ഗുരുവായൂര്‍ ദേശത്തിന്റെ വിഭിന്ന ഭാവങ്ങള്‍ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് ഉണ്ണികൃഷ്ണന് പുതൂര്‍. അദ്ദേഹത്തിന്റെ ആനപ്പക എന്ന നോവല്‍ പ്രസിദ്ധീകരണത്തിന്റെ 40 വര്‍ഷം പിന്നിടുന്നു.
ഗുരുവായൂരിലെ മനുഷ്യരുടെ കാമവും രതിയും ഭക്തിയും ഇഴ ചേര്‍ന്ന് രചിച്ച ആനപ്പക മനുഷ്യ മനസുകളുടെ ചഞ്ചല ഭാവത്തെ ചിത്രീകരിക്കുന്നു. രൂപത്തില്‍ വലുപ്പമുള്ള നോവല്‍ എന്നതിനും അപ്പുറം മനുഷ്യ ജീവിതങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങുന്ന അര്‍ത്ഥ വ്യാപ്തി ഉള്ള നോവല്‍ എന്ന വിശേഷണമാണ് ഈ നോവലിന് പൂര്‍ണത നല്‍കുന്നത്.
1976 ല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആനപ്പക നോവല്‍ 1973 ജൂണ്‍ മുതല്‍ 1975 വരെ കുങ്കുമം വാരികയില്‍ ഖണ്ടശ്ശ പ്രസിദ്ധീകരിച്ചു. ഏകദേശം രണ്ടു വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ അക്കാലത്ത് ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ഏറ്റവും പ്രധാനമായും ഉന്നയിക്കപ്പെട്ട വിമര്‍ശനം നോവല്‍ വലുത് ആയി പോകുന്നു എന്നതാണ്. അതുപോലെ വിവരണാത്മകമായ ഭാഷാ ശൈലിയും. എന്നാല്‍ ഈ എഴുത്ത് രീതി എഴുത്തുകാരന്റെ ശൈലി ആണെന്ന് അംഗീകരിച്ച കുങ്കുമം പത്രാധിപര്‍ പി സി കുട്ടികൃഷ്ണന് എഴുത്തിനു പൂര്‍ണ പിന്തുണ നല്കി.
കഞ്ചാവിനും മദ്യത്തിനും അടിമയായ ആനക്കാരന് അമ്മുണ്ണി നായര്‍, സാത്വിക പ്രണയത്തിന്റെ ഭാവമായ് മാറിയ പാറുക്കുട്ടി ഇവരെല്ലാം ചേര്‍ന്ന നോവല്‍ ജീവിതത്തിന്റെ ചെറിയ ചെറിയ ഭാവങ്ങള്‍ക്ക് പോലും തീവ്രമായ അര്‍ത്ഥതലം കൊടുക്കുന്നു.
ആധുനികതയുടെ ആഖ്യാന ശൈലികള്‍ മലയാള നോവലില്‍ കടന്നു വരികയും ഖസാക്കിന്റെ ഇതിഹാസം പോലുള്ള രചനകള്‍ ചര്‍ച്ച ആകുകയും ചയ്ത കാലത്താണ് ഒരു ദേശത്തിലെ ജനങ്ങളുടെ ജീവിതം ലളിതമായ ഭാഷയും വിവരണാത്മകമായും ഉണ്ണികൃഷ്ണന് പുതൂര്‍ അവതരിപ്പിച്ചത്. ആഖ്യാന രീതികൊണ്ട് വ്യത്യസ്തമായ് നില്ക്കുന്ന ഈ നോവല്‍ ഇന്നും വായനക്കാരന്റെ ആസ്വാദനത്തിനു മങ്ങലേല്‍പ്പിക്കാതെ നിലകൊള്ളുന്നു.
Post Your Comments