രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്ക് താഴെയാണെന്നും ജനം രാഷ്ട്രീയക്കാരെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നോര്ക്കണമെന്നും സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ലിറ്റ് ഫെസ്റ്റ് വേദിയില്‍ താനെഴുതിയ ഒ.എന്‍.വി സൂര്യതേജസ്സോടെ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന് വിനയനാണ് ഒ.എന്‍.വി സൂര്യതേജസ്സോടെ എന്ന പുസ്തകം പ്രകാശനം ചെയ്തത്.
രാഷ്ട്രീയക്കാര്‍ പ്രത്യേകിച്ച് നേതാക്കള്‍ ജനങ്ങളെക്കാള്‍ ഒരുപടി മേലെയാണെന്ന മിഥ്യാധാരണക്ക് കാരണക്കാര്‍ തങ്ങള്‍ രാഷ്ട്രീയക്കാര്‍ തന്നെയാണ്. അത് മറ്റണമെന്നും പറഞ്ഞ പന്ന്യന്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ ആശയങ്ങളല്ല, വ്യക്തികളെയാണ് മാതൃകയാക്കുന്നതെന്നും ഇത് രാഷ്ട്രീയക്കാരുടെ മഹത്വം ഇല്ലാതാക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ ആഹ്വാനിക്കുന്ന ഗാന്ധിജിയെ പോലെയുള്ളവരെ രാഷ്ട്രീയക്കാര്‍ മാതൃകയാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കേവലം വ്യക്തിയിലേക്ക് മാത്രം മാതൃക ചുരുങ്ങുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനം ജനങ്ങളിലേക്കെത്തില്ലയെന്നും സ്വന്തം വ്യക്തിപ്രഭാവത്തിന് മാത്രം ശ്രദ്ധിക്കുന്ന അവര്‍ അത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒ.എന്‍.വി സൂര്യതേജസ്സോടെ എന്ന പുസ്തകം താന്‍ തയ്യാറാക്കിയത് ഒ.എന്‍.വിയുടെ ജീവിത ചരിത്രമായോ കാവ്യങ്ങളെക്കുറിച്ചുള്ള പഠനമായോ അല്ല, മറിച്ച് ആരാധകന്റെ ഓര്‍മ്മകളും കൃതികളെ പറ്റിയുള്ള ആസ്വാദനവുമാണ് തന്റെ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ രാഷ്ട്രീയമുള്ള മലയാളത്തിലെ മികച്ച കവിയായിരുന്നു ഒ.എന്‍.വി. മനുഷ്യനോട് അടുത്ത് നില്ക്കുന്ന ഏതൊരു ഭാവവും ഒ.എന്‍.വിയുടെ കവിതകളിലുണ്ടായിരുന്നു. ജീവിതാവസാനം വരെ കവിയായി നില കൊണ്ട ആദ്ദേഹം സിനിമയില്‍ ഗാനങ്ങള്‍ എഴുതിയപ്പോഴും കവിത്വം അതില്‍ സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments