കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം എന്ന് വിശ്വസിക്കുന്നവരെ ഇന്ന് കണ്ടെത്താന്‍ പാടാണ്. കുട്ടികളെ ലൈംഗികമായും അല്ലാതെയും ചൂഷണം ചെയ്ത്, നാളത്തെ പൌരന്മാരാകേണ്ടവരെ നശിപ്പിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് ഇന്ന് സമൂഹത്തില്‍ നില നില്‍ക്കുന്നത്. അവിടെ വ്യത്യസ്തനായ ഒരാള്‍ ഉണ്ട്. കുട്ടികള്‍ തന്‍റെ മതമായും ദൈവമായും കാണുന്ന ഒരാള്‍.
”ഞാന്‍ മതവിശ്വാസിയല്ല. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഒരമ്പലത്തിലും പള്ളിയിലും പോയിട്ടില്ല. ഞാന്‍ അമ്പലങ്ങളില്‍ ആരാധന നടത്താറില്ല. കാരണം ഞാന്‍ കുട്ടികളെയാണ് ആരാധിക്കുന്നത്: അവര്‍ക്ക് സ്വാതന്ത്ര്യവും ബാല്യവും നല്‍കിക്കൊണ്ട്. അവരാണു ദൈവത്തിന്റെ മുഖങ്ങള്‍. അതാണ് എന്റെ കരുത്ത്.” ഈ വാക്കുകള്‍ നമ്മള്‍ മറക്കാന്‍ ഇടയില്ല.
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മലാല യൂസുഫ്‌സായിക്കൊപ്പം പങ്കിട്ട കൈലാഷ് സത്യാര്‍ഥിയുടെ വാക്കുകളാണിവ. വാക്കും പ്രവര്‍ത്തിയും സാധൂകരിക്കുന്ന അപൂര്‍വ്വം ചില വ്യക്തികള്‍ നമുക്കുണ്ട്. അവരില്‍ ഒരാളാണ് കൈലാഷ് സത്യാര്‍ഥി. കൈലാഷ് സത്യാര്‍ഥിയുടെ ജീവിതകഥ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്ന പുസ്തകമാണ് പത്രപ്രവര്‍ത്തകനായ ബിജീഷ് ബാലകൃഷ്ണന്‍ രചിച്ച കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം.
പതിനായിരക്കണക്കിന് കുട്ടികളുടെ ജീവിതം വഴിമാറിയൊഴുകിയതിന്റെ കഥ കൂടിയാണ് ഈ പുസ്തകം. ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന സംഘടനയെയും കൈലാഷ് സത്യാര്‍ഥിയെയും കുറിച്ച് ഇന്ത്യാക്കാര്‍ അറിഞ്ഞുതുടങ്ങിയത് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന്റെ പേരിലാണ്. ആ സമയം ഒരുപാട് വിമര്‍ശനങ്ങള്‍ അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തു. പരിമിതമായ ആള്‍ബലവും സാമ്പത്തികശേഷിയും ഉപയോഗിച്ചാണെങ്കിലും പെറുവിലെ കരിങ്കല്‍മേടകളിലേക്കും ഐവറി കോസ്റ്റിലെ കൊക്കോത്തോട്ടങ്ങളിലേക്കും വരെ വിമോചനത്തിന്റെ കൈകള്‍ നീട്ടാന്‍ കൈലാഷ് സത്യാര്‍ഥിയ്ക്കു കഴിഞ്ഞു. ലോകത്തെ കാര്‍ന്നു തിന്നുന്ന ബാലവേലക്കും ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും എതിരെയുള്ള അദ്ദേഹത്തിന്‍റെ പോരാട്ട ജീവിതം മനസിലാക്കാന്‍ ഈ പുസ്തകം സഹായിക്കുന്നു.
മലയാളമനോരമ പത്രാധിപ സമിതിയംഗമായ ബിജീഷ് ബാലകൃഷ്ണനാണ് കൈലാഷ് സത്യാര്‍ഥിയുടെ ജീവിതകഥ രചിച്ചിരിക്കുന്നത്. മലാലയുടെ ജീവിതകഥ പറഞ്ഞ അവര്‍ എന്നെ കൊന്നോട്ടെ: വിദ്യാഭ്യാസം ഞങ്ങളുടെ അവകാശം, ഫറാ ബക്കര്‍: മറ്റൊരു യുദ്ധത്തിനു സാക്ഷിയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നിവ അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയ പുസ്തകങ്ങളാണ്.
Post Your Comments