമ്മ ഈ കാവ്യം രചിച്ചതെന്നാണ് കുടുംബക്കാരുടെ വാദം മകളായ ബാലാമണിയമ്മ പറയുന്നത് തനിക്ക് ആറു വയസ്സുള്ളപ്പോള്‍ മുതല്‍ താന്‍ ഈ കാവ്യം ചൊല്ലുന്നു എന്നാണ്. എന്തായാലും തികഞ്ഞ ഭക്തയായിരുന്ന പുറക്കാട് കോന്നകത്ത് ജാനകിയമ്മ രചിച്ച ഈ ഗാനം ആലപ്പുഴയിലെ പുറക്കാട് ശിവക്ഷേത്രത്തിലെ ഭജന സംഘം പാടുകയും പിന്നീടത് ശബരിമലയില്‍ പോകുന്ന ഭക്തരിലൂടെ അവിടെ എത്തിയെന്നും ജാനകിയമ്മയുടെ പിന്തലമുറക്കാര്‍ വിശ്വസിക്കുന്നു.
ഭര്‍ത്താവ് മരിച്ചതിനു ശേഷം ശാസ്തംകോട്ടയില്‍ മേച്ചിറയില്‍ താമസിച്ചിരുന്ന ജാനകിയമ്മ ഈ ഗാനം ഭക്തിയോടെ ചൊല്ലിയിരുന്നതായി അവരുടെ അടുത്ത് താമസിച്ചിരുന്ന പഴയ തലമുറയിലെ ചിലര്‍ ഇപ്പോഴും ഓര്‍ക്കുന്നു.
അയ്യപ്പന്‍റെ ഉറക്കുപാട്ടായ ഹരിവരാസനം ശബരിമലയില്‍ പാടാന്‍ തുടങ്ങിയത് 1953മുതലാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം. അത് ശരിയായിരിക്കും. 1950ല്‍ നടന്ന തീ പിടുത്തത്തില്‍ നശിച്ചു പോയ ക്ഷേത്രം പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനു ശേഷം ഭക്തജനങ്ങളുടെ എണ്ണം കൂടുകയും നടയടക്കുന്ന സമയത്ത് കൂടി നിന്നിരുന്ന ഭക്തര്‍ ഹരിവരാസനം ചൊല്ലുകയും ചെയ്തിരുന്നു.
ഈ കീര്‍ത്തനത്തിനു ജനപ്രീതി അര്‍ജ്ജിച്ചത് 1975ല്‍ മെരിലാന്റ് നിര്‍മ്മിച്ച സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലൂടെയാണ്. ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട് ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പാടിയ ഈ ഗാനം സിനിമയിലൂടെ ജനകീയമായപ്പോള്‍ അതിനു മുപ് തന്നെ അത്താഴ പൂജ കഴിഞ്ഞു നടയടക്കുമ്പോള്‍ ഉടുക്ക് കൊട്ടി പാടുന്ന കീര്‍ത്തനമായി ഇതു മാറിക്കഴിഞ്ഞിരുന്നു.
1972ല്‍ അന്തരിച്ച ജാനകിയമ്മയ്ക്ക് വ്യക്തമായ ചരിത്രമുള്ളപ്പോള്‍ ദേവസ്വംബോര്‍ഡ് ഈ കൃതിയുടെ കര്‍ത്താവായി കരുതുന്ന കമ്പക്കുടി കുളത്തൂര്‍ അയ്യരുടെ കൃത്യമായ ജീവ ചരിത്രം പാരയാന്‍ സാഹിത്യ അക്കാഡമിക്കോ ദേവസ്വം ബോര്‍ഡിനോ കഴിയുന്നില്ല. സാഹിത്യ അക്കാദമിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കൃത്യമായ വ്യക്തത രചയിതാവിന്‍റെ പേരില്‍ നല്കാത്തതുകൊണ്ടും നിസ്തര്‍ക്കമായ തെളിവുകള്‍ ഇല്ലാത്തതിന്റെ പേരിലും ദേവസ്വം ഓമ്ബുട്സ്മാന്‍ ജാനകിയമ്മയാണ് ഹരിവരാസനത്തിന്റെ കര്‍ത്താവ് എന്ന് ഹൈകോടതിയില്‍ ശുപാര്‍ശ ചെയ്തിട്ടില്ല.
ഈ കൃതിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് ജാനകിയമ്മയാണെന്നു സാഹചര്യങ്ങള്‍ സൂചിപ്പിക്കുമ്പോഴും മറ്റു രണ്ടു പേരുകള്‍ കൂടി കത്തൃത്വസ്ഥാനത്തേക്ക് ഉയര്‍ന്നു വന്നതിനാലും ദേവസ്വം ഓമ്ബുട്സ്മാന്‍ ഈ കൃതിയെ അജ്ഞാതകര്‍തൃത്വം എന്ന ഗണത്തില്പെടുത്തി.
ആര്‍ രചിച്ചത്? ഏതുകാലം എന്നൊന്നും ഒരു കൃതിയുടെ ആസ്വാദനത്തിനു തടസമാകുകയില്ല. അതുകൊണ്ട് തന്നെ ഭക്തിയുടെ നിര്‍വൃതിയില്‍ കാനനവാസനെ കാണുവാന്‍ എത്തുന്ന ഭക്തര്‍ അയ്യപ്പസന്നിധിയില്‍ എത്തുമ്പോഴും ഉള്ളില്‍ ഹരിവരസനത്തിന്റെ മധുര സംഗീതം ഒഴുകുന്നു.
Post Your Comments