33–മത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള 18 മുതല്‍ 27 വരെ വിവിധ സാംസ്‌കാരിക പരിപാടികളോടെ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും. മഹാത്മാഗാന്ധി സര്‍വകലാശാല, ജില്ലാഭരണകൂടം, നഗരസഭ, കോട്ടയം ജില്ലാപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പുസ്തകമേള നവംബര്‍ 18ന് വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. സാഹിത്യനിരൂപകന്‍ എം. കെ. സാനു മുഖ്യാതിഥിയായിരിക്കും. മഹാത്മാഗാന്ധി സര്‍വകലാശാല ഏര്‍പ്പെടുത്തിയ ദേശീയ പുസ്തക അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിക്കും.
സാഹിത്യ സംവാദങ്ങള്‍, സെമിനാറുകള്‍, പ്രശസ്ത സാഹിത്യ സാംസ്‌കാരിക നേതാക്കളുമായുള്ള അഭിമുഖങ്ങള്‍, ചര്‍ച്ചകള്‍, സിംപോസിയങ്ങള്‍ എന്നിവയും പുസ്തകമേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പ്രമുഖ പ്രസാധകരുടെ പുസ്തക പ്രകാശനങ്ങള്‍, സാഹിത്യകാരന്മാര്‍ സ്വന്തം കൃതികളില്‍ കൈയ്യൊപ്പു നല്‍കുന്ന പ്രത്യേക പരിപാടികള്‍, പുസ്തക ചര്‍ച്ചകള്‍, വിദ്യാര്‍ഥികള്‍ക്കായുള്ള വിവിധതരം മത്സരങ്ങള്‍, കാര്‍ട്ടൂണ്‍ ശില്‍പശാലകള്‍, ഫോട്ടോപ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടര്‍ സി.എ. ലത, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്,സിഎംഐ കോട്ടയം സെന്റ് ജോസഫ്‌സ് പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോര്‍ജ് ഇടയാടിയില്‍,ദര്‍ശന ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍, ഫാ. തോമസ് പുതുശേരി, തേക്കിന്‍കാട് ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കടുത്ത് സംസാരിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള 200ലധികം പ്രമുഖ പ്രസാധകരുടെ പങ്കാളിത്തമാണുള്ള പുസ്തകമേള നവംബര്‍ 27ന് സമാപിക്കും.
Post Your Comments